പിതാവിനെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും പിഴയും
text_fieldsകൊല്ലപ്പെട്ട രാജപ്പൻ നായർ, പ്രതി രാജേഷ്
തിരുവനന്തപുരം: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഉളിയാഴത്തറ വട്ടക്കരിക്കകം ജങ്ഷന് സമീപം താമസിച്ചിരുന്ന രാജൻ എന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിൽ മകൻ അരുവിക്കോണം ചിറ്റൂർ പൊയ്ക വീട്ടിൽ നിന്നും പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളാകത്ത് വീട്ടിൽ ജയസൂര്യ എന്ന രാജേഷിനെ (40)യാണ് തിരുവനന്തപുരം ഫസ്റ്റ് അഡിഷനൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ശിക്ഷിച്ചത്. 2015 ആഗസ്റ്റ് ആറിന് രാത്രി എട്ടിനാണ് സംഭവം.
ചെമ്പഴന്തി അഗ്രികൾചർ ഇംപ്രൂവ്മെന്റ് കോർപറേറ്റ് സൊസൈറ്റി ഞാണ്ടൂർക്കോണം ബ്രാഞ്ചിൽ പണയപ്പെടുത്തി കിട്ടിയ 15,000 രൂപയിൽ നിന്നും പ്രതിക്ക് കൊടുത്ത വിഹിതം കുറഞ്ഞു പോയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിന്റെ മുറ്റത്തോട് ചേർന്നുള്ള റബ്ബർ പുരയിടത്തിൽവെച്ച് റബ്ബർ കമ്പു കൊണ്ട് രാജപ്പൻ നായരെ രാജേഷ് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രാജപ്പൻ നായർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. തലയിലും വാരി എല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.40 ഓടെ മരിച്ചു. തലക്ക് ഏറ്റ മുറിവാണ് മരണ കാരണം. ദൃക്സാക്ഷികളായ പ്രതിയുടെ മാതാവ് കൂറു മാറുകയും, സഹോദരൻ ഭാഗികമായി പ്രോസിക്യൂഷനെ പിന്തുണക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

