നവജാത ശിശുവിനെ 3.5 ലക്ഷം രൂപക്ക് വിൽക്കാൻ ശ്രമിച്ച യുവതി പിടിയിൽ
text_fieldsrepresentational image
ന്യൂഡൽഹി: നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വിൽക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. നാഷനൽ കമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നടത്തിയ ഓപറേഷനിലാണ് പ്രിയങ്കയെന്ന യുവതി പിടിയിലായത്. രക്ഷപെടുത്തിയ കുട്ടിയെ ചിൽഡ്രൻസ് ഹോമിലാക്കി.
എൻ.സി.പി.സി.ആർ അധ്യക്ഷൻ പ്രിയാങ്ക് കനൂങ്കോയാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ യുവതിയുമായി ബന്ധപ്പെട്ടത്. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരൻ എന്നാണ് പ്രിയാങ്ക് പരിചയപ്പെടുത്തിയത്. പ്രിയാങ്കിന്‍റെ ഔദ്യോഗിക മൊബൈലിൽ വിളിച്ച യുവതി പെൺകുട്ടിെയ മൂന്നര ലക്ഷം രൂപക്ക് വിൽക്കാമെന്ന് അറിയിക്കുകയായിരുന്നു. മുൻകൂറായി 25000 രൂപ നൽകണമെന്ന് അവർ അറിയിച്ചു. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നൽകിയാൽ മതിയെന്നാണ് യുവതി പറഞ്ഞത്.
പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തിൽ എത്താനാണ് യുവതി പ്രിയാങ്കിനോട് ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിൾ പേ അക്കൗണ്ട് വിവരങ്ങളും കൈമാറി. ഡൽഹി പൊലീസ് സംഘത്തിനൊപ്പമാണ് പ്രിയാങ്ക് സ്ഥലത്തെത്തിയത്.
അൽപസമയത്തിന് ശേഷം പ്രിയങ്ക കുട്ടിയുമായി ക്ഷേത്രത്തിലെത്തി. പ്രിയാങ്കിനോട് മുൻകൂറായി നൽകാമെന്ന് പറഞ്ഞ 25000 രൂപ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രതിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും അനുബന്ധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. കൃത്രിമ ഗർഭധാരണത്തിനായി പ്രവർത്തിക്കുന്ന ഒരു ഡയഗനോസ്റ്റിക് സെന്‍ററിലെ ഏജന്‍റാണ് താനെന്ന് പ്രിയങ്ക ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.