കാറിൽ എം.ഡി.എം.എ കടത്ത്; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
തലശ്ശേരി: കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികളായ രണ്ട് യുവാക്കളെ തലശ്ശേരിയിൽ പൊലീസ് പിടികൂടി. കുറ്റ്യാടി മരുതോങ്കരയിലെ പുളിക്കൽ വീട്ടിൽ പി.എം. നബീൽ (34), അടുക്കത്ത് തൈയ്യാർക്കണ്ടി വീട്ടിൽ ടി.കെ. അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്റ്റേഷൻ പരിധിയിലെ സൈദാർ പള്ളിക്കടുത്ത് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.
ഇവരിൽനിന്ന് 85.005 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ബംഗളൂരുവിൽ നിന്നാണ് വിൽപനക്കായി എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ലഹരി ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എ.എസ്.ഐ രാജീവൻ, സി.പി.ഒമാരായ നസീൽ, ശ്യാമേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

