മുളകുപൊടി വിതറി വീട്ടിൽനിന്ന് ഒന്നര ലക്ഷം കവർന്നു
text_fieldsമോഷണം നടന്ന വീട്ടിൽ
തെളിവെടുപ്പ് നടത്തുന്നു
വെള്ളറട: ആളില്ലാതിരുന്ന വീട്ടില്‍ രാത്രിയില്‍ മുളകുപൊടി വിതറി കവര്‍ച്ച. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ കവര്‍ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടില്‍ ലൈല ബീവിയുടെ (65) വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈല ബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലര്‍ച്ച വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. അലമാരയില്‍ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് കവര്‍ന്നത്.
കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പിറകുവശത്തുള്ള റബര്‍ മരത്തില്‍ കയറി അതുവഴി ഓട് ഇളക്കിയാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്നത്. മോഷ്ടാവ് നടന്ന സ്ഥലങ്ങളിലെല്ലാം ധാരാളമായി മുളകുപൊടി വിതറിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ട് ചിത്ര ദേവി, സബ് ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ഉണ്ണിക്കൃഷ്ണന്, മണിക്കുട്ടന്, സി.പി.ഒമാരായ അജി, സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

