മാതാവിനെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിവെച്ച് മകൻ ജീവനൊടുക്കി
text_fieldsന്യൂഡൽഹി: മാതാവിനെ കൊലപ്പെടുത്തി 77 പേജുള്ള ആത്മഹത്യ കുറിപ്പെഴുതിവെച്ച് ദിവസങ്ങൾക്ക് ശേഷം മകനും ആത്മഹത്യ ചെയ്തു. ഡൽഹി രോഹിണിയിലാണ് സംഭവം. ക്ഷിതിജ് എന്നയാളാണ് വിധവയായ മാതാവ് മിഥിലേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് മാതാവ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മകൻ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രധാന വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ബാൽക്കണിവഴി വീടിനുള്ളിൽ കയറിയപ്പോഴാണ് ചുറ്റും രക്തം പുരണ്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം ശുചിമുറിയിലും കണ്ടെത്തുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രണവ് തയാൽ പറഞ്ഞു.
ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പും വീട്ടിൽനിന്ന് കണ്ടെത്തി. കുറിപ്പിൽ, ക്ഷിതിജ് വിഷാദത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും താൻ തൊഴിൽരഹിതനായതിനാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി കുറിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

