സ്വിസ് വനിതയുടെ കൊലപാതകം; പ്രതിയുടെ അക്കൗണ്ടിലെ കോടികളെ കുറിച്ചും മനുഷ്യക്കടത്ത് സാധ്യതയെ കുറിച്ചും അന്വേഷണം
text_fieldsന്യഡൽഹി: ഡൽഹിയിൽ സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയ കോടികളുടെ ഉറവിടത്തെ കുറിച്ച് ഡൽഹി പൊലീസ് അന്വേഷിക്കുന്നു. പ്രതിയായ ഗുർപ്രീത് സിങ്ങിന്റെ (33) വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ നിരവധി കോടികളാണ് കണ്ടെത്തിയത്. ഇതെല്ലാം ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടുകളായതിനാൽ കള്ളപ്പണമാകാൻ വഴിയില്ലെന്നും പൊലീസ് പറയുന്നു.
പണത്തിന്റെ ഉറവിടം കണ്ടെത്താൻ ആദായ നികുതി ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗുർപ്രീത് സിങ് ജനക്പുരി സ്വദേശിയാണ്. 2021 ൽ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് തന്റെ ബന്ധുക്കളെ കാണാൻ പോകുന്നതിനിടെ ഒരു ഡേറ്റിംഗ് ആപ്പിൽ ലീന ബെർഗറിനെ കണ്ടുമുട്ടിയത്. ലീനയോട് ഇയാൾ നിരവധി തവണ വിവാഹാഭ്യർഥന നടത്തി. ഡേറ്റിങ് തുടർന്നിട്ടും ഗുർപ്രീത് സിങ്ങിന്റെ വിവാഹാഭ്യർഥന നീന സ്വകരിച്ചില്ല. തുടർന്ന് ലീനക്ക് അവിഹിത ബന്ധമുണ്ടെന്ന് ഗുർപ്രീത് സിങ് സംശയിച്ചു. അങ്ങനെയാണ് ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി കൊല്ലാൻ പദ്ധതിയിട്ടത്.
ഒക്ടോബർ 18ന് പടിഞ്ഞാറൻ ഡൽഹിയിലെ എം.സി.ഡി സ്‌കൂളിന് സമീപമാണ് സ്വിസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം തലപ്പാവ് ധരിച്ചയാളും വെളുത്ത നിറത്തിലുള്ള കാറും ഉള്ളത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതി ഓരോ തവണയും ചോദ്യം ചെയ്യുന്നതിനിടെ മൊഴിമാറ്റിക്കൊണ്ടിരിക്കുന്നത് പൊലീസിനെ വലക്കുന്നുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
യുവതിയുടെ കൈകാലുകൾ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയുപേക്ഷിക്കുകയായിരുന്നു പ്രതി. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച സാൻട്രോ കാർ ലൈംഗികത്തൊഴിലാളിയായ മറ്റൊരു യുവതിയുടെ പേരിലാണ് ഗുർപ്രീത് സിങ് വാങ്ങിയത്. ഇയാൾ ഉപയോഗിച്ചിരുന്ന നാനോ കാറും മറ്റൊരാളുടെ പേരിലാണ്. ഇയാൾക്കായും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുർപ്രീത് സിങ് നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
അതിനിടെ, കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ ഇയാൾക്ക് മനുഷ്യക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോ എന്നതിലേക്കും സംശയം ജനിപ്പിച്ചിട്ടുണ്ട്. നിരവധി പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു യുവതിയുടെ ശരീരത്തിൽ. മനുഷ്യക്കടത്ത് സംഘം ആളുകളെ ഉപദ്രവിക്കുന്നത് ഈ രീതിയിലാണ്. പ്രതിക്ക് 12ഓളം വിദേശവനിതകളുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

