യു.കെ.ജി മുതൽ വർഷങ്ങളോളം ലൈംഗീകാതിക്രമം; പ്രതിക്ക് 70 വർഷം കഠിനംതടവ്
text_fieldsകല്ലമ്പലം: ഒമ്പതു വയസ്സുകാരനെ വർഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റൂർ ശ്രീനാരായണപുരം ഞെക്കാട് ജെ.എസ്. മന്ദിരത്തിൽ ജയിൻ (28) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ യു.കെ.ജിയിൽ പഠിക്കുന്ന കാലം മുതൽ 9 വയസുകാരനായ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലാണ് വിധി. കേസിൽ വിധി പ്രസ്താവിക്കാനിരിക്കെ പ്രതി ഒളിവിൽപ്പോയിരുന്നു. തുടർന്ന് കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 70 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി വിധി. പിഴ അടയ്ക്കാത്തപക്ഷം അധിക തടവും അനുഭവിക്കണം.
പിഴത്തുകയിൽ നിന്ന് ഒരുലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐമാരായ വി.സി.വിനോദ്കുമാർ, എം.രാജേഷ് എന്നിവർ കേസെടുത്ത് പ്രാഥമിക നടപടികൾ സ്വീകരിച്ച കേസിൽ പൊലീസ് ഇൻസ്പെക്ടർമാരായ അനൂപ് ആർ.ചന്ദ്രൻ, ഐ.ഫറോസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ പ്രിയ ജി.വി. പ്രോസിക്യൂഷൻ നടപടികൾക്ക് സഹായിയായി പ്രവർത്തിച്ചു.

