ഓൺലൈൻ ജോലി; യുവതിയുടെ അഞ്ചുലക്ഷം തട്ടിയ ഡൽഹി സ്വദേശികൾ പിടിയിൽ
text_fieldsബൽരാജ് കുമാർ, രവികാന്ത് കുമാർ
കൽപറ്റ: ഓൺലൈൻ വഴി ജോലിവാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശികളെ വയനാട് സൈബർ പൊലീസ് പിടികൂടി. ദുബൈയിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പുൽപള്ളി സ്വദേശിനിയിൽനിന്ന് പണം തട്ടിയവരെയാണ് ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്ന് പിടികൂടിയത്. ഡൽഹി ഉത്തംനഗർ സ്വദേശി ബൽരാജ് കുമാർ വർമ (43), ബിഹാർ സ്വദേശി നിലവിൽ ഡൽഹി തിലക് നഗറിൽ താമസിക്കുന്ന രവികാന്ത് കുമാർ (33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാർച്ചിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓൺലൈൻ ജോബ് വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന്, യുവതിയെ ബന്ധപ്പെട്ട തട്ടിപ്പുസംഘം അവരുടെ വ്യാജ ജോബ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ഫീസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞാണ് തവണകളായി പണം വാങ്ങിയത്.
യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പണം വാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ ബിഹാറിലും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോൺ നമ്പറുകൾ ഡൽഹിയിലും ആണെന്ന് സൈബർ പൊലീസ് കണ്ടെത്തി. ആറു മാസത്തെ വിശദ അന്വേഷത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
സിം കാർഡുകൾ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും തട്ടിപ്പുകാർ തിരിച്ചറിയൽ രേഖകളിലെ മേൽവിലാസം വ്യാപകമായി തിരുത്തുന്നതായി അന്വേഷണത്തിൽ മനസ്സിലായി. തുടർന്ന് തട്ടിപ്പുസംഘത്തിന് മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചുനൽകുന്ന ബൽരാജ് കുമാർ വർമയെ പിടികൂടി. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.സി.എ ബിരുദധാരിയുമായ രവികാന്ത് കുമാറിനെ അറസ്റ്റുചെയ്തത്. തുടർന്ന് ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് വാറൻറ് വാങ്ങി കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വയനാട് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എ. അബ്ദുൽ സലാം, അബ്ദുൽ ഷുക്കൂർ, എം.എസ്. റിയാസ്, സിവിൽ പൊലീസ് ഓഫിസർമാരായ ജിസൺ ജോർജ്, റിജോ ഫെർണാണ്ടസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ആധികാരികത പരിശോധിക്കണം -പൊലീസ് മേധാവി
കൽപറ്റ: ജോബ് വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾ ജോലി വാഗ്ദാനം ചെയ്ത് സമീപിക്കുന്ന തൊഴിൽദാതാക്കളെ കുറിച്ച് യഥാർഥ വെബ്സൈറ്റിൽ നിന്നോ നേരിട്ടോ ആധികാരികത പരിശോധിക്കണമെന്ന് വയനാട് ജില്ല പൊലീസ് മേധാവി പദം സിങ് അറിയിച്ചു.
ഒരു അംഗീകൃത സ്ഥാപനവും ഒ.ടി.പി, വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ, വലിയ തുകയായി രജിസ്ട്രേഷൻ ഫീസ് എന്നിവ വാങ്ങാറില്ല. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വൈബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

