കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷത്തിനുശേഷം പിടിയിൽ
text_fieldsഷിജു
കഴക്കൂട്ടം: രണ്ടു കൊലപാതകക്കേസുകളിൽ ജയിലിൽ കിടന്നശേഷം ജാമ്യമെടുത്ത് വിദേശത്തേക്ക് പോയ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. മെഡിക്കൽ കോളജ് മുറിഞ്ഞപാലം സ്വദേശിയും മെഡിക്കൽ കോളജ് റൗഡി ലിസ്റ്റിൽപ്പെട്ട ഷിജുവിനെയാണ് (39) പൊലീസ് പിടികൂടിയത്.
2007 ലും 2009 ലും മെഡിക്കൽ കോളജ്, കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് കൊലക്കേസുകളിൽ ജാമ്യത്തിലിറങ്ങിയശേഷം കുവൈറ്റിലേക്ക് മുങ്ങുകയായിരുന്നു. 2007 ൽ മെഡിക്കൽ കോളജ് അനീഷ് വധക്കേസിലും, 2009 ൽ കഴക്കൂട്ടം സുൽഫിക്കർ വധക്കേസിലും പ്രതിയാണ്.
സുൽഫിക്കർ വധത്തിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. പിന്നീട് പ്രതിയായ ഷിജുവിനെപറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഷിജുവിന്റെ പാസ്പോർട്ട് നമ്പർ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇയാളുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞ വിവരം പോലീസിന് ലഭിച്ചു. തുടർന്ന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോഴാണ് പിടിയിലാവുന്നത്.
പ്രതിയെ കഴക്കൂട്ടം പൊലീസിന് കൈമാറി. ഷിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം പൊലീസിന്റെ നടപടിക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളജ് പോലീസും ഷിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

