ഫുട്ബാൾ മത്സരത്തെചൊല്ലിയുള്ള കൊലപാതം; കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫുട്ബാള്‍ മത്സരത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന തൈക്കാട് അരിസ്റ്റോ ജങ്ഷനിൽ തോപ്പിൽ സ്വദേശി അലനെ (18) കുത്തിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് ജഗതി പാലത്തിന് സമീപം പ്രതികൾ തമ്പടിക്കാറുള്ള ഷെഡിന് സമീപത്ത്നിന്ന് കത്തി കണ്ടെത്തിയത്. കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചു.
ആയുധം വാങ്ങിയ തകരപ്പറമ്പിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. കത്തി ഫോറൻസിക് പരിശോധനക്ക് അയച്ചു. നേരത്തെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും ആയുധം കണ്ടെത്താനായില്ല. ആയുധം കണ്ടെത്തിയാൽ കേസിൽ തിരിച്ചടിയാകുമെന്ന് അറിയാവുന്ന പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയത്.
കത്തി ആഴിമല ഭാഗത്ത് കടലിൽ ഉപേക്ഷിച്ചെന്നായിരുന്നു ആദ്യമൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുമായി ചേർന്നു നടത്തിയ ശ്രമം വിഫലമായി. ഇതിനിടെ ഒളിവിൽ കഴിഞ്ഞ ആഴകം എന്ന സ്ഥലത്തെ ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിച്ചതായി മൊഴിനൽകി. ബോംബ് സ്ക്വാഡ് അടക്കമുള്ളവരെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല.
പിന്നീട് നെടുമങ്ങാട് ആര്യനാടുള്ള സുഹൃത്തിന്‍റെ വീട്ടില്‍ ഒളിപ്പിച്ചെന്നാണ് പ്രതികള്‍ പറഞ്ഞത്. അവിടെയും പരിശോധന നടത്തിയെങ്കിലും കത്തി ലഭിച്ചില്ല. പ്രതികളുമായി മലയിൻകീഴ്, ജഗതി, കാട്ടാക്കട, വിഴിഞ്ഞം എന്നീ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആയുധവും വസ്ത്രവും പ്രതികളെ ഒളിവിൽകഴിയാൻ സഹായിച്ചവരെയും കണ്ടെത്താനായില്ല. തുടർന്നാണ് രണ്ടാമതും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതും ആയുധം കണ്ടെത്തിയതും.
കേസിലെ ഒന്നാം പ്രതിയും കാപ്പ കേസിലുള്‍പ്പെട്ട പ്രതിയുമായ ജഗതി സ്വദേശി അജിൻ എന്ന ജോബിയാണ് അലനെ കുത്തിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതികളെ ഉടൻ റിമാൻഡ് ചെയ്യും. പുറത്ത്നിന്ന് ക്രിമിനൽ സംഘത്തെ കൊണ്ടു വന്ന പതിനാറുകാരനെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.
ജഗതി സന്ദീപ് ഭവനിൽ അഭിജിത് എന്ന അപ്പു, നെടുമങ്ങാട് പന്നിയോട് കലവുപാറ ചരുവിള വീട്ടിൽ അഖിൽലാൽ എന്ന ആരോൺ, ജഗതി എസ്.കെ നഗർ സന്ദീപ് ഭവനിൽ സന്ദീപ്, കുന്നുകുഴി തേക്കുംമൂട് ആനാടിയിൽ ആശുപത്രിക്കു സമീപം എസ്. അഖിലേഷ്, ജഗതി സ്വദേശി കിരൺ എന്ന ചക്കുമോൻ, വലിയവിള സ്വദേശി നന്ദു എന്ന ജോക്കി എന്നിവകാണ് കേസിലെ മറ്റു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

