എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയുമടക്കം ഏഴുപേർ പിടിയിൽ; തിരുവനന്തപുരത്ത് വൻ ലഹരിവേട്ട
text_fieldsതിരുവനന്തപുരം: പുതുവത്സരത്തലേന്ന് തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. എ.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയും ഏഴുപേരാണ് പിടിയിലായത്. കിഴക്കേ കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ(34), പാലോട് സ്വദേശി അൻസിയ(37)കൊട്ടാരക്കര സ്വദേശിനിയും ബി.ഡി.എസ് വിദ്യാർഥിനിയുമായ ഹലീന(27), കൊല്ലം ആയൂർ സ്വദേശിയും ഐ.ടി ജീവനക്കാരനുമായ അവിനാശ്(29), കൊല്ലം ഇളമാട് സ്വദേശ് ഹരീഷ്(29),നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29 ), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരാണ് പിടിയിലായത്.
അസീമും അജിത്തും അൻസിയയും നിരവധി ലഹരിക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് ലഹരിമരുന്ന് വിതരണം ചെയ്ത് മടങ്ങുകയായിരുന്നു സംഘം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘങ്ങളുടെ പരിശോധന. ഇവരിൽ നിന്ന് നാലു ഗ്രാം എം.ഡി.എം.എ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംഘത്തിന്റെ രണ്ട് കാറുകളും രണ്ട് ബൈക്കുകളും 10 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

