ബിരിയാണിയിൽ മുട്ടയും പപ്പടവുമില്ലെന്ന് ആരോപണം; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദ്ദനം
text_fieldsതൃശൂർ: ബിരിയാണിയിൽ മുട്ടയും പപ്പടവുമില്ലെന്ന് ആരോപിച്ച് ഹോട്ടലുടമകളായ ദമ്പതികളെ യുവാവ് മർദ്ദിച്ചതായി പരാതി. കുന്നംകുളം ചൂണ്ടലിൽ ഹോട്ടൽ നടത്തുന്ന ദമ്പതികളെയാണ് യുവാവ് ആക്രമിച്ചത്. ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവർക്ക് പരിക്കേറ്റു. ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് അക്രമസംഭവങ്ങളുണ്ടായത്. കടയിലെത്തിയ യുവാവ് ബിരിയാണി നൽകാൻ ആവശ്യപ്പെട്ടു. ബിരിയാണി നൽകിയപ്പോൾ അതിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞു. ഇതോടെ ദിവ്യ പപ്പടവും കോഴിമുട്ടയും നൽകി. അതിനുശേഷം കൈ കഴുകുന്ന സ്ഥലത്തിന് വൃത്തിയില്ലെന്ന പരാതിയും യുവാവ് ഉന്നയിച്ചു. ഇതോടെ ദിവ്യയും യുവാവുമായി വാക്കുതർക്കമുണ്ടായി. അതിനിടെ യുവാവ് ദിവ്യയുടെ മുഖത്തടിച്ചു.
സുധി ഇത് ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ എത്തിയ സുധിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. ഹോട്ടലിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് സുധിയെ ആക്രമിച്ചത്. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
സുധിയുടെ തലയിൽ ആഴത്തിൽ പരുക്കേറ്റതിനെത്തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ എട്ടോളം തുന്നലുകളുണ്ട്. ചൂണ്ടൽ പുതുശ്ശേരി സ്വദേശിയാണ് മർദ്ദിച്ചതെന്നാരോപിച്ച് ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

