ഓൺലൈൻ ചൂതാട്ടത്തിനിറങ്ങി കടക്കാരനായി; മാല മോഷണത്തിനിറങ്ങിയ പഞ്ചനക്ഷത്ര ഹോട്ടൽ ഷെഫ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്പ്പെട്ടതിനെ തുടർന്ന് കടംവീട്ടാനായി മാലമോഷണത്തിനിറങ്ങിയ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫിനെ അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹി പ്രദേശത്ത് 15ലേറെ മാലപൊട്ടിക്കൽ കേസിൽ ഹരീഷ് ലാൽ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി ഉടമയായ രാജേന്ദർ അഗർവാളും അറസ്റ്റിലായിട്ടുണ്ട്.
'2006 ൽ ഡൽഹി യൂനിവേഴ്സിറ്റി സൗത്ത് കാമ്പസിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഹരീഷ് പൂസയിൽ നിന്ന് മൂന്ന് വർഷത്തെ ഹോട്ടൽ മാനേജ്മെന്‍റ് ബിരുദ കോഴ്സ് പൂർത്തിയാക്കി. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ ഒബ്റോയ് ഹോട്ടലിൽ ഷെഫ് ആയി ജോലിയിൽ കയറി. എന്നാൽ രണ്ട് വർഷം മുമ്പ് ഓൺലൈൻ ആപ്പുകൾ വഴി ചൂതാട്ടം നടത്തി വൻതുകയുടെ കടം വരുത്തി' -ഡി.സി.പി അതുൽ കുമാർ ഠാക്കൂർ പറഞ്ഞു.
'കടങ്ങൾ തീർക്കാനായാണ് എം.ബി റോഡിലെ സാകേത് മെട്രോ സ്റ്റേഷനും അംബേദ്കർ നഗർ ബസ് സ്റ്റാൻഡിനും സമീപത്ത് ദുർബലരായ ആളുകളിൽ നിന്ന് വിലയേറിയ വസ്തുക്കൾ തട്ടിപ്പറിക്കാൻ തീരുമാനിച്ചത്. രാവിലെയും വൈകുന്നേരവുമായിരുന്നു മോഷണത്തിനായി തെരഞ്ഞെടുത്തത്. മെലിഞ്ഞ ശരീരപ്രകൃതവും പരിശീലനം ലഭിച്ച ഒരു അത്ലറ്റിനെപ്പോലെ ഓടുകയും ചെയ്യുന്നത് അവന് ഗുണമായി. ഒറ്റക്കായിരുന്നു ഹരീഷ് പിടിച്ചുപറി നടത്തിയിരുന്നത്' -ഠാക്കൂർ പറഞ്ഞു.
പ്രഭാത നടത്തത്തിനിറങ്ങുകയും ജോലി കഴിഞ്ഞ് പോകുകയും ചെയ്യുന്ന സ്ത്രീകളെയാണയിരുന്നു പ്രതി ഉന്നമിട്ടിരുന്നത്. 200 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസിന് കേസിൽ തുമ്പ് ലഭിച്ചത്.