വീട് കുത്തിത്തുറന്ന് കവർച്ച; ക്ഷേത്രംവക സ്വർണവും പണവും നഷ്ടപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
കല്ലമ്പലം: വീട് കുത്തിത്തുറന്ന് കവർച്ച; ക്ഷേത്രം വക സ്വർണവും പണവും നഷ്ടപ്പെട്ടു. പറകുന്ന് പാറയിൽ ദേവി ക്ഷേത്രംവക രണ്ടര പവനോളം സ്വർണവും ഇരുപത്തിരണ്ടായിരം രൂപയുമാണ് മോഷണം പോയത്. ക്ഷേത്രത്തിലെ സ്വർണവും പണവും സൂക്ഷിച്ചിരുന്നത് കുടുംബ വീടായ സമീപത്തെ വിളയിൽ വീട്ടിലാണ്. ഇവിടെ താമസിക്കുന്നത് വൃദ്ധ ദമ്പതികളായ സത്യദേവനും സരളയുമാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ വീടിന്റെ അടുക്കള വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന മാല, സ്വർണ്ണ പൊട്ടുകൾ, മുക്കുത്തി എന്നിവയും പണവുമാണ് കവർന്നത്.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും സരളയെ തള്ളി താഴെയിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സരളയുടെ വിളികേട്ട് ഓടിയെത്തിയ അയൽവാസിയാണ് നിലത്തുകിടന്ന ഇവരെ എഴുന്നേൽക്കാൻ സഹായിച്ചത്. രോഗിയായ സത്യദേവൻ കിടപ്പിലാണ്.
പറകുന്ന് മേഖലകളിലെ ചില വീടുകളിലും ഈ ദിവസം മോഷണ ശ്രമം നടന്നിരുന്നു. പണയിൽ ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ നിരവധി തവണ മോഷണം നടന്നിട്ടുണ്ട്. ആ ദിവസങ്ങളിൽ ഇവിടെയും മോഷണശ്രമം നടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന മോഷണവും മോഷണശ്രമവും മൂലം ഭീതിയിലാണ് നാട്ടുകാർ. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെക്കുറിച്ച് നല്ല പരിചയവും നിശ്ചയവും ഉള്ള ആളാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കല്ലമ്പലം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

