കൈയിലെ സ്വർണമോതിരം നിർണായക തെളിവായി; നാഗർകോവിലിൽ ട്രെയിനിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞ് പൊലീസ്
text_fieldsപ്രതി അയ്യപ്പൻ
നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാൻ സഹായിച്ചത് കൈവശമുണ്ടായിരുന്ന സ്വർണമോതിരം. നാഗർ കോവിൽ-കോട്ടയം ട്രെയിനിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ മറ്റു രേഖകളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് സ്ത്രീയുടെ കൈയിലെ സ്വർണമോതിരം നിർണായക തെളിവായത്. പാമ്പിന്റെ രൂപത്തിലുള്ള മോതിരത്തിലെ ഹാൾമാർക്ക് വിവരങ്ങൾ ഉപയോഗിച്ചാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ച് ആറുമണിക്കൂറിനുള്ളിൽ പ്രതിയെയും പൊലീസ് പിടികൂടി.
മോതിരത്തിലെ ഹാൾമാർക്ക് പരിശോധിച്ചപ്പോൾ ഗുജറാത്തിലെ ഒരു സ്ഥാപനത്തിൽനിന്നാണ് ആഭരണം വിതരണം ചെയ്തതെന്ന് വ്യക്തമായി. അവിടെ നടത്തിയ അന്വേഷണത്തിൽ ഛത്തീസ്ഗഢിലെ റായ്പുരിലുള്ള വ്യാപാരിയിലേക്കും പൊലീസ് എത്തി. ആഭരണം വാങ്ങിയപ്പോൾ നൽകിയ പാൻ വിവരങ്ങളും മധ്യപ്രദേശിലെ വിലാസവും ലഭിച്ചതോടെ മരിച്ച സ്ത്രീയെ തിരിച്ചറിയുകയായിരുന്നു. മൂന്ന് മാസമായി ഇവരെ സ്വന്തം നാട്ടിൽനിന്ന് കാണാതായിരുന്നുവെന്നാണ് വിവരം. ഭർത്താവും മക്കളും നാഗർകോവിലിലേക്ക് തിരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് സ്ത്രീയുടെ കുടുംബത്തെ കണ്ടെത്തിയത്. എന്നാൽ ഇവരുടെ സ്വദേശം സംബന്ധിച്ച വിവരം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നവംബർ 13 അർധരാത്രിയിലാണ് റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത കോച്ചിനുള്ളിൽ സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത്. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. ആദ്യം മൂന്ന് പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെള്ള വസ്ത്രം ധരിച്ച ഒരാൾ കോച്ചിൽനിന്ന് പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. സ്റ്റേഷൻ പരിസരത്ത് അലഞ്ഞുനടന്നിരുന്ന ഇയാൾക്ക് സ്ത്രീയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതി ഉപേക്ഷിച്ച രക്തം പുരണ്ട ഷർട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയുടെ മരണകാരണം സ്ഥിരീകരിക്കുന്നതിന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകേണ്ടതുണ്ട്.

