കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്ന സംശയം: ഡൽഹിയിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മൗണ്ട് കൈലാഷ് മേഖലയിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ വീട്ടുടമയായ ഡോക്ടർ അറസ്റ്റിൽ. ഡോ. മനീഷ് ഗുപ്തയാണ് മീന(45) എന്ന വീട്ടുജോലിക്കാരിയെ ബാറ്റ് കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് രക്തം വാർന്നുകിടക്കുന്ന മൃതദേഹത്തിന് സമീപം പ്രതി ഇരിക്കുന്നതായാണ് കണ്ടത്. മീനയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് കൊണ്ട് അടിക്കുകയും പിന്നീട് കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നുവെന്നും സ്ഥലത്ത് വെച്ച് തന്നെ മീന മരിച്ചുവെന്നും പ്രതി അറിയിച്ചു.
വീട്ടുജോലിക്കാരിയായ മീന തന്‍റെ കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തിരുന്നെന്നും ഇത് മൂലം വീട്ടിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയെന്നും ഗുപ്ത അവകാശപ്പെട്ടു. മന്ത്രവാദം കാരണം തന്റെ കുടുംബം മുഴുവൻ ദുരിതത്തിലായിരുന്നുവെന്ന് പ്രതി അറയിച്ചു. എന്നാൽ പ്രതിയുടെ മൊഴികളിൽ വൈരുദ്ധ‍്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം ഡോ. മനീഷ് ഗുപ്ത ദീർഘകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കൊല്ലപ്പെട്ട വീട്ടുജോലിക്കാരിയും പ്രതിയും തമ്മിൽ മറ്റെന്തെങ്കിലും തർക്കമുണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പൊലീസിന് പിന്നാലെ ഫോറൻസിക് സംഘം വിദ്ഗ്ദപരിശോധനക്കായി സ്ഥലത്തെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ബാറ്റ്, കത്തി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

