കാമുകിമാർക്ക് വിലകൂടിയ സമ്മാനം നൽകാൻ ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ചു; രണ്ടുപേർ പിടിയിൽ
text_fieldsന്യൂഡൽഹി: കാമുകിമാർക്ക് വില കൂടിയ സമ്മാനങ്ങൾ വാങ്ങി നൽകാൻ ഡെലിവറി ജീവനക്കാരനെ കൊള്ളയടിച്ച് യുവാക്കൾ. സംഭവത്തിൽ ഡൽഹി ശാസ്ത്രി നഗർ, ഷകുർബസ്തി സ്വദേശികളായ ശശാങ്ക് അഗർവാൾ (32), അമർ സിങ് (29) എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സഹായിയായ വിശാൽ ഒളിവിലാണ്.
പഞ്ചാബി ബാഗിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഡെലിവറിക്കെത്തിയ സ്വകാര്യ ഓൺലൈൻ ഷോപ്പിങ് പോർട്ടലിലെ ജീവനക്കാരനായ യുവാവിൽ നിന്ന് പ്രതികൾ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ പാഴ്സൽ തട്ടിയെടുക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു പ്രതികൾ കൊള്ളയടിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളായ ശശാങ്ക്, അമർ എന്നിവർ മുൻപ് ഇ-പോർട്ടലുകളിൽ ഡെലിവറി ജീവനക്കാരായി പ്രവർത്തിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ദീപാവലി സമയത്ത് ഉപഭോക്താക്കൾ വാങ്ങുന്നത് വിലകൂടിയ സമ്മാനങ്ങളാകുമെന്ന് അറിയാമായിരുന്ന പ്രതികൾ ജീവനക്കാരനിൽ നിന്നും പാഴ്സൽ തട്ടിയെടുക്കുകയായിരുന്നു. കാമുകിമാർക്ക് ദീപാവലി ദിനത്തിൽ വിലകൂടിയ സമ്മാനങ്ങൾ നൽകാൻ വേണ്ടിയാണ് കുറ്റം ചെയ്തതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി. പാഴ്സൽ ബാഗ് പൊലീസ് കണ്ടെടുത്തു.