ഇൻസ്റ്റഗ്രാമിലെ ലൈക്കിന്‍റെയും കമന്‍റിന്‍റെയും പേരിൽ ഡൽഹിയിൽ ഇരട്ട കൊലപാതകം
text_fieldsന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ ലൈക്കിന്‍റെയും കമ്മന്‍റിന്‍റെയും പേരിൽ രണ്ട് പേരെ കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ ഭൽസ്വ ഡയറിയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹിൽ (18), നിഖിൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനായി ഒരു സ്ത്രീയെ കാണാന്‍ എത്തിയതായിരുന്നു ഇവർ. സംസാരത്തിനിടയിൽ സഹിലും യുവതിയും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
പിന്നീട് തന്‍റെ വീടിനു സമീപം വരാൻ സഹിലിനോട് യുവതി ആവശ്യപ്പെട്ടു. സഹിൽ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടി യുവതിയുടെ വീടിനടുത്ത് എത്തുകയും അവിടെ വെച്ച് ഇരുവരെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ആരോപണം.
ഒന്നിലധികം തവണ കുത്തേറ്റ യുവാക്കൾ രക്തം വാർന്ന നിലയിലായിരുന്നു. ആളുകള്‍ ഓടിയെത്തിയപ്പോള്‍ പ്രതികൾ കയ്യിലിരുന്ന കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും ബാക്കിയുള്ളവരെ പിടികൂടാന്‍ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

