കന്നുകച്ചവടക്കാരനെ ആക്രമിച്ച സംഭവം: ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഒറ്റപ്പാലം: തമിഴ്നാട് സ്വദേശിയായ കന്നുകച്ചവടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കോയമ്പത്തൂർ സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ അഞ്ച് പേർ അറസ്റ്റിൽ. കോവൈപുത്തൂർ ദോതരായൻ കോവിൽ വീഥി മഹാലക്ഷ്മി നഗറിൽ സൽമാൻ ഖാൻ (21), സഹോദരൻ ഷാരൂഖ് ഖാൻ (21), കരിമ്പുകടൈ ചേരാൻ നഗറിൽ മുഹമ്മദ് നസീർ (36), കരിമ്പുകടൈ ശങ്കനഗർ മുഹമ്മദ് റഹ്സിയ രാജ (22), മഹാലിംഗപുരം വെള്ളാനല്ലൂർ റോഡിൽ സൈദ് അസറുദ്ദീൻ (22) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിൽ കൃഷ്ണ പെരുമാളിന്റെ മകൻ പത്മനാഭന് (41 ) കുത്തേറ്റ സംഭവത്തിലാണ് അറസ്റ്റ്. ജൂലൈ 11 ന് ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിന് സമീപം ഭാരതപുഴയിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ നൽകിയ ആളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, മുഹമ്മദ് നസീർ എന്നിവരാണ് നേരിട്ട് ആക്രമണം നടത്തിയത്. മറ്റ് രണ്ട് പ്രതികൾ ആസൂത്രണത്തിൽ പങ്കാളികളാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ തമിഴ്നാട്ടിലും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

