കഞ്ചാവ് കടത്തുന്നതിനിടെ പൊലീസിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
text_fieldsഷാഹിദ്, അജ്മൽ, മുഹമ്മദ് സഹൽ
പാലാ: കഞ്ചാവ് കടത്തുന്നതിനിടെ വാഹന പരിശോധനക്കു ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചവരെ പൊലീസ് സാഹസികമായി പിടികൂടി. എറണാകുളത്തുനിന്ന് കാറിൽ കഞ്ചാവുമായി മൂന്നു യുവാക്കൾ വരുന്നതായി വിവരം ലഭിച്ച പൊലീസ് പാലാ ആർ.വി ജങ്ഷൻ ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെയാണു സംഭവം.
പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച ഈരാറ്റുപേട്ട നടയ്ക്കൽ തേക്കടിമുക്ക് കണിയാംകുന്നേൽ വീട്ടിൽ വി.എം. ഷാഹിദ് (29), തൊടുപുഴ കുമാരമംഗലം വെങ്ങല്ലൂർ പുത്തൻ വീട്ടിൽ പി.ഐ. അജ്മൽ (33), എറണാകുളം നെട്ടൂർ പരത്തിച്ചോട് വെട്ടിക്കാട്ട്പറമ്പിൽ വീട്ടിൽ വി.എ. മുഹമ്മദ് സഹൽ (30) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിന് വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ഇവർ കാറിൽ കടത്തിക്കൊണ്ടുവന്ന 430 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പ്രതികൾ കാർ ഇടിപ്പിച്ചതിൽ ഡാൻസാഫ് ടീം അംഗമായ സിവിൽ പൊലീസ് ഓഫിസർ എം.എസ്. അഭിലാഷിന്‍റെ കാലിനു ഗുരുതര പരിക്കേറ്റു. പാലാ സർക്കിൾ ഇൻസ്പെക്ടർ എം.ഡി. അഭിലാഷ്, എസ്.എച്ച്.ഒ ടോമിൻ ജോസ്, സബ് ഇൻസ്പെക്ടർമാരായ വി.ആർ. ജയചന്ദ്രൻ, കെ. യശസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രേംകുമാർ, സിവിൽ പൊലീസ് ഓഫിസർ എം.ആർ. അനീഷ് കുമാർ, ഈരാറ്റുപേട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി. രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജേഷ്, ജോഷി, രാമപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാം മോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

