വിവാഹത്തിന് നിർബന്ധിച്ചു; ഒപ്പം താമസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്കേസിലാക്കി കത്തിച്ച യുവാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഗാസിപൂരിൽ സ്യൂട്കേസിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മറനീക്കി പുറത്ത്. ഞായറാഴ്ച പുലർച്ചെയാണ് ഗാസിപൂരിലെ വിജനമായ സ്ഥലത്ത് നിന്ന് സ്യൂട്കേസ് കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ സ്യുട്കേസിനകത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.
സ്യൂട്കേസ് കണ്ടെത്തിയ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആ ഭാഗത്ത് കൂടി സംശയാസ്പദ നിലയിൽ ഒരു വാഹനം കടന്നുപോവുകയുണ്ടായി. തുടർന്ന് വാഹനത്തിന്റെ നമ്പർ വഴി പൊലീസ് ഉടമസ്ഥനെ കണ്ടെത്തി. എന്നാൽ കാർ അമിത് തിവാരി എന്നയാൾക്ക് വിറ്റതായി അദ്ദേഹം പൊലീസിനോട് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങൾ വഴി പൊലീസ് അമിത് തിവാരി(22)യെയും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് അമിതിന്റെ കസ്റ്റഡിയിലെടുത്തത്.
കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് തിവാരി ഗാസിയാബാദിലായിരുന്നു താമസം. ഇയാളുടെ സുഹൃത്ത് അനൂജ് കുമാറും പൊലീസ് കസ്റ്റഡിയിലാണ്. വെൽഡിങ് മെക്കാനിക്കായ അനൂജും ഗാസിയാബാദിലാണ് താമസം.
ഒപ്പം താമസിച്ചിരുന്ന ബന്ധുവായ പെൺകുട്ടിയുടെതാണ് മൃതദേഹമെന്ന് അമിത് പൊലീസിനോട് സമ്മതിച്ചു. ഒരുവർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു ഇരുവരും. ബന്ധം തുടരാൻ അമിതിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ അമിതിനെ വിവാഹം കഴിക്കാനായിരുന്നു ശിൽപക്ക് ഇഷ്ടം. വിവാഹത്തിനായി അമിതിനെ നിർബന്ധിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മദ്യപിച്ചെത്തിയ അമിത് ശിൽപയുമായി വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചുവെന്നുറപ്പാക്കിയതോടെ മൃതദേഹം സ്യൂട്കേസിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിന് സുഹൃത്തിന്റെ സഹായവും തേടി. ആദ്യം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
വിവാഹം കഴിച്ചില്ലെങ്കിൽ തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കുമെന്ന് ശിൽപ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമെന്ന് അമിത് പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

