കടം വാങ്ങിയ തുക തിരിച്ചുനൽകിയില്ല ; പതിനാലുകാരനെ വെടിവെച്ച് കൊന്ന് അഴുക്കുചാലിൽ ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: കടം വാങ്ങിയ 18,000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് പതിനാലുകാരനെ വെടിവെച്ച് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മജീദ് (14) ആണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഷഹബാദ് ഡയറി ഏരിയയിലാണ് സംഭവം. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തായി ഡൽഹി പൊലീസ് അറിയിച്ചു. ഹർഷിത് (21), വിക്രം (19), വിപിൻ (20), പങ്കജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഷഹബാദ് ഡയറിയിലെ അഴുക്കുചാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിൽ നിന്ന് കൊല്ലപ്പെട്ട മജീദ് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോൾ നൽകിയില്ലെന്നാണ് പൊലീസിന് നൽകിയ മൊഴി. ഹർഷിത്തും വിക്രമും ഷഹബാദ് ഡയറിയുടെ ഡി ബ്ലോക്കിൽ തുണിക്കട നടത്തിയിരുന്നു. ഇവരുടെ കടയിൽ നിന്ന് കടമായി മജീദ് വസ്ത്രങ്ങൾ വാങ്ങിയിരുന്നു. കടം വാങ്ങിയ തുണിയും പണവും എല്ലാം ചേർത്ത് 18,000 രൂപയായി. ഇത് തരികെ ആവശ്യപ്പെടുമ്പോഴെല്ലാം മജീദ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതിൽ പ്രകോപിതരായ നാലംഗ സംഘം മജീദിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നാല് പ്രതികളും അവരുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് മജീദിനെ കടയിലേക്ക് വിളിച്ചുവരുത്തി പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ച മജീദിനെ പ്രതികളിലൊരാൾ വെടിവെച്ച് കൊന്നു. മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 19 ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മജീദ് മരിച്ചതായി കണ്ടെത്തുന്നത്. മജീദിനെ വെടിവച്ചയാളുൾപ്പെടെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

