വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കി
text_fieldsതിരുവനന്തപുരം: 23 വയസ്സിനിടയിൽ മയക്കുമരുന്ന് കേസടക്കം 14 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. പുതുക്കുറിച്ചി മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന തംബുരുവിന്റെ ജാമ്യമാണ് തിരുവനന്തപുരം ആറാം അഡീഷനൽ ജഡ്ജി കെ.എൻ. അജിത്കുമാർ റദ്ദാക്കിയത്. കഠിനംകുളം സ്വദേശി ബാബുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കഠിനംകുളം പൊലീസ് വിഷ്ണുവിനെതിരെ കേസെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അതേ കേസിലെ സാക്ഷി ബൈജുവിന്റെ സഹോദരി മോളിയുടെ വീട് അടിച്ച് തകർത്തശേഷം ബൈജുവിന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കഠിനംകുളം പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു.
കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീടുകയറി ആക്രമണം നടത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയതിനെതുടർന്ന് പ്രതിയെ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഏപ്രിൽ 30 മുതൽ കേസ് വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, അഡ്വ. രാഖി.ആർ.കെ, അഡ്വ. ദേവിക അനിൽ എന്നിവർ ഹാജരായി. കഠിനംകുളം സർക്കിൾ ഇൻസ്പക്ടർ എ. അൻസാരിയാണ് കുറ്റപത്രം സമർപ്പിച്ചത്.