22കാരിയായ മോഡലിനെ മുൻകാമുകൻ കുത്തിക്കൊന്നു
text_fieldsന്യൂഡൽഹി: 22 കാരിയെ മുൻകാമുകൻ കുത്തിക്കൊന്നു. ഡൽഹി ദ്വാരകയിലെ മാട്ടിയാല റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം. മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായിരുന്ന ഡോളി ബബ്ബറിനെയാണ് മുൻ കാമുകനായ അങ്കിത് വീടിന് പുറത്ത് വെച്ച് കുത്തിക്കൊന്നത്. പ്രതി അങ്കിത്തിനൊപ്പം സുഹൃത്തുക്കളായ മനീഷും ഹിമാൻഷുവും പൊലീസിന്‍റെ പിടിയിലായി.
പ്രതിയായ അങ്കിതും ഡോളിയും മുമ്പ് പ്രണയത്തിലായിരുന്നു. സമീപകാലത്തായി ബന്ധം പുനസ്ഥാപിക്കാനായി അങ്കിത് ഡോളിയെ നിർബന്ധിച്ചിരുന്നു.
ഇവൻറ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഡോളി സുഹൃത്തിന്‍റെ വീട്ടിലെ പരിപാടിയിൽ പങ്കെടുക്കാനായാണ് രാത്രി 11.30ന് വീട്ടിൽ നിന്നിറങ്ങിയത്. ഒരുമണിക്കൂറിനുള്ളിൽ തിരിച്ചെത്തുമെന്നായിരുന്നു വീട്ടിൽ പറഞ്ഞത്.
കുറ്റകൃത്യസ്ഥലത്തുനിന്നുള്ള സി.സി.ടിവി ദൃശ്യങ്ങളിൽ മൂന്ന് പുരുഷൻമാർ ഒരു സ്ത്രീക്കൊപ്പം നിൽക്കുന്നതായി കാണം. അങ്കിത് യുവതിയെ കുത്തുേമ്പാൾ മറ്റുള്ളവർ നോക്കിനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അഞ്ചോ ആറോ തവണ പ്രതി പെൺകുട്ടിയെ കത്തി ഉപയോഗിച്ച് കുത്തി. അങ്കിത്താണ് യുവതിയെ ആക്രമിച്ചതെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട ഡെലിവറി ബോയ്യാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുമ്പും നിരവധി തവണ അങ്കിത്ത് ഡോളിയെ തേടി വീട്ടിലെത്തിയിരുന്നതായും എന്നാൽ അവൾ കാണാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി.
ഡൽഹിയിലെ നിരവധി വസ്ത്ര ബ്രാൻഡുകൾക്കൊപ്പം ഡോളി പ്രവർത്തിച്ചിരുന്നു. 2020ൽ പേൾ അക്കാദമിയിൽ നിന്നാണ് ഫേഷൻ ഡിസൈനിങ്ങിൽ ബിരുദം സ്വന്തമാക്കിയത്. ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ നിന്ന് ബി.ബി.എ ബിരുദവും നേടിയിട്ടുണ്ട്. ഡോളിയുടെ പിതാവ് ഓട്ടോഡ്രൈവറാണ്.