പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച യുവാവിന് മര്‍ദനം; രണ്ടാം പ്രതി പിടിയിൽ
text_fieldsശരത്
നെടുമങ്ങാട്: പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച യുവാവിനെ കാമുകനും സഹോദരനും ചേര്‍ന്ന് ആക്രമിച്ചു. ഗുരുതര പരിക്കേറ്റ നെടുമങ്ങാട് അരശുപറമ്പ് പുത്തന്‍വിള അശ്വതി ഭവനില്‍ എസ്.മിഥുനെ (42) നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനും തലയ്ക്കും ആഴത്തിലുള്ള മുറിവുകളുണ്ട്.
ഒളിവിലായിരുന്ന കേസിലെ രണ്ടാം പ്രതി വേങ്കോട് കുഞ്ചം ഷാജി വിലാസത്തില്‍ എസ്. ശരത്തിനെ (27) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ജ്യേഷ്ഠനും ഒന്നാം പ്രതിയുമായ ശ്യാം ഒളിവിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: മിഥുന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടി ശ്യാമുമായി പ്രണയത്തിലായി. ഭാര്യയും മക്കളുമുള്ള ശ്യാമുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മിഥുന് പെണ്‍കുട്ടിയെ ഉപദേശിച്ചു. ഇതറിഞ്ഞ ശരത്തും ശ്യാമും ചേര്‍ന്ന് ആനാട് ബി.ടി. പ്രസ്സിന് സമീപം ബൈക്കില്‍ വരികയായിരുന്ന മിഥുനെ തടഞ്ഞു നിര്‍ത്തി മർദിച്ചു.
ഇടിവള ഉപയോഗിച്ച് മിഥുന്റെ മുഖവും മൂക്കും ഇടിച്ചു പൊട്ടിച്ചു. മൂക്കിന്റെ പാലം പൊട്ടി. ആക്രമണശേഷം ഒളിവില്‍ പോയ പ്രതികളെ ടവര്‍ ലൊക്കേഷന്‍ മുഖേനയാണ് കണ്ടെത്തിയത്. എന്നാൽ, പൊലീസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതി ശ്യാം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് എസ്.എച്ച്.ഒ പി.കെ. മോഹിത്, എസ്.ഐ. മുഹസിന് മുഹമ്മദ്, എ.എസ്.ഐ ആര്. ബിജു, വിനോദ് സാജന്, അജിത്ത് മോഹന്‍, അനന്തു, ശ്രീലാല്‍, ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

