മാതാവിന്‍റെ മൃതദേഹത്തോടൊപ്പം മകൻ ഫ്ലാറ്റിൽ കഴിഞ്ഞത് മൂന്ന് ദിവസം; കൊലപാതകം നടത്തിയത് മകനാണോയെന്ന് സംശയം
text_fieldsഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള മകൻ മാതാവിന്‍റെ മൃതദേഹത്തോടൊപ്പം ഫ്ലാറ്റിൽ ചെലവഴിച്ചത് മൂന്ന് ദിവസം. ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ശനിയാഴ്ച തെലങ്കാനയിലെ മെഡ്ചൽ മൽകജ്ഗിരി ജില്ലയിലാണ് സംഭവം. വിജയ (50) ആണ് മരിച്ചത്. 22കാരനായ മകൻ തന്നെയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അമ്മയും മകനും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു.
മരണകാരണം വ്യക്തമല്ലെന്നും സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചിട്ടുണ്ടെന്നും വിജയയുടെ മകനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.