നിറങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പച്ചവിരിച്ച പാടങ്ങളും സ്വർണനിറമുള്ള നെൽക്കതിരും ചെഞ്ചായമണിഞ്ഞ ആകാശവും നീലക്കടലും നമ്മെ എന്നും ആനന്ദിപ്പിക്കുന്നവയാണ്. ഇങ്ങനെ വിവിധ നിറങ്ങളിലുള്ള എത്രയെത്ര വസ്തുക്കളാണല്ലേ ഈ കൊച്ചു ഭൂമിയിലുള്ളത്. നിറങ്ങളോടുള്ള ഇഷ്ടംപോലും പലതരത്തിലാവും. പലർക്കും പല നിറങ്ങളോടാകും ഇഷ്ടം. ലോകത്തിെൻറ ചിലയിടങ്ങളിലുള്ളവർ അവരുടെ സംസ്കാരവും ആചാരവും വ്യാഖ്യാനിക്കാനും നിറങ്ങളെ ഉപയോഗിക്കാറുണ്ട്. അങ്ങനെയൊരു കഥയറിയാം...
ആഫ്രിക്കൻ രാജ്യമാണെങ്കിലും യൂറോപ്പിനോട് ചേർന്നുനിൽക്കുന്ന മൊറോക്കോയിൽ നീലനിറത്തിൽ കുളിച്ചുനിൽക്കുന്ന ഒരു നഗരമുണ്ട്; പേര് ഷെഫ്ഷൗവീൻ. ചുമരുകളെല്ലാം നീല നിറമണിഞ്ഞ ഇവിടം 1471 കാലഘട്ടത്തിലാണ് സ്ഥാപിതമായത്. ആരംഭത്തിൽ ചെറിയൊരു കോട്ട മാത്രമായിരുന്ന ആ നഗരം മൗലാ അലി ഇബ്‌നു റാഷിദ് അൽ അലമി എന്ന വ്യക്തി പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടി സ്ഥാപിച്ചതാണ്. ഖോമാറ (Ghomara) ഗോത്രവിഭാഗക്കാരായിരുന്നു ഇവിടത്തെ ആദിമവാസികൾ. കാലക്രമേണ മൊറിസ്കോസ്, ജൂതർ തുടങ്ങിയ വിഭാഗങ്ങളും ഇവിടെ താമസമാക്കി. ജൂതരാണ് ഈ നഗരത്തിനു നീല നിറം നൽകിയത്. 1920 മുതൽ പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം നൽകിത്തുടങ്ങി.
ആകാശത്തെയും സ്വർഗത്തെയും ആത്മീയ ജീവിതത്തെയും പ്രതിനിധാനംചെയ്യുന്ന നിറമായി ജൂതന്മാർ കരുതുന്നത് നീലയെയാണ്. എന്നാൽ, തദ്ദേശീയരായ സാധാരണക്കാരുടെ അഭിപ്രായത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഒരുവിഭാഗവും അതല്ല ആ നാട്ടിലുള്ള കൊതുകിനെ തുരത്താനുള്ള മാർഗമായാണ് നീല നൽകിയതെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു. കാര്യമെന്തുതന്നെയായാലും റിഫ് പർവതനിരകളുടെ മടിത്തട്ടിലുള്ള ഈ നഗരം കാണാൻ ചന്തമേറെയാണ്. ഇവിടെയുള്ള പള്ളികൾ, ഗോപുരങ്ങൾ, ഗോവണികൾ, മതിലുകൾ എന്നിവക്കെല്ലാം നീല നിറംതന്നെ. അതിനാലായിരിക്കണം ദൂരെനിന്നും നോക്കുമ്പോൾ ഈ നഗരമൊരു നീലക്കടൽ പോലെ സഞ്ചാരികൾക്കനുഭവപ്പെടുന്നതും. തദ്ദേശീയർ വളർത്തുന്ന പൂച്ചകളുടെ വിഹാരകേന്ദ്രം കൂടിയാണ് ഷെഫ്ഷൗവീൻ. നഗരകവാടങ്ങളിലും ഇടവഴികളിലുമെല്ലാം നിരവധി പൂച്ചകളെ കാണാൻ സാധിക്കും. മൊറോക്കോയിലെ ടാന്‍ഗിയർ ആണ് ഷെഫ്ഷൗവീൻ നഗരത്തിനടുത്തുള്ള വിമാനത്താവളം. ഇവിടെനിന്ന് മൂന്നര മണിക്കൂർ ബസ് മാർഗമോ ടാക്സി മുഖേനയോ നീലനഗരത്തിൽ എത്തിച്ചേരാം. ഏപ്രിൽ മാസവും േമയ് ആദ്യവാരവുമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും ഉത്തമം. ഈ സമയങ്ങളിൽ വസന്തം വിരിയുന്നതോടുകൂടി വിവിധ നിറങ്ങളിലുള്ള പൂക്കളും സഞ്ചാരികളെ വരവേൽക്കും.
●
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2020 12:26 PM GMT Updated On
date_range 2020-01-15T17:56:54+05:30മൊറോക്കോയിലെ നീല നഗരം
text_fieldsNext Story