Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightVelichamchevron_rightMy Pagechevron_rightനേപ്പാളിലെ...

നേപ്പാളിലെ തേൻവേട്ടക്കാർ

text_fields
bookmark_border
നേപ്പാളിലെ തേൻവേട്ടക്കാർ
cancel

തേൻപോലെ മധുരം എന്നാണ് നമ്മൾ പറയാറുള്ളത്. പ്രകൃതി നമുക്കായി ഒരുക്കിത്തന്ന ആവോളം രുചിയുള്ള വിഭവമാണ് സുവർണ നിറത്തിലുള്ള ഈ ദ്രാവകം. പുരാതന കാലം മുതൽക്കേ മനുഷ്യൻ ഔഷധമായി തേനിനെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അഞ്ചു ശതമാനത്തോളം തരംതിരിക്കാൻ കഴിയാത്ത രാസഘടകങ്ങൾ ചേർന്ന തേൻ പ്രകൃതിയിലെ വിസ്‌മയ പാനീയമാണ്. ഏവരെയും ആകർഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതിനായി തേൻ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. തേൻ​പേലെ തന്നെ വിസ്മയകരമാണ് അവ ശേഖരിക്കുന്നതിൽ മനുഷ്യൻ കാണിക്കുന്ന സാഹസികതയും.
നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികൾ തേൻ ശേഖരണത്തിൽ വിദഗ്​ധരാണ്. മനുഷ്യന് ചെന്നെത്താൻ വളരെ പ്രയാസമുള്ള മലകളിലും കൊടുമുടികളിലും തൂങ്ങിക്കിടക്കുന്ന തേനീച്ചക്കൂടുകളിൽനിന്നും തേനെടുക്കലാണ് അവരുടെ ജോലി. ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ 300 അടിവരെ ഉയരമുള്ള ഇടങ്ങളിൽനിന്നും അതിസാഹസികമായാണ് ഗ്രാമവാസികൾ തേനെടുക്കുന്നത്. അവരുടെ മുഖ്യ ഉപജീവന മാർഗമായ തേൻ ശേഖരണം കാഴ്ചക്കാർക്ക് അത്ഭുതത്തോടൊപ്പം ഭയവും സമ്മാനിക്കുന്നു. അംബ്രോസിയ വിഭാഗത്തിൽപ്പെട്ട വലുപ്പമേറിയ തേനീച്ചകളാണ് ഇവിടെയുള്ളത്. അവയുടെ കുത്തേൽക്കാതെയുള്ള തേനെടുക്കൽ ഏറെ ശ്രമകരം തന്നെ. തേനീച്ചകളുടെ കുത്തിനിന്ന് രക്ഷപ്പെടാനുള്ള ‘ബക്കു’ എന്ന കട്ടിയുള്ള വസ്ത്രം അവർ ധരിച്ചിരിക്കും. ഗ്രാമവാസികളുടെ പാരമ്പര്യ തൊഴിലായതിനാൽ പരിചയമുള്ളവരും പുതുമുഖങ്ങളുമെല്ലാം അവരുടെ സംഘത്തിലുണ്ടാകും. രണ്ടു ഗ്രൂപ്പുകളായാണ് തേൻ ശേഖരിക്കുന്നത്. ഒരു ഗ്രൂപ്പ് മല കയറുമ്പോൾ മറ്റൊരു ഗ്രൂപ്പ് താഴെ നിൽക്കും. മുകളിൽനിന്ന് വരുന്ന തേൻ നിറച്ച കുട്ടകൾ ഏറ്റുവാങ്ങാനാണിത്. പർവതാരോഹകർ ഉപയോഗിക്കുന്ന തരത്തിലുള്ള കയർ ഏണികളാണ് തേൻ വേട്ടക്കായി ഉപയോഗപ്പെടുത്തുന്നത്. മുള ചീന്തിയെടുത്ത കട്ടിയുള്ള നാരുകൾ കൊണ്ടാണ് ഏണിക്കുവേണ്ട കയർ ഉണ്ടാക്കുക. ഓരോ ഏണികൾക്കും 300 അടിയിലേറെ നീളമുണ്ടാകും. പിരിച്ച ഈ കയറിനിടയിൽ കമ്പുകൾ കെട്ടിയുറപ്പിച്ച് ഏണിപ്പടികളുമുണ്ടാക്കുന്നു. പാറക്കെട്ടുകളിൽ ഭദ്രമായി ഉറപ്പിക്കുന്ന ഏണിയിലൂടെ താഴേക്കിറങ്ങി പാറകളിൽ അള്ളിപ്പിടിച്ചുനീങ്ങി അറ്റം കൂർപ്പിച്ച മുളകൾകൊണ്ട് തേൻ കൂടുകൾ കോർത്തു പിടിക്കുന്നു. പിന്നാലെ തന്നെ മറ്റൊരു മുള കൊണ്ട് അവയെ മുറിച്ചെടുക്കുകയും ചെയ്യുന്നു. ഇതേസമയം താഴെയുള്ളവർ തേനീച്ചകളെ തുരത്താനായി പച്ചിലക്കെട്ടുകൾ കൂട്ടിയിട്ട് പുകക്കുന്നുമുണ്ടാവും.
ഓരോ വസന്തകാലവും ശരത്കാലവും അവസാനിക്കുമ്പോൾ മുതിർന്നവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പർവത മുനമ്പുകളിലെത്തി തേൻ ശേഖരിക്കുന്നു. കാലമനുസരിച്ച് ഇവർ ശേഖരിക്കുന്ന തേനി​െൻറ രാസഘടനയിലും വ്യത്യാസമുണ്ടാകും. ഒരു വേട്ടയിൽ കുറഞ്ഞത് 20  കിലോഗ്രാം വരെ തേൻ ലഭിക്കും. നേപ്പാളിലെ കാഠ്‌മണ്ഡു വഴിയാണ് തേനി​െൻറ വിദേശ വിപണനമെല്ലാം. തേൻവേട്ട കാണാൻ നേപ്പാൾ സർക്കാർ സഞ്ചാരികൾക്കായി അവസരമൊരുക്കുകയും ചെയ്യുന്നു. ഒരു വേട്ട മുഴുവനായി കാണണമെങ്കിൽ സഞ്ചാരികളിൽനിന്ന് കുറഞ്ഞത് 16,000 രൂപയെങ്കിലും സർക്കാർ ഈടാക്കുന്നുണ്ട്.

Show Full Article
TAGS:
Next Story