യുദ്ധത്തോളം ഭയാനകം ലോകത്തിന്റെ നിശ്ശബ്ദത
text_fields2025 ജൂൺ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാനായി അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. അത് വൻ വിജയമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആ അവകാശവാദം ശരിയെങ്കിൽ, പിന്നെയെന്തിനാണ് അവിടങ്ങളിലേക്ക് വീണ്ടും ഒരു വലിയ ആക്രമണത്തിനായി കോപ്പുകൂട്ടുന്നത്?
സങ്കൽപിക്കാനാവാത്ത പ്രത്യാഘാതങ്ങൾ വരുത്തിവെച്ചേക്കാവുന്ന ഒരു യുദ്ധത്തിനരികിൽ അപകടകരമാംവിധം നിൽക്കുകയാണ് ലോകം. ഇന്നേവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു അർമ്മഗെദ്ദോനായി (അവസാന യുദ്ധം) മാറിയേക്കാവുന്ന ഒരു ഏറ്റുമുട്ടലിലേക്ക് അമേരിക്ക ഇറാനെ തള്ളിവിടുകയാണെന്ന് പലരും ഭയപ്പെടുന്നു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ അതിന്റെ ആഘാതം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കില്ല. ഓരോ മനുഷ്യരെയും അത് ഏതെങ്കിലും തരത്തിൽ ബാധിക്കും. എന്നിട്ടും, വിചിത്രമെന്നു പറയട്ടെ, ആഗോളതലത്തിൽ വലിയ ഉത്കണ്ഠകളൊന്നും കാണാനില്ല. യുദ്ധഭീതിയോളം തന്നെ ഭയപ്പെടുത്തുന്നതാണ് ഈ നിശ്ശബ്ദതയും.
നയതന്ത്രത്തിന് ഒരു അവസരം കൂടി നൽകാനായി അമേരിക്കയിൽ നിന്നും ഇറാനിൽ നിന്നുമുള്ള പ്രതിനിധികൾ ഫെബ്രുവരി 26ന് ജനീവയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം ഒരു വിനാശകരമായ സംഘർഷത്തിലേക്ക് വഴുതിവീഴുന്നതിന് മുമ്പുള്ള അവസാന പ്രതീക്ഷയുടെ ജാലകം ആയിരിക്കാം ഈ കൂടിക്കാഴ്ച. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനാതീതമായ സ്വഭാവം കാരണം അതിലും അനിശ്ചിതത്വം നിലനിൽക്കുന്നു. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സ്വന്തം പൗരരെയും സഖ്യകക്ഷികളെയും പോലും ഞെട്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നമുക്ക് മുന്നിലുണ്ട്.
തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച് അധികാര കൈമാറ്റം തടയാൻ അനുയായികളെ ഇളക്കിവിട്ട വേളയിൽ ട്രംപിന്റെ ഈ പ്രവചനാതീത സ്വഭാവം ലോകം കണ്ടതാണ്. അത്തരം ചെയ്തികൾ അമേരിക്കൻ ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ഉലച്ചു. ഇന്ന്, അതേ അനിശ്ചിതത്വമാണ് ആഗോള രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത്. അദ്ദേഹം അടുത്തതായി എന്ത് തീരുമാനമെടുക്കുമെന്നോ, നയതന്ത്രം ഉപേക്ഷിച്ച് സൈനിക നടപടി സ്വീകരിക്കുമോ എന്ന് ആർക്കും അറിയില്ല.
ഇറാനെ ശിക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് എന്തിനാണെന്ന് ലോകത്തോട് മാത്രമല്ല, അമേരിക്കൻ ജനതയോടുപോലും നാളിതുവരെ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ചരിത്രപരമായി, നടത്തുന്ന യുദ്ധങ്ങളെ ന്യായീകരിക്കാൻ അമേരിക്ക സദാ ശ്രമിച്ചിട്ടുണ്ട് (ആ ന്യായീകരണങ്ങൾ പിന്നീട് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും). വിയറ്റ്നാം യുദ്ധസമയത്ത്, കമ്യൂണിസത്തിന്റെ വ്യാപനം തടയുകയാണ് ലക്ഷ്യമെന്ന് വാഷിങ്ടൺ അവകാശപ്പെട്ടു. ഇറാഖിൽ സദ്ദാം ഹുസൈന്റെ പക്കൽ കൂട്ടനശീകരണ ആയുധ ശേഖരങ്ങൾ ഉണ്ടെന്ന് അവർ വാദിച്ചു-അതിന് തെളിവുകളുടെ യാതൊരു പിൻബലവുമുണ്ടായിരുന്നില്ല. ഇറാഖ് നശിപ്പിക്കപ്പെട്ടു, പക്ഷേ ആയുധങ്ങൾ കണ്ടെത്താനായില്ല.
സമാനമായി, സെപ്റ്റംബർ 11 ആക്രമണത്തിന് വിമാനം റാഞ്ചിയവരിൽ ഒരാൾപോലും അഫ്ഗാൻ സ്വദേശികളല്ലായിരുന്നിട്ടും അമേരിക്ക അഫ്ഗാനിസ്താനിലേക്ക് കടന്നാക്രമണം നടത്തി; അന്ന് ഭരണകൂടം തങ്ങളുടെ നടപടികൾക്ക് എന്തെങ്കിലുമൊരു കാരണം ചമക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് ഇറാന്റെ കാര്യത്തിൽ, ഒരു പുതിയ യുദ്ധം എന്തിന് വേണ്ടിയെന്ന് വിശദീകരിക്കാൻ പോലും ശ്രമമില്ല.
2025 ജൂൺ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാനായി അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. അത് വൻ വിജയമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ആ അവകാശവാദം ശരിയെങ്കിൽ, പിന്നെയെന്തിനാണ് അവിടങ്ങളിലേക്ക് വീണ്ടും ഒരു വലിയ ആക്രമണത്തിനായി കോപ്പുകൂട്ടുന്നത്? സംഘർഷങ്ങൾക്ക് പിന്നിലെ യഥാർഥ ലക്ഷ്യങ്ങളെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
നിശ്ശബ്ദതയുടെയും നിസ്സംഗതയുടെയും അപകടങ്ങളെക്കുറിച്ച് ചരിത്രം ഭയാനകമായ പാഠങ്ങൾ നൽകുന്നുണ്ട്. അഡോൾഫ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിക്കുകയും രണ്ടാം ലോകയുദ്ധത്തിന് തുടക്കമിടുകയും ചെയ്തപ്പോൾ ആഗോള പ്രതികരണം മന്ദഗതിയിലായിരുന്നു. ജർമനിക്കുള്ളിൽ യഹൂദരെ പീഡിപ്പിക്കുന്നതും അവരെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുന്നതും ഒരു സാധാരണ കാര്യമായി മാറി. ദശലക്ഷക്കണക്കിന് മനുഷ്യജീവൻ കുരുതികഴിക്കപ്പെട്ടുവെന്നതാണ് ആ നിശ്ശബ്ദതയുടെ വില.
ഇന്ന്, ഇറാൻ തീരത്ത് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ തമ്പടിക്കുമ്പോൾ, അപായ മണികൾ ലോകമെമ്പാടും മുഴങ്ങേണ്ടതാണ്. മൂന്നാം ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു യുദ്ധം തടയാൻ ഐക്യരാഷ്ട്രസഭ അടിയന്തര നടപടികൾ സ്വീകരിക്കണം. എന്നാൽ പകരം, ലോകത്തിന്റെ പ്രതികരണം മന്ദീഭവിച്ചതാണ്. ഈ നിസ്സംഗത അക്രമാസക്തമായ നീക്കങ്ങൾക്ക് കരുത്തുപകരുന്നു.
അതേസമയം, അമേരിക്കയിലെ ചില ആഭ്യന്തര സംഭവവികാസങ്ങളും ആശങ്കയുണ്ടാക്കുന്നു.‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ മൃഗങ്ങളായി അധികൃതർ വിശേഷിപ്പിക്കുന്നതും, സംശയാസ്പദമെന്ന് തോന്നുന്ന പൗരരെ പൊലീസ് വെടിവെച്ചിടുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തരം പ്രവണതകൾ തീവ്രമായ നടപടികളെ സാമാന്യവത്കരിക്കുകയും സ്ഥാപനപരമായ നിയന്ത്രണങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന വ്യാപാര നികുതികൾ റദ്ദാക്കിയ അമേരിക്കൻ സുപ്രീംകോടതി വിധി നേരിയ ആശ്വാസം നൽകി. ശിക്ഷാപരമായ നികുതികൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും ആ അധികാരം കോൺഗ്രസിനാണെന്നും കോടതി വിധിച്ചു. ട്രംപ് തന്നെ നാമനിർദേശം ചെയ്ത ചില ജഡ്ജിമാരും അദ്ദേഹത്തിനെതിരെ വിധിയെഴുതി എന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം വ്യക്തമാക്കുന്നു. ഒരു പക്വതയുള്ള ജനാധിപത്യത്തിൽ ഇത്തരം ഒരു വിധി വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുമായിരുന്നു. എന്നാൽ, അതിൽ ഖേദം പ്രകടിപ്പിച്ച് സ്വയം തിരുത്തുന്നതിനുപകരം, തനിക്കെതിരെ വിധിച്ച ജഡ്ജിമാരെ പരസ്യമായി അപമാനിക്കുകയും തന്നെ പിന്തുണച്ചവരെ പ്രശംസിക്കുകയും ചെയ്തു ട്രംപ്. പിൻവാങ്ങുന്നതിനുപകരം തന്റെ രാഷ്ട്രീയ അജണ്ടക്കായി നികുതി വ്യവസ്ഥകളിൽ വീണ്ടും കൃത്രിമം കാട്ടുകയാണ് അദ്ദേഹം ചെയ്തത്.
കുപ്രസിദ്ധ സാമ്പത്തിക കുറ്റവാളിയും കുട്ടിക്കടത്തുകാരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ഉത്കണ്ഠ വർധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പ്രമുഖർ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്. എപ്സ്റ്റീൻ ഫയലുകളിൽ പേര് വന്നതിനെത്തുടർന്ന് സി.ബി.എസ് ന്യൂസിലെ ഒരു ഉന്നതൻ കഴിഞ്ഞ ദിവസം രാജിവെച്ചു, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനെ ചോദ്യം ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പതിനായിരക്കണക്കിന് തവണ ട്രംപിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഈ വെളിപ്പെടുത്തലുകൾ വലിയ പൊതുജന പ്രതിഷേധത്തിന് കാരണമായിട്ടില്ല. പകരം, ട്രംപ് അധികാരം പ്രയോഗിക്കുകയും ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണികൾ മുഴക്കുകയും ചെയ്യുന്നു.
അമേരിക്കൻ ഭീഷണികൾക്കുമുന്നിൽ ഇറാൻ അടിയറവ് പറയാത്തതിൽ ട്രംപിന്റെ അടുത്ത സഹായികളിൽ ഒരാൾ അമ്പരപ്പ് പ്രകടിപ്പിച്ചതായി പറയുന്നു. അത്തരമൊരു കീഴടങ്ങൽ ഏതൊരു പരമാധികാര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളവും ആത്മഹത്യാപരമായിരിക്കും. ചെറുത്തുനിൽക്കുക എന്നല്ലാതെ അപമാനം സഹിച്ച് തുടരാൻ അവർക്കാവില്ല. സമ്മർദങ്ങൾ പലപ്പോഴും സമാധാനത്തിലേക്കല്ല, സംഘർഷത്തിലേക്കാണ് നയിക്കുകയെന്നാണ് ചരിത്രം പകരുന്ന പാഠം.
ഈ നിമിഷത്തിന്റെ ഏറ്റവും ഭയാനകമായ വശം യുദ്ധസാധ്യത മാത്രമല്ല, അതിനെ ചുറ്റിപ്പറ്റിയുള്ള ആഗോള നിസ്സംഗതയുമാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങൾ തളർന്നുപോയിരിക്കുന്നു. ജനകീയ പ്രതിഷേധങ്ങൾ അപൂർവമായിരിക്കുന്നു. രാഷ്ട്രീയ നേതാക്കളാവട്ടെ വളരെ ജാഗ്രതയോടെ മാത്രം സംസാരിക്കുന്നു.
യുദ്ധകാഹളം മുഴങ്ങുമ്പോഴും ലോകം കണ്ണടച്ചുപിടിക്കാൻ തീരുമാനിച്ചതുപോലെ തോന്നുന്നു. ഈ നിശ്ശബ്ദത ഹിറ്റ്ലറുടെ നാസി ഭരണകാലത്തെ ഓർമിപ്പിക്കുന്നു-അന്ന് ഭയവും നിഷേധവും നിസ്സംഗതയും കാരണമാണ് ഹിറ്റ്ലർക്ക് ലോകത്തെ തന്റെ പിടിയിലൊതുക്കാൻ കഴിഞ്ഞത്. മനുഷ്യത്വം ഇപ്പോൾ ശബ്ദമുയർത്തുന്നതിൽ പരാജയപ്പെട്ടാൽ, ഒരു നേതാവിന്റെ ആക്രമണോത്സുകതയല്ല മറിച്ച് അത് കണ്ടില്ലെന്ന് നടിച്ച രാഷ്ട്രങ്ങളുടെ നിശ്ശബ്ദതയാണ് ഈ ദുരന്തം വരുത്തിവെച്ചതെന്ന് ചരിത്രം ഒരുവട്ടം കൂടി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

