Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകാഴ്ചപ്പാട്​chevron_rightകർണാടകയിൽ ബി.ജെ.പി...

കർണാടകയിൽ ബി.ജെ.പി പുകയുമ്പോൾ

text_fields
bookmark_border
കർണാടകയിൽ ബി.ജെ.പി പുകയുമ്പോൾ
cancel
camera_alt

ആഭ്യന്തരമന്ത്രി അരഗജ്ഞാനേന്ദ്രയുടെ ബംഗളൂരുവിലെ വീട്ടിൽ ഇരച്ചുകയറിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു

മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത ആഭ്യന്തര കലഹത്തിലൂടെയാണ് കർണാടക ബി.ജെ.പി നീങ്ങുന്നത്. പാർട്ടിയിലെ മുതിർന്ന ഒരു വിഭാഗവും യുവമോർച്ചയും എ.ബി.വി.പിയും പരസ്യമായി ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ രംഗത്തുവന്നതിന്റെ പുകച്ചിൽ അവസാനിച്ചിട്ടില്ല. ബൊമ്മൈ സർക്കാറിനെതിരായ പാർട്ടിക്കുള്ളിലെ പ്രതിഷേധം തുടരുന്നത് മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാൽ, ധിറുതിപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഒത്തുതീർപ്പുചർച്ചക്കായി രംഗത്തുവന്നിരിക്കുകയാണ്. ഭരണത്തിൽ ഒരു വർഷം പൂർത്തിയാക്കിയ ബസവരാജ് ബൊമ്മൈ സർക്കാറിന് ഇനി ആയുസ്സെത്ര എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ നിലയിൽ കാര്യങ്ങൾ തുടർന്നാൽ ഭരണനേതൃത്വത്തിൽ അഴിച്ചുപണി നടന്നേക്കും. പ്രത്യേകിച്ചും കുറച്ചു മാസങ്ങളായി മന്ത്രിസഭ പുനഃസംഘാടനം സംബന്ധിച്ച് ബി.ജെ.പി നേതാക്കൾതന്നെ പലവുരു പറയുന്ന സാഹചര്യത്തിൽ. അമിത് ഷാ വ്യാഴാഴ്ച കർണാടകയിൽനിന്ന് മടങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി ബൊമ്മൈ മന്ത്രിസഭ പുനഃസംഘാടനം സംബന്ധിച്ച ചർച്ചക്കായി ഡൽഹിയിലേക്കു നീങ്ങുകയാണ്.

ബൊമ്മൈ മുഖ്യമന്ത്രിപദത്തിലെത്തിയതിന്റെ പിന്നാമ്പുറക്കഥയറിഞ്ഞാലേ, അദ്ദേഹം എന്തിന് ഇന്ന് ബി.ജെ.പിക്കകത്ത് രോഷം നേരിടുന്നു എന്നതു മനസ്സിലാവൂ. നേതൃത്വത്തിന്റെ പൂർണ ആശീർവാദത്തോടെയല്ല ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിപദത്തിലേറിയത്. ബി.എസ്. യെദിയൂരപ്പയെ മാറ്റാൻ നടന്ന ചരടുവലികൾക്കൊടുവിൽ ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായായിരുന്നു അത്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പ, വിദ്വേഷ പ്രസ്താവനകൾക്ക് കുപ്രസിദ്ധനായ മുൻ കേന്ദ്രമന്ത്രി ബസനഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയ നേതാക്കൾ യെദിയൂരപ്പയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ പല ഘട്ടങ്ങളിലായി പ്രകടിപ്പിച്ചതാണ്. യെദിയൂരപ്പ മുൻകൈയെടുത്താണ് ഓപറേഷൻ താമരയിലൂടെ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യസർക്കാറിനെ അട്ടിമറിക്കുന്നത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് 2019 ജൂൺ 23ന് സഖ്യസർക്കാർ വീണിട്ടും മൂന്നുദിവസം കഴിഞ്ഞാണ് യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ നേതൃത്വം അനുവദിച്ചത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലെ ആർ.എസ്.എസ് വിഭാഗത്തിന്റെ ചരടുവലിയായിരുന്നു ഈ താമസത്തിനു പിന്നിൽ.

കർണാടകയിൽ വേരൂന്നി ദക്ഷിണേന്ത്യയിൽ കുളം കലക്കാൻ യെദിയൂരപ്പയുടെ സമീപനം പോരാ എന്നതായിരുന്നു ആർ.എസ്.എസ് നിലപാട്. എന്നാൽ, അത്രയും കാലം യെദിയൂരപ്പയെ വട്ടമിട്ടുനിന്ന കർണാടക ബി.ജെ.പിയിൽനിന്ന് അദ്ദേഹത്തെ അടർത്തിമാറ്റിയൊരു മുന്നോട്ടുപോക്ക് അന്ന് പാർട്ടിക്ക് അസാധ്യമായതിനാൽ ആർ.എസ്.എസ് നേതൃത്വം കാത്തിരിക്കുകയായിരുന്നു. യെദിയൂരപ്പയെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രങ്ങളാണ് പിന്നീട് കണ്ടത്. ഒരു മാസം കഴിഞ്ഞാണ് മന്ത്രിസഭ വികസനത്തിന് നേതൃത്വം അനുമതി നൽകുന്നത്. പ്രളയകാലത്ത് ഫണ്ട് അനുവദിക്കാതെ കേന്ദ്രം യെദിയൂരപ്പയെ വട്ടംകറക്കി. ഫണ്ട് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പരസ്യമായി അദ്ദേഹത്തിന് വിലപിക്കേണ്ടിവന്നു. യെദിയൂരപ്പക്കും മകൻ ബി.വൈ. വിജയേന്ദ്രക്കുമെതിരെ അഴിമതിയടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ബസനഗൗഡ പാട്ടീൽ അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.

യെദിയൂരപ്പയും വെറുതെയിരുന്നില്ല. കർണാടകയിലെ പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ ബലത്തിലാണ് യെദിയൂരപ്പ പാർട്ടിയിൽ പിടിച്ചുനിന്നിരുന്നത്. യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന സൂചനകൾ ലഭിച്ചതോടെ ലിംഗായത്ത് മഠാധിപതികൾ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ നീക്കാൻ ആർ.എസ്.എസ് ഗൂഢാലോചന നടത്തുന്നതായി കൊട്ടൂർ വീരശൈവ ശിവയോഗ മഠാധിപതി സ്വാമി സംഘന ബസവ പരസ്യമായി പ്രസ്താവന നടത്തി. ലിംഗായത്ത് മഠാധിപതികളുടെ വൻ പ്രതിഷേധറാലിക്ക് പദ്ധതിയിട്ടു. 2012ലെപ്പോലെ യെദിയൂരപ്പ ഭിന്നിപ്പുണ്ടാക്കി പടിയിറങ്ങിയാൽ അതിനെ നേരിടാൻ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ജെ.ഡി-എസുമായി രഹസ്യധാരണയടക്കം ഉണ്ടാക്കിയിരുന്നു. കാര്യങ്ങൾ തുറന്ന പോരിലേക്ക് നീങ്ങവെയാണ് യെദിയൂരപ്പ ഡൽഹിയിൽ അമിത് ഷായുമായും മോദിയുമായും ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുന്നത്. അദ്ദേഹത്തിന്റെ വലംകൈയായിരുന്ന ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഹിജാബ് വിരുദ്ധ കാമ്പയിനും മുസ്ലിംകൾക്കെതിരായ സാമ്പത്തിക ബഹിഷ്കരണ കാമ്പയിനും പാഠപുസ്തകങ്ങളിലെ കാവിവത്കരണവും അടക്കമുള്ള വർഗീയ സമീപനങ്ങളും പ്രസ്താവനകളും നയങ്ങളുമൊക്കെയായി യെദിയൂരപ്പയെ ബൊമ്മൈ മറികടന്നിട്ടും ആർ.എസ്.എസിന് തൃപ്തി വരുന്നില്ലെങ്കിൽ ഇതിലും വലുതാണ് അവർ കർണാടകയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നർഥം. അതിനു ബൊമ്മൈ പോരാ. ബൊമ്മൈ സോഷ്യലിസ്റ്റ് പശ്ചാത്തലത്തിൽനിന്നുവന്ന നേതാവാണ്. ജനതാ പാർട്ടിയുടെ മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകൻ. യെദിയൂരപ്പയുടെ ചരടുവലിയിൽ ജനതാദൾ യുനൈറ്റഡിൽനിന്ന് 2008ലാണ് അദ്ദേഹം ബി.ജെ.പിയിലെത്തുന്നത്. എന്നാൽ, കർണാടകയെ നയിക്കാൻ ആർ.എസ്.എസിന് വേണ്ടത് പൂർണമായും സംഘ്പരിവാർ പശ്ചാത്തലത്തിൽനിന്നുള്ള നേതാവാണ്. നളിൻ കുമാർ കട്ടീൽ, പ്രൾഹാദ് ജോഷി, സി.ടി. രവി അടക്കമുള്ളവർ ആ ലിസ്റ്റിലുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആരാണ് കർണാടകയിൽ ബി.ജെ.പിയെ നയിക്കുക എന്ന ചർച്ച അടുത്തിടെ ബി.ജെ.പിയിൽനിന്നുയരുന്നത് അതുകൊണ്ടാണ്. ബൊമ്മൈ തന്നെ നയിക്കുമെന്ന് നേതൃത്വം മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് വിലയിരുത്തിയാൽ അങ്ങനെയാകാൻ തരമില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 224ൽ 150 സീറ്റാണ് ബി.ജെ.പി ലക്ഷ്യം.

അണികളും നേതാക്കളും അസംതൃപ്തർ

കർണാടക ബി.ജെ.പി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ആവശ്യം നളിൻ കുമാർ കട്ടീൽ ഉന്നയിച്ചുകഴിഞ്ഞു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ പാർട്ടിയിലും ഭരണത്തിലും പിടിയുറപ്പിക്കാൻ ബി.എൽ. സന്തോഷ് ഇറക്കിയ കാർഡായിരുന്നു നളിൻ കുമാർ കട്ടീൽ. ആഗസ്റ്റ് മൂന്നിന് കട്ടീലിന്റെ ഭാരവാഹിത്വ കാലാവധി കഴിഞ്ഞു. പകരം ദക്ഷിണ കന്നടയിൽനിന്നുള്ള മന്ത്രി വി. സുനിൽകുമാറാണ് അധ്യക്ഷപദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. തീരമേഖലയിലെ ബി.ജെ.പിയുടെ വോട്ടുബാങ്കായ ബിലാവ സമുദായാംഗമാണ് സുനിൽ കുമാർ. വടക്കൻ കർണാടകയിൽ ലിംഗായത്തുകൾ ബി.ജെ.പിയുടെ വോട്ടുബാങ്കെന്നപോലെ തീര കർണാടകയിൽ ബിലാവ സമുദായമാണ് ബി.ജെ.പിയുടെ ശക്തി. ബി.ജെ.പിയുടെ മാത്രമല്ല; ഹിന്ദുത്വ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റങ്ദൾ, ഹിന്ദു ജാഗരണ വേദികെ, ശ്രീരാം സേന തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെയും പിൻബലം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന ബിലാവകളാണ്. ചെറുകിട കച്ചവടവും മത്സ്യബന്ധനവുമൊക്കെയാണ് ഭൂരിഭാഗത്തിന്റെയും തൊഴിൽമേഖല. ഹിന്ദുത്വ പാർട്ടികൾക്കുവേണ്ടി കൊല്ലാനിറങ്ങുന്നതും കൊല്ലപ്പെടുന്നതും ബിലാവകളാണെന്ന് ബി.ജെ.പി വിട്ട ബിലാവ നേതാവ് സത്യജിത് സൂറത്കൽ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കർണാടകയിൽ ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് ദക്ഷിണ കന്നടയിലാണ്.

ജില്ലയിലെ എട്ടിൽ ഏഴ് നിയമസഭ മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമാണ്. അവശേഷിക്കുന്ന സീറ്റിൽ കോൺഗ്രസ് നേതാവായ യു.ടി. ഖാദർ മാത്രമാണ് (മംഗളൂരു) നിയമസഭയിലേക്ക് വിജയിച്ചത്. ലോക്സഭ സീറ്റിലാകട്ടെ, 1991ൽ കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തശേഷം ബി.ജെ.പിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അത്തരമൊരു ജില്ലയിൽ ബിലാവ സമുദായ അംഗമായ പ്രവീൺ നെട്ടാരു (28) എന്ന യുവമോർച്ച നേതാവ് കൊല്ലപ്പെടുമ്പോൾ, അത് പാർട്ടിക്കപ്പുറം ബിലാവ സമുദായത്തിന്റെകൂടി പ്രശ്നമായി മാറുന്നു. സ്വന്തം കോട്ടയിൽപോലും തങ്ങൾക്ക് സംരക്ഷണം നൽകാൻ പാർട്ടി നയിക്കുന്ന ഭരണകൂടത്തിന് കഴിയുന്നില്ലെന്ന രോഷത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവരുടെ കാർ അതേ ജില്ലയിൽ ആക്രമിക്കപ്പെടുന്നു. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ ബംഗളൂരുവിലെ വീട്ടിൽ എ.ബി.വി.പി പ്രവർത്തകർ ഇരച്ചുകയറുന്നു. പല ജില്ലകളിലായി യുവമോർച്ച ഭാരവാഹികളും ബി.ജെ.പി ഐ.ടി സെൽ ജീവനക്കാരും രാജിവെക്കുന്നു. കോൺഗ്രസ് സർക്കാറായിരുന്നെങ്കിൽ കല്ലെറിയാമായിരുന്നു; ഇതിപ്പോ സ്വന്തം പാർട്ടിയായിപ്പോയില്ലേ എന്ന് യുവമോർച്ചയുടെ ദേശീയ അധ്യക്ഷനും വിദ്വേഷ നാവുമായ തേജസ്വി സൂര്യ വിലപിക്കുന്നു.

കൊല്ലപ്പെട്ടവരോട് ഇരട്ട സമീപനം

ബി.ജെ.പിക്കകത്ത് വിശേഷിച്ചും തീരമേഖലയിൽ പാർട്ടിയുടെ അടിത്തറയിൽ രൂപപ്പെട്ട പുകച്ചിൽ ഇല്ലാതാക്കാൻ പാർട്ടി നേതൃത്വം എന്തുതരം പ്രീണന നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പാണ്. യു.പിയിലെപ്പോലെ ഏറ്റുമുട്ടൽ കൊലയും തെരുവുനീതിയും കർണാടകയിൽ കൊണ്ടുവരുമെന്ന് ബൊമ്മൈക്ക് പറയേണ്ടിവരുന്നതും രണ്ടു കൊലപാതകക്കേസുകളിൽ സർക്കാർ കാണിച്ച പച്ചയായ വർഗീയ വിവേചനവും അതിന്റെ ഭാഗമാണ്. കൊല്ലപ്പെട്ട രണ്ട് മുസ്‍ലിം ചെറുപ്പക്കാരും ഒരു പാർട്ടിയുടെയും പ്രവർത്തകരല്ലെന്നിരിക്കെ ആ കുടുംബങ്ങളെ സമാശ്വസിപ്പിക്കാനോ ധനസഹായം നൽകാനോ സർക്കാർ തയാറായിട്ടില്ല. ഇത്തരം സമീപനം ആദ്യമായല്ല കർണാടകയിലെ ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഗദകിലെ നർഗുണ്ടിൽ ബജ്റങ്ദൾ നേതാവിന്റെ മുസ്‍ലിം വംശഹത്യ ആഹ്വാനത്തിനു പിന്നാലെ സമീർ സുബ്ഹാൻസാദ് എന്ന 19കാരനായ മുസ്‍ലിം യുവാവിനെ ഹിന്ദുത്വ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു.

ഏതാനും ബജ്റങ്ദൾ പ്രവർത്തകരുടെ അറസ്റ്റിനപ്പുറം സർക്കാർ സഹായമോ ഉന്നത അന്വേഷണമോ പ്രഖ്യാപിച്ചില്ല. ഫെബ്രുവരിയിലാണ് ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെടുന്നത്. സർക്കാർ സഹായം ഒഴുകിയെന്നതിനുപുറമെ, കേസ് എൻ.ഐ.എക്ക് കൈമാറുകയും ചെയ്തു. ദക്ഷിണ കന്നടയിൽ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിലും അതാണ് സംഭവിച്ചത്. ഇത് കർണാടകയിലെ ബി.ജെ.പി പ്രവർത്തകർക്കു മാത്രമായുള്ള സർക്കാറാണോ അതോ കർണാടകയിലെ ജനങ്ങൾക്കുവേണ്ടിയുള്ള സർക്കാറാണോ എന്ന് ചോദ്യമുയരുന്നത് അതുകൊണ്ടാണ്. ഭരണഘടനയുടെ പതിനാലാം വകുപ്പിന്റെ നഗ്നമായ ലംഘനമാണത്. മതേതരത്വ-സാംസ്കാരിക പ്രവർത്തകരുടെയും മുസ്‍ലിം സംഘടനകളുടെയും കടുത്ത വിമർശനമുയർന്നപ്പോൾ മാത്രം, കൊല്ലപ്പെട്ട മുസ്‍ലിം യുവാക്കളുടെ വീടുകളും വൈകാതെ സന്ദർശിക്കുമെന്ന് ബൊമ്മൈ നൽകിയ മറുപടി ജനങ്ങളുടെ മനസ്സിലുണ്ടാക്കിയ മുറിവുണക്കാൻ പോന്നതല്ല.

ബൊമ്മൈ സർക്കാർ വൻ അഴിമതിയിൽ മുങ്ങിക്കുളിച്ചിട്ടും കടുത്ത അഴിമതി ആരോപണത്തെതുടർന്ന് മുതിർന്ന മന്ത്രി ഈശ്വരപ്പ രാജിവെക്കേണ്ടിവന്നിട്ടും എസ്.ഐ നിയമന പരീക്ഷ ക്രമക്കേടിൽ എ.ഡി.ജി.പിയും വനിതാ മോർച്ച നേതാവുമടക്കം അറസ്റ്റിലായിട്ടും അതൊന്നും സർക്കാറിനെ ബാധിച്ചിട്ടില്ല. അഴിമതിയെ വർഗീയതകൊണ്ട് മൂടുകയാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ. കരുതിക്കൂട്ടി സൃഷ്ടിച്ച ഹിജാബ് വിവാദം ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽപോലും അനുകൂല തരംഗമുണ്ടാക്കിയെന്നാണ് രഹസ്യ സർവേ വെളിപ്പെടുത്തുന്നത്.

ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളുൾക്കൊള്ളുന്ന കർണാടകയുടെ തീരദേശ മേഖലയും ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നിവയുൾക്കൊള്ളുന്ന മലനാട് മേഖലയും അതിവേഗം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Show Full Article
TAGS:BJP Karnataka 
News Summary - When the BJP is fuming in Karnataka
Next Story