Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഇടം വലംchevron_right​സെക്രട്ടറിയുടെ...

​സെക്രട്ടറിയുടെ ഗ്ലാസ്​നോസ്​തും ക്യാപ്റ്റന്റെ പെരിസ്ട്രോയ്കയും

text_fields
bookmark_border
​സെക്രട്ടറിയുടെ ഗ്ലാസ്​നോസ്​തും ക്യാപ്റ്റന്റെ പെരിസ്ട്രോയ്കയും
cancel

ജനാധിപത്യത്തിന്റെ അസുഖം ഇച്ചിരി കൂടുതലാണല്ലോ കോൺഗ്രസുകാർക്ക്. അച്ചടക്കം എന്നത് ആലോചിക്കാൻപോലും പറ്റാത്ത സംഗതിയാണ്. സമ്പൂർണ ജനാധിപത്യ പ്രസ്​ഥാനമായി കോൺഗ്രസിനെ പരിവർത്തിപ്പിക്കാൻ പൊരിഞ്ഞ പോരാട്ടം നടന്നിട്ടുണ്ട് കേരളത്തിൽ. ‘അച്ചടക്കമെന്നാൽ അടിമത്തമല്ല’- എന്നായിരുന്നു അന്ന് പോരാളികളുടെ മുദ്രാവാക്യം. ചുമരായ ചുമരിലൊക്കെ അത് എഴുതിവെച്ചിരുന്നു.

എന്നിട്ടൊടുവിൽ, ജനതാ പാർട്ടിയിൽ വിലയംപ്രാപിച്ച് കോൺഗ്രസിനെ ശരിപ്പെടുത്താൻ പൊരുതുകയാണ് ആ പരിവർത്തനവാദികൾ ചെയ്തത്. അതുകൊണ്ടൊന്നും കോൺഗ്രസ് ഇല്ലാതായില്ല. ജനാധിപത്യം, സോഷ്യലിസം, നെഹ്റുവിസം, ഗ്രൂപ്പിസം തുടങ്ങി സകലമാന ആഡംബരങ്ങളോടും കൂടിയിതാ എഴുന്നേറ്റുവരുന്നു. പത്തുകൊല്ലം അധികാരത്തിൽനിന്ന് പുറത്തുനിർത്തിയപ്പോൾ പത്തിരട്ടി സീറ്റുള്ള മുന്നണിയുമായി വന്ന് വെല്ലുവിളിക്കുന്നു. ‘‘മറ്റാരുണ്ട്?’’ എന്ന് ചോദിച്ചവർക്കുമുന്നിൽ കാൽഡസൻ മുഖ്യമന്ത്രിമാരെ അണിനിരത്തി ആറാടുന്നു.

ഫലമറിഞ്ഞ് 240 മണിക്കൂറിന് ശേഷമാണ് നിയമസഭാകക്ഷി നേതാവിനെ പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം ചെയ്യാമായിരുന്നു. അങ്ങനെ ചെയ്താൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ കരുത്തുകാണിക്കാനുള്ള അവസരമാണ് പാഴാകുന്നത്. അത് കേരളത്തിലെ കോൺഗ്രസുകാർ ഒരിക്കലും പാഴാക്കിയിട്ടില്ല. ജനാധിപത്യത്തിന്റെ ഈ അയ്യരുകളിക്കിടയിൽ എതിർമുന്നണിയെ ഏറക്കുറെ എല്ലാവരും മറന്നു. എല്ലാവരും കോൺഗ്രസുകാർ അർമാദിക്കുന്നതു കാണാൻ കൂടി. ഇത് മര്യാദയല്ല.

രണ്ടു മുന്നണികൾ മത്സരിച്ചു. ഒരു കൂട്ടർ ജയിച്ചു. എന്നുവെച്ച് തോറ്റവരെ തിരസ്​കരിക്കാമോ? സത്യത്തിൽ തോറ്റ മുന്നണി ഏറ്റവുമധികം ശ്രദ്ധയും പരിചരണവും അർഹിക്കുന്ന സമയമാണിത്. ആ മുന്നണിക്കേറ്റ പരിക്കുകൾ ചെറുതല്ല. പത്തുകൊല്ലത്തെ തുടർഭരണത്തിനൊടുവിൽ ഇ.ജ.മു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ രംഗം ഓർക്കുമ്പോൾ സോവിയറ്റ് യൂനിയനെ എം.പി. നാരായണപിള്ള വിലയിരുത്തിയതാണ് മനസ്സിൽവരുന്നത്. നാണപ്പൻചേട്ടൻ പറഞ്ഞതിതാണ്: ‘‘പഞ്ചവത്സര പദ്ധതികളുടെ ആദിപിതാവായ ജോസഫ് സ്റ്റാലിൻ അക്കങ്ങളുടെ ആരാധകനായിരുന്നു.

അക്ഷരങ്ങളുടെ ശത്രുവും. ഉച്ചക്ക് ഉണരുന്ന സ്വഭാവം സ്വായത്തമാക്കിയശേഷം സ്റ്റാലിൻ നീണ്ടരാത്രികളിലൂടെ അക്കങ്ങളുമായി മല്ലിട്ടു. എന്നാൽ, സ്​പുട്നിക് വിട്ടിട്ടും ആറ്റംബോംബ് ആവശ്യത്തിലേറെ ഉണ്ടായിട്ടും സൂപ്പർ പവറായി മാറിയിട്ടും സോവിയറ്റ് സമ്പദ് വ്യവസ്​ഥ രക്ഷപ്പെട്ടില്ല. ഉൾനാടുകളിലെ പട്ടിണി മാറിയില്ല. ഇതിനുകാരണം കമ്യൂണിസത്തിന്റെ ദാർശനികമായ പരാജയമായിരുന്നില്ല. പ്ലാനിങ് എന്ന ആശയത്തിന്റെ സമ്പൂർണ പരാജയമായിരുന്നു’’.- ഇവിടെയും സംഭവിച്ചത് അതുതന്നെ. സോഷ്യൽ എൻജിനീയറിങ്ങിന്റെ പെരുങ്കൊല്ലനായ പിണറായി വിജയനും അക്കത്തിന്റെ ആരാധകനാണ്. അക്കശക്തിയിൽ പരമമായി വിശ്വസിച്ചതുകൊണ്ടാണ് മേയ് നാലാം തീയതി രാവിലെ വരെയും അദ്ദേഹം ആത്മവിശ്വാസം പുറത്തുവിട്ടത്. മുന്നണി കൺവീനർക്കുപോലും ഇല്ലാത്ത ആത്മവിശ്വാസം. അല്ലെങ്കിലും കൺവീനർ സങ്കൽപമല്ലേ? ചെയർമാനാണ് യാഥാർഥ്യം.

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അദ്ദേഹം നയിച്ച മുന്നണിയുടെ പകിട്ട് ഓർമയില്ലേ? നായകകക്ഷിയായ സി.പി.എമ്മടക്കം രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾ, കെ.എം. മാണി സാറിന്റെ മകൻ ജോസിന്റേതും ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ ഗണേഷ് കുമാറിന്റേതും കെ.എം. ജോർജ് സാറിന്റെ മകൻ ഫ്രാൻസിസ്​ ജോർജ് ഉപേക്ഷിച്ചതിനാൽ ഡോ. കെ.സി.ജോസഫിന് ഏറ്റെടുക്കേണ്ടിവന്നതുമായി മൂന്ന് കേരളാ കോൺഗ്രസുകൾ, രാമചന്ദ്രൻ കടന്നപ്പള്ളിക്കും എ.കെ. ശശീന്ദ്രനും മുക്ത്യാർ അവകാശമുള്ള രണ്ട് കോൺഗ്രസുകൾ, കുന്നത്തൂർ ഭാഗത്തൊക്കെ കണ്ടിരുന്ന ഒരു ആർ.എസ്.പി, അര മന്ത്രിയുണ്ടായിരുന്ന ഒരു ഐ.എൻ.എൽ, ശ്രേയാംസിന്റേതും മാത്യു ടി.തോമസിന്റേതുമായി രണ്ട് ജനതാദളുകൾ എന്നിങ്ങനെ പതിനൊന്നു പാർട്ടികൾ. പോരാ, മന്ത്രി വി.അബ്ദുർറഹ്മാൻ, മുൻമന്ത്രി കെ.ടി.ജലീൽ, മന്ത്രിയാകാതെപോയ പി.ടി.എ.റഹീം എന്നിവരടങ്ങുന്ന ചുവന്ന മുസ്‍ലിംകളുടെ ബ്ലോക്കും- ഇങ്ങനെ ഒരു ഡസൻ പാർട്ടികളടങ്ങുന്ന ഭരണമുന്നണിയാണ് തെരഞ്ഞെടുപ്പിലേക്ക് പോയത്. 98 സിറ്റിങ് സീറ്റുമുണ്ടായിരുന്നു. അതിൽ 55 എണ്ണം ഏതു ഭൂകമ്പത്തിലും സി.പി.എം ജയിച്ചുവരുന്നവയാണ് എന്നൊരു അന്ധവിശ്വാസവുമുണ്ടായിരുന്നു. അതായിരുന്നു പിണറായിയുടെ ആത്മവിശ്വാസം. ബാക്കി 11 പാർട്ടികൾ ചേർന്ന് 16 സീറ്റുകൾ ജയിച്ചാൽ മതിയായിരുന്നു. എന്നാലും ഭരിക്കാം. കണക്ക് കൃത്യമായിരുന്നു. പക്ഷേ, എണ്ണിയപ്പോൾ കണ്ടില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നൊന്നും ഇനിയതിനെ വിളിക്കുന്നതിൽ അർഥമില്ല. ജനാധിപത്യവും ഇല്ല മുന്നണിയും ഇല്ല. രണ്ട് കമ്യൂണിസ്​റ്റു പാർട്ടികളുടെ സഖ്യം മാത്രമാണത്. 26 എം.എൽ.എമാരുള്ള സി.പി.എമ്മും എട്ടുപേരുള്ള സി.പി.ഐയും. വീരേന്ദ്ര കുമാറിന്റെ മകൻ ശ്രേയാംസ്​ കുമാറിന്റെ ജനതാദളിന് ഒരു സീറ്റുണ്ട്. പി.ആർ. കുറുപ്പിന്റെ മകന്റെ മകൻ പി.കെ. പ്രവീൺ ജയിച്ചുവന്ന കൂത്തുപറമ്പ്. പക്ഷേ, ആ പാർട്ടി എത്രകാലം ഈ സഖ്യത്തിനൊപ്പം കാണുമെന്ന് പറയാൻ പറ്റില്ലല്ലോ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ എന്ന് ഉറപ്പിച്ചു പറയാനാവില്ല.

രാജ്യസഭ, ലോക്സഭ, നഗരസഭ തുടങ്ങി ഏത് സഭയിലേക്കുള്ള തെരഞ്ഞെടുപ്പും ആ ദളിന് മുന്നണിമാറ്റ സമയമാണ്. അച്ഛന്റെ കാലത്തേ അങ്ങനെയാണ്. അതിനാൽ ആർ.ജെ.ഡിയെ സ്​ഥിരപ്പെടുത്തണ്ട. ഉള്ളിടത്തോളം കാണാം. ഇനിയിപ്പോൾ ആലോചിക്കാനുള്ളത് ആ മുന്നണിയുടെ തൊണ്ട് നമ്മൾ എന്തുചെയ്യും എന്നാണ്. അകത്ത് രണ്ട് കമ്യൂണിസ്റ്റു പാർട്ടികളുടെ കാമ്പുണ്ട്. അതെടുക്കാം. തൊണ്ടോ? കത്തിച്ചാൽ പ്ലാസ്റ്റിക് കത്തിച്ചതിനേക്കാൾ കഷ്ടമായിരിക്കും. അത് സംസ്​കരിക്കാനുള്ള വഴി കണ്ടെത്തുകയും കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ള അടിത്തറയിൽ പുതിയൊരു ജനകീയമുന്നണി കെട്ടിപ്പടുക്കാൻ നോക്കുകയുമാണിനി വേണ്ടത്. സമയം കളയരുത്, സമരം തുടങ്ങാനുള്ളതാണ്.

1980ൽ രൂപവത്കരിച്ച ശേഷം ഇത്രയും ദയനീയമായ അവസ്​ഥ ആ മുന്നണിക്ക് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. 2001ൽ നൂറു സീറ്റോടെ യു.ഡി.എഫ് അധികാരത്തിൽവന്നപ്പോൾ ബാക്കി നാൽപത് സീറ്റുകളും എൽ.ഡി.എഫ് പിടിച്ചിരുന്നു. അന്ന് പ്രതിപക്ഷത്തിന്റെ ഓഹരി മറ്റാർക്കും കൊടുക്കേണ്ടിവന്നില്ല. ഇന്നങ്ങനെയല്ല, മഹത്തായ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഫലമായി പ്രതിപക്ഷ ബെഞ്ചിന്റെ ഒരറ്റത്ത് ബി.ജെ.പിക്കാരും ഇടംപിടിച്ചു. അതുപോട്ടെ, എൽ.ഡി.എഫാണല്ലോ നമ്മുടെ ചിന്താവിഷയം. 2001ൽ ഭരണം പോയെങ്കിലും മുന്നണിക്ക് ജീവനുണ്ടായിരുന്നു. സി.പി.എം 23, സി.പി.ഐ ഏഴ്, ജനതാദൾ-മൂന്ന്, കേ.കോൺ (ജോസഫ്) രണ്ട്, എൻ.സി.പി-രണ്ട്, ആർ.എസ്​.പി രണ്ട് എന്നിങ്ങനെ ഘടകക്ഷികൾക്കൊക്കെ എം.എൽ.എമാരുണ്ടായിരുന്നു. പോരാത്തതിന് മഞ്ഞളാംകുഴി അലിയും. ഇന്നത്തെപ്പോലെ ഘടകകക്ഷികളുടെ ശ്വാസം നിലച്ചിരുന്നില്ല അന്ന്.

ഇപ്പോൾ നോക്കൂ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, കെ.ബി.ഗണേഷ് കുമാർ എന്നിവർ അഞ്ചുകൊല്ലം പാർട്ടിയെ ഊട്ടിവളർത്തി തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കാമോ? ഐ.എൻ.എല്ലും ചുവന്ന മുസ്‍ലിംകളും ഇനിയും ലീഗിന്റെ മുന്നിൽ പിടിച്ചുനിൽക്കുമോ? ജനതാദളുകൾ രണ്ടും ലയിച്ചാൽ പത്തുകൊല്ലമൊക്കെ നിന്നേക്കും- വേരിന്റെ ഊക്കിൽ. പക്ഷേ, ഏത് മുന്നണിയിലായിരിക്കുമെന്ന് പറയാനാവില്ല. പിന്നെ മാണി സാറിന്റെ പേരുള്ള കേരളാ കോൺഗ്രസാണുള്ളത്. പാർട്ടി ചെയർമാനും പാർലമെൻററി പാർട്ടി അടപടലവും പാലായിലടക്കം തോറ്റു. എന്നിട്ട് യോഗം ചേർന്നപ്പോൾ അവർ ആലോചിച്ചത് വേറെ ഏതെങ്കിലും മുന്നണിയിൽപോയി രക്ഷപ്പെടാമോ എന്നാണ്. അതാണ് പറഞ്ഞത് അറ്റംകണ്ട ഘടകക്ഷികളെ കാത്തിരിക്കുന്നതിൽ കാര്യമില്ല.

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കേരളത്തിലുള്ള തനത് കരുത്ത് ഉപയോഗിക്കുകയേ നിവൃത്തിയുള്ളൂ. വല്യേട്ടൻ മാത്രമേ കൂട്ടിനുള്ളൂ എന്ന കാര്യം സി.പി.ഐക്കാർ മനസ്സിലുറപ്പിക്കുക. കുറുമ്പുകാട്ടാൻ കെൽപ്പില്ല എന്നറിയുക. ഇടക്കിടെ സി.പി.എമ്മിനെ പഠിപ്പിക്കാൻ നിൽക്കണ്ട. സി.പി.എമ്മും ചിലതൊക്കെ കരുതാനുണ്ട്. വെള്ളാപ്പള്ളി നടേശൻ മുതലാളിയും കാന്തപുരം ഉസ്​താദും വോട്ടുപിടിച്ചുതരുമെന്ന് വിശ്വസിക്കരുത്. ആ അന്ധവിശ്വാസം കൊണ്ടാണ് മുന്നണിയുടെ കൺവീനർ തോറ്റതും ചെയർമാൻ തോറ്റതുപോലായതും. ഇങ്ങനെയൊക്കെ ആയെങ്കിലും നേതാക്കളുടെ ദീർഘവീക്ഷണം ആശ്വാസത്തിന് വകതരുന്നുണ്ട്.

അണികൾക്ക് യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്താമെന്ന് എം.വി. ഗോവിന്ദൻ മാഷ് ഉറപ്പുതരുന്നുണ്ട്. ഇത് ഗോർബച്ചേവ് സോവിയറ്റ് യൂനിയനിൽ കൊടുത്തിരുന്ന അവകാശമാണ്. ഗ്ലാസ്​നോസ്ത്-തുറന്ന സമീപനം! എവിടെയെല്ലാം വീഴ്ച പറ്റിയിട്ടുണ്ടോ അവിടെയെല്ലാം തിരുത്തലുകൾ വരുത്തുമെന്ന് പിണറായിയും ഉറപ്പുതന്നിട്ടുണ്ട്. ഇതും ഗോർബച്ചേവിന്റെ പരിപാടിയാണ്. പെരിസ്ട്രോയ്ക. അഴിച്ചുപണി!! ഇതു രണ്ടും നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുവരുമെന്നാണ് സി.പി.എം പറഞ്ഞത്. ഇനിയും ഈ മുന്നണിയെ കൊണ്ടുനടക്കണോ, അതോ സ്വന്തം പാർട്ടിയെ എഴുന്നേൽപിച്ചുനിർത്തണോ എന്ന് സി.പി.എമ്മുകാർ ആലോചിക്കണം. ഇല്ലാതായ മുന്നണിയുടെ തൊണ്ടുമായി നടക്കുന്നതിൽ കാര്യമില്ല. അതങ്ങ് കളയാം. നല്ലതുവരട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionstorycaptainsecretarycolumn
News Summary - The Secretary's Glasnost and the Captain's Perestroika
Next Story