Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കവർന്നെടുത്ത തെരഞ്ഞെടുപ്പ്
cancel
camera_alt

മമത ബാനർജി തൃണമൂൽ നേതാക്ക​ൾക്കൊപ്പം ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷം

‘‘ഇന്ന് വൈകുന്നേരത്തോടെ എല്ലാം അവസാനിക്കും’‘. പശ്ചിമബംഗാളിലേക്ക് കൊണ്ടുവന്ന കേന്ദ്ര സേനയെ വോട്ടെണ്ണലിന് ശേഷമുണ്ടാകുന്ന അക്രമങ്ങൾ തടയാൻ അവിടെ തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി വോട്ടെണ്ണുന്ന അതേ ദിവസം തന്റെ മുമ്പാകെ വന്ന ‘സനാതനി സംഗ്സദ്’ എന്ന ഹിന്ദുത്വ സംഘടനയുടെ അഭിഭാഷകൻ വി.ഗിരിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.സൂര്യകാന്ത് പറഞ്ഞതാണിത്. കേന്ദ്ര സർക്കാർ ഇഛിച്ചത് പോലെ എസ്.ഐ.ആർ നടത്താനും ‘സംശയാസ്പദ വോട്ടർമാർ’ എന്ന ബംഗാളിന് മാത്രമുള്ള പ്രത്യേക ഗണത്തിൽപ്പെടുത്തി ലക്ഷക്കണക്കിന് പൗരരുടെ വോട്ട് തടയാനും കേന്ദ്ര സേനയെയും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയും വെച്ച് വോട്ടെണ്ണൽ നടത്താനും അനുവദിച്ച ചീഫ് ജസ്റ്റിസ് എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.

അതെന്തായാലും ഈ ആവശ്യവുമായി വന്ന ഹിന്ദുത്വ സംഘടന ബോധിപ്പിച്ചത് പോലെയോ അതിന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടി പോലെയോ ആയിരുന്നില്ല വോട്ടെണ്ണൽ വേളയിലും അത് കഴിഞ്ഞുള്ള മണിക്കൂറുകളിലും പശ്ചിമ ബംഗാളിൽ നിന്നുള്ള വൃത്താന്തങ്ങൾ. എന്ന് മാത്രമല്ല, പരാതിയുമായെത്തിയ ഹിന്ദുത്വ സംഘടന ബോധിപ്പിച്ചതിന് നേർവിപരീതവുമായിരുന്നു അരങ്ങേറിയ അക്രമങ്ങളത്രയും. ഹിന്ദുത്വ സംഘടനാ പ്രവർത്തകർ തൃണമുൽ പ്രവർത്തകരെയാണ് അക്രമം കൊണ്ട് നേരിട്ടത്. അക്രമം തടയാനെന്ന പേരിൽ കൊണ്ടുവന്ന കേന്ദ്ര അർധ സൈനിക വിഭാഗങ്ങൾ വോട്ടുകൊള്ളക്കും അക്രമത്തിനുമുള്ള ‘ഗുണ്ടാ വാഹിനി’യായി മാറിയെന്ന് മുഖ്യമന്ത്രി മമതാ ബാനർജി രോഷം കൊള്ളുന്നിടത്തോളം അക്രമങ്ങൾ അരങ്ങേറി. വോട്ടെണ്ണി തീരും മുൻപേ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ നിന്ന് തൃണമൂൽ കോൺഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാരെ അടിച്ചോടിച്ച് തുടങ്ങിയ അക്രമം അവരുടെ വീടുകളും ഓഫീസുകളും തകർത്തും ആയുധങ്ങളുമായി ആക്രമിച്ചും ചൊവ്വാഴ്ചയും തുടർന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം നടക്കുന്നുവെന്ന് പാർട്ടി പ്രവർത്തകരിൽ നിന്നുള്ള പരാതി കേട്ട് സ്വന്തം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ചെന്ന തന്നെയും വെറുതെ വിട്ടില്ലെന്ന് മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പോളിംഗ് ദിവസം എല്ലാ പാർട്ടികളുടെയും പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടുയന്ത്രങ്ങൾ അവയുടെ പെട്ടിയിലാക്കി അടച്ചുപൂട്ടി മുദ്രവെക്കുന്ന നേരത്ത് ഓരോ യന്ത്രത്തിന്റെ സീരിയൽ നമ്പറും അതിൽ ആകെ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തുന്ന ഫോം 17-സി വോട്ടെണ്ണുന്ന സമയത്ത് പെട്ടി തുറക്കുമ്പോൾ ഒത്തുനോക്കാനുള്ളതാണ്. എന്നാൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വന്ന തൃണമൂൽ കോൺഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാരിൽ നിന്ന് ആ ഫോമുകളത്രയും പിടിച്ചുപറിക്കുകയാണെന്ന വിവരം കേട്ടാണ് താൻ പോയതെന്നാണ് മമത പറഞ്ഞത്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പുറപ്പെട്ട തന്നെ വഴിയിൽ തടയാൻ നോക്കിയിട്ടും കഴിയാതെ വന്നപ്പോൾ കേന്ദ്രത്തിനുള്ളിൽ കായികമായി നേരിട്ടുവെന്നും അവർ പറഞ്ഞു. ഫോം 17-സിയിൽ നോക്കിയാൽ എണ്ണുന്ന വോട്ടുയന്ത്രത്തിന്റെ സീരിയൽ നമ്പറും അതിലാകെ പോൾ ചെയ്ത വോട്ടും അറിയുമെന്നതിനാൽ അത്തരം ഒത്തുനോക്കൽ ഒഴിവാക്കാനാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഫോമുകൾ പിടിച്ചുപറിച്ചതും കൗണ്ടിംഗ് ഏജന്റുമാരെ അടിച്ചോടിച്ചതുമെന്നും മമത ആരോപിക്കുന്നു.

ഭരണവിരുദ്ധവികാരത്തിനും എസ്.ഐ.ആറിലെ വോട്ടുവെട്ടിനുമിടയിലും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് ഭരണത്തിലേറാൻ വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാതെ കഴിയില്ലെന്ന് വോട്ടെടുപ്പിന് മുമ്പെ സാക്ഷ്യപ്പെടുത്തിയിരുന്നവരാണ് ബംഗാളി മാധ്യമങ്ങളുടെ ലേഖകരധികവും. ബി.ജെ.പി 200 സീറ്റിലേക്ക് എത്താവുന്ന ഒരു സാഹചര്യവുമില്ലായിരുന്നുവെന്ന് ഇപ്പോഴും ആവർത്തിക്കുന്ന അവർ വോട്ടുയന്ത്രങ്ങളിൽ വല്ലതും നടന്നിരിക്കാമെന്ന സംശയം അസ്ഥാനത്തല്ലെന്ന് ഫലം വന്ന ശേഷവും പറയുന്നുണ്ട്. ബി.ജെ.പിക്ക് ജയിക്കാനായി യഥാർഥ വോട്ടർമാരെന്ന് സുപ്രീംകോടതിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ബോധ്യമുള്ള 27 ലക്ഷം പേരെ വോട്ടുചെയ്യാൻ സമ്മതിക്കാതെ നീതിപൂർവകമല്ലാതെ നടത്തിയ ഒരു തെരഞ്ഞെടുപ്പിന്റെ വോട്ടുയന്ത്രങ്ങളിൽ കൂടി അട്ടിമറി നടത്തിയെന്ന് പറഞ്ഞാൽ ആരും അവിശ്വസിക്കില്ലെന്നും അവർ പറയുന്നു.

എസ്.ഐ.ആറിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റിയിട്ടും പരാജയപ്പെടുമെന്ന് കണ്ടതോടെയാണ് ‘വോട്ടുചോരി’ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കും നീണ്ടതെന്നാണ് മമത ബാനർജി പറയുന്നത്. ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം എസ്.ഐ.ആറിലുടെ തടഞ്ഞിട്ടും തൃണമുൽ കോൺഗ്രസിന്റെ 100 സീറ്റുകൾ കവരാൻ വോട്ടെണ്ണലിലും അട്ടിമറി നടത്തേണ്ടി വന്നുവെന്നാണ് അവരുടെ പക്ഷം. ബംഗാളിലേത് ബി.ജെ.പി കമീഷനെ ഉപയോഗിച്ച് കവർന്നെടുത്ത തെരഞ്ഞെടുപ്പാണ് എന്ന മമതാ ബാനർജിയുടെ നിലപാടിന് ഒപ്പമാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ബംഗാളിലെ തെരഞ്ഞെടുപ്പ് ജനവിധിയാണെന്ന് വ്യാഖ്യാനിച്ച് മതയെ പരിഹസിക്കരുതെന്ന് ഓർമിപ്പിച്ചിട്ടുമുണ്ട് രാഹുൽ. ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന വോട്ടുചോരി തന്നെയാണിതെന്ന് രാഹുലിനെ പോലെ മമതയും സമ്മതിച്ചിരിക്കുന്നു. ‘ഒരു രാജ്യം ഒരു പാർട്ടി’ എന്ന ലക്ഷ്യം നേടാൻ ബി.ജെ.പി നടത്തുന്ന വോട്ടുചോരിക്കെതിരെ പോരാട്ടത്തിന് ദേശീയ തലത്തിൽ കൈകോർക്കാൻ കൊൽക്കത്തയിലേക്ക് ഇൻഡ്യ നേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് മമത.

യഥാർഥത്തിൽ ‘കവർന്നെടുത്ത തെരഞ്ഞെടുപ്പ്’ (Stolen Election) എന്ന് ആധികാരികമായി വിശേഷിപ്പിക്കാവുന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ് പശ്ചിമബംഗാളിലേത്. വോട്ടവകാശമുണ്ടായിട്ടും അതിന് രേഖാമൂലമുള്ള സാക്ഷ്യങ്ങളുണ്ടായിട്ടും അപ്പീൽ കേൾക്കാൻ സമയം പോലും നൽകാതെ 27 ലക്ഷം പേരെ പോളിംഗ്ബൂത്തിലേക്ക് വരാതെ തടഞ്ഞുനിർത്തി കെട്ടിച്ചമച്ച ജനവിധി സൃഷ്ടിച്ചത് കവർന്നെടുത്ത തെരഞ്ഞെടുപ്പിന്റെ ക്ലാസിക്കൽ ഉദാഹരണമായി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്താതിരിക്കില്ല.

എസ്.ഐ.ആറിലുടെ സമ്മതിദാനാവകാശം നഷ്ടപ്പെട്ട് കൊൽക്കത്തയിലെ വോട്ടെടുപ്പ് ഒരു വിദേശിയെ പോലെ കണ്ടുനിൽക്കേണ്ടി വന്നുവെന്ന് പറഞ്ഞത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൊൽക്കത്തയിൽ വോട്ടു ചെയ്തുകൊണ്ടിരുന്ന ടെലിഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലാണ്. സമ്മതിദാനം വിനിയോഗിച്ചതിന്റെ മഷി പുരളാത്ത വിരലുകളമായി തന്നെപോലുള്ള ലക്ഷക്കണക്കിന് പൗരരെ കാഴ്ചകാരാക്കി നിർത്തിയാണ് റെക്കോഡ് പോളിംഗിന്റെ വർണനകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെട്ടിയ വോട്ടുകളും ഭൂരിപക്ഷവും തമ്മിലെ താരതമ്യത്തിന് പോലും പ്രസക്തിയില്ലെന്നും ഒരു പൗരനെങ്കിലും വോട്ടവകാശം വിനിയോഗിക്കാനായില്ലെങ്കിൽ ആ തെരഞ്ഞെടുപ്പ് നീതിപൂർവകമല്ലെന്നും രാജഗോപാൽ ഓർമിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersmamatha banerjeewest bangalelectionViolencestolen
News Summary - Stolen election
Next Story