പാഠപുസ്തക വിതരണം പുരോഗമിക്കുന്നു; 80 ശതമാനം പൂർത്തിയായി
text_fieldsപാലക്കാട്: പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം പുരോഗമിക്കുന്നു. നിലവിൽ 80 ശതമാനം വിതരണം പൂർത്തിയായി. ഷൊർണൂരിലെ കുളപ്പുള്ളി സെൻട്രൽ ടെക്സ്റ്റ് ബുക്ക് സ്റ്റോറിൽനിന്നുമാണ് ജില്ലയിലെ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്.
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കായി അധ്യയനവർഷം 35,10,799 പാഠപുസ്തകങ്ങളാണ് ജില്ലയിലേക്ക് ആവശ്യമായിട്ടുള്ളത്. ഇതിൽ 23,38,799 പുസ്തകങ്ങൾ വിതരണത്തിനെത്തിയിരുന്നു. കഴിഞ്ഞമാസം തന്നെ ഇവയുടെ വിതരണവും തുടങ്ങി. നിലവിൽ 22,39,252 പുസ്തകങ്ങൾ വിതരണം ചെയ്തു. ചൊവ്വാഴ്ച മാത്രം 34,291 പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിൽ ആകെ 236 വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽനിന്നാണ് അതത് സ്കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾക്കാണ് ഇത്തവണ മാറ്റമുള്ളത്. ഇവ ഏപ്രിലിൽ തന്നെ വിതരണത്തിന് എത്തിയിരുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ കഴിഞ്ഞവർഷം മാറിയ പുസ്തകങ്ങളുടെ റിവൈസ്ഡ് കോപ്പികളാണ് വിതരണം ചെയ്യുന്നത്. മിക്ക സ്കൂളുകളിലും വിതരണവും പൂർത്തിയായി.
രണ്ട് ലക്ഷത്തോളം പുസ്തകങ്ങൾ നിലവിൽ തരംതിരിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ആറാം ക്ലാസിലെ മലയാളം, സോഷ്യൽ, വർക്ക് എജുക്കേഷൻ, എട്ടാം ക്ലാസിലെ മലയാളം, സോഷ്യൽ, ഐ.സി.ടി, ഒമ്പതാം ക്ലാസിലെ ഐ.സി.ടി, വർക്ക് എജുക്കേഷൻ, പത്താം ക്ലാസിലെ വർക്ക് എജുക്കേഷൻ എന്നീ പുസ്തകങ്ങളാണ് ഇനി വരാനുള്ളത്.
ആദ്യ ഭാഗം പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഇനി 8,72,737 പുസ്തകങ്ങൾ ഇനി ഹബ്ബിൽ ലഭിക്കാനുണ്ട്. ലഭ്യമാകുന്ന മുറക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് പുസ്തകങ്ങളെല്ലാം കൊടുത്തുതീർക്കുമെന്ന് അധികൃതർ പറഞ്ഞു. മണ്ണാർക്കാട്, അഗളി എന്നിവിടങ്ങളിലെ വിദൂരസ്ഥലങ്ങളിലും പുസ്തകങ്ങളെത്തിച്ചുകഴിഞ്ഞു.
കഴിഞ്ഞവർഷം മാർച്ചിൽ തന്നെ പുസ്തക വിതരണം ആരംഭിച്ചിരുന്നെങ്കിലും മാറിയ പുസ്തകങ്ങളുടെ അച്ചടി വൈകിയതുമൂലം സ്കൂൾ തുറക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തവണ സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
ഒന്നുമുതൽ എട്ട് വരെയുളള ക്ലാസുകളിലെ കുട്ടികൾക്കുള്ള യൂനിഫോം വിതരണവും ഈ മാസം തന്നെ നടക്കും. വിദ്യാർഥികളിൽ കൈത്തറി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ പ്രൈമറി വിദ്യാർഥികൾക്ക് കൈത്തറി യൂനിഫോമുകളാണ് നൽകുന്നത്. ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്ക് ബി.ആർ.സികൾ വഴി നൽകുന്ന പഠനോപകരണങ്ങളും ഈ മാസം വിതരണം ചെയ്യും.
42 ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എത്തിക്കുന്നത്. ഇതിനായുള്ള ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

