Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_right‘മടുത്തു ഇനിയില്ല’;...

‘മടുത്തു ഇനിയില്ല’; വർഷങ്ങളുടെ അധ്വാനവും സ്വപ്നങ്ങളും വെറും 464 രൂപക്ക് തൂക്കി വിറ്റ് യു.പി.എസ്.സി ഉദ്യോഗാർഥി

text_fields
bookmark_border
upsc
cancel

സിവിൽ സർവീസ് എന്ന വലിയ സ്വപ്നത്തിന് പിന്നാലെ വർഷങ്ങളോളം പാഞ്ഞുനടന്ന്, ഒടുവിൽ നിരാശയോടെ പഠന സാമഗ്രികൾ പഴയ സാധനങ്ങൾ വാങ്ങുന്നയാൾക്ക് വെറും 464 രൂപയ്ക്ക് വിൽക്കേണ്ടി വന്ന ഒരു 26കാരന്റെ വൈകാരികമായ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നാല് തവണ യു.പി.എസ്.സി പരീക്ഷ എഴുതിയ ഈ ഉദ്യോഗാർഥി 2023, 2024, 2025 വർഷങ്ങളിൽ തുടർച്ചയായി മെയിൻസ് പരീക്ഷ വരെ എത്തിയിരുന്നു.

എന്നാൽ ഇത്തവണ ആദ്യമായി പ്രിലിമിനറി ഘട്ടത്തിൽ തന്നെ പുറത്തായതോടെയാണ് പഠനം അവസാനിപ്പിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. താൻ സ്വപ്നം കണ്ട ജീവിതത്തിനായി വർഷങ്ങളോളം കൂടെക്കൂട്ടിയ പുസ്തകങ്ങൾ വിറ്റഴിച്ച നിമിഷത്തെക്കുറിച്ച് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് യുവാവ് മനസ്സ് തുറന്നത്.

എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും, ലക്ഷ്മികാന്ത് പൊളിറ്റി പുസ്തകവും, ആദ്യമായി എഴുതിയ മോക്ക് ടെസ്റ്റുകളുമെല്ലാം തൂക്കി വിറ്റ കൂട്ടത്തിലുണ്ടായിരുന്നു. ഇവ വെറും പുസ്തകങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് വർഷങ്ങളോളം പുലർച്ചെ എഴുന്നേറ്റ് നടത്തിയ പഠനത്തിന്റെയും, മനസ്സിൽ തോന്നിയ സ്വയം സംശയങ്ങളുടെയും, തോറ്റിടത്തുനിന്ന് വീണ്ടും പോരാടാനുള്ള ഉറച്ച തീരുമാനങ്ങളുടെയും പ്രതീകമായിരുന്നു.

ത്രാസിലേക്ക് ഓരോ പുസ്തകവും എടുത്തുവെക്കുമ്പോൾ തന്റെ ഉള്ളിൽ ഒരു മരവിപ്പ് അനുഭവപ്പെടുകയായിരുന്നു. അത് വെറും കടലാസുകളല്ല, മറിച്ച് പുലർച്ചെ 4 മണിക്ക് തയാറാക്കിയ നോട്ടുകളും, ഓരോ മാർക്ക് കൂടുതൽ നേടാനായി വീണ്ടും വീണ്ടും തിരുത്തിയെഴുതിയ ഉത്തരങ്ങളുമായിരുന്നു. ഈ പരീക്ഷാചക്രത്തിലൂടെ കടന്നുപോകാത്ത ഒരാൾക്കും ഇതിന്റെ വേദന പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്നും യുവാവ് വൈകാരികമായി കുറിച്ചു.

ഈ വലിയ സ്വപ്നത്തിനായി വ്യക്തിജീവിതത്തിലും കരിയറിലും നിരവധി ത്യാഗങ്ങളാണ് ചെയ്യേണ്ടി വന്നത്. 2022ൽ സിവിൽ സർവീസിലുള്ള പ്രതീക്ഷ കാരണം ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കുകയായിരുന്നു. ഇതിനിടയിൽ നാല് വർഷം നീണ്ട പ്രണയബന്ധം തകരുകയും ചെയ്തു. എന്നാൽ ഓരോ വീഴ്ചക്ക് ശേഷവും 'ഒരു തവണ കൂടി ശ്രമിക്കാം' എന്ന ആത്മവിശ്വാസത്തിൽ വീണ്ടും പഠനം ആരംഭിക്കുകയായിരുന്നു. എന്നാൽ ഒടുവിൽ കെട്ടിപ്പടുത്ത സ്വപ്നങ്ങളും അധ്വാനവുമെല്ലാം കിലോഗ്രാമിന്റെ കണക്കിൽ അളക്കപ്പെടുന്നത് കാണേണ്ടി വന്നു.

തൂക്കി വിറ്റപ്പോൾ ലഭിച്ച 464 രൂപക്ക് പകരം കുറച്ചുകൂടി സാമ്പത്തികമായി വാശിപിടിച്ചിരുന്നെങ്കിൽ 100 അല്ലെങ്കിൽ 200 രൂപകൂടി കൂടുതൽ കിട്ടുമായിരുന്നുവെന്ന് അടുപ്പമുള്ളവർ പറഞ്ഞെങ്കിലും എനിക്ക് പണം ഒരു വിഷയമേ ആയിരുന്നില്ല. കാരണം ആ പുസ്തകങ്ങളിൽ നിന്ന് താൻ ആഗ്രഹിച്ചത് തനിക്ക് ലഭിച്ചില്ല, ഇനി ലഭിക്കുന്ന ഏതാനും രൂപകൾ കൊണ്ട് ഒന്നും മാറാൻ പോകുന്നില്ലെന്ന തിരിച്ചറിവായിരുന്നു അതിന് കാരണം.

ആ 464 രൂപ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ കാണിക്കയായി നൽകി. ദൈവത്തോടുള്ള നന്ദിയോ അടുത്ത തവണത്തെ ഭാഗ്യത്തിനോ വേണ്ടിയല്ല അത് ചെയ്തത്, കാരണം ഇനി അടുത്തൊരു ചാൻസ് ഇല്ല എന്ന ചിന്തയാണ് ആ യുവാവിനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.

ഈ വൈകാരികമായ കുറിപ്പ് മറ്റ് അനേകം യു.പി.എസ്.സി ഉദ്യോഗാർഥികളുടെ നെഞ്ചിലാണ് തട്ടിയത്. വൻ മത്സരപ്പരീക്ഷകൾക്കായി തയാറെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന മാനസിക സമ്മർദവും തകർച്ചകളും സ്വന്തം അനുഭവം വെച്ച് പലരും കമന്റുകളിലൂടെ പങ്കുവെച്ചു. "ഇതിലൂടെ കടന്നുപോയ ഒരാൾക്ക് മാത്രമേ നിങ്ങളുടെ അവസ്ഥ മനസ്സിലാകൂ" എന്നും, "ഇതൊന്നും ഒരു പരാജയമല്ല, ജീവിതം മുന്നോട്ട് പോകുക തന്നെ ചെയ്യും" എന്നും കുറിച്ചുകൊണ്ട് നിരവധി പേർ ഇദ്ദേഹത്തിന് പിന്തുണയും ധൈര്യവും പകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCMental StressCivil Services ExamScrapEmotional Note
News Summary - A UPSC Aspirant's Emotional Goodbye
Next Story