യു.ജി.സി നെറ്റ് ജൂൺ 2026 താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി; ആഗസ്റ്റ് 18 വരെ പരാതി ഉന്നയിക്കാം
text_fieldsന്യൂഡൽഹി: ജൂൺ 2026ലെ യു.ജി.സി നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഉത്തരസൂചികക്കൊപ്പം രേഖപ്പെടുത്തിയ ഉത്തരങ്ങളും ചോദ്യപേപ്പറും പരിശോധിക്കാം. ഉത്തരങ്ങളിൽ പിഴവുണ്ടെന്ന് കണ്ടെത്തുന്നവർക്ക് ആഗസ്റ്റ് 18 രാത്രി 11.59 വരെ ഓൺലൈനായി പരാതി സമർപ്പിക്കാം.
ജൂൺ 2026ലെ യു.ജി.സി നെറ്റ് പരീക്ഷയിൽ ഉൾപ്പെട്ട 84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചികയാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക യു.ജി.സി നെറ്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും സ്വന്തം റെസ്പോൺസ് ഷീറ്റും പരിശോധിക്കാം. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങൾക്ക് ചോദ്യപേപ്പറുകളിലെ വിവിധ പിശകുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനായി എൻ.ടി.എ ഒരു കമ്മിറ്റി രൂപീകരിച്ചു.
ജൂൺ 22 മുതൽ 30 വരെയായിരുന്നു യു.ജി.സി നെറ്റ് പരീക്ഷ. ചില ഉദ്യോഗാർഥികൾക്കായി ജൂലൈ അഞ്ചിന് പുനഃപരീക്ഷയും നടത്തിയിരുന്നു. ഉത്തരസൂചികയും ഫലവും പുറത്തിറക്കാൻ വൈകുന്നതിൽ ഉദ്യോഗാർഥികളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.
പ്രൊവിഷണൽ ഉത്തരസൂചികയിലെ ഏതെങ്കിലും ഉത്തരത്തിൽ പിഴവുണ്ടെന്ന് ഉദ്യോഗാർഥികൾക്ക് തോന്നിയാൽ നിശ്ചിത നടപടിക്രമം പാലിച്ച് ചലഞ്ച് സമർപ്പിക്കാം. ഓരോ ചോദ്യത്തിനും 200 രൂപയാണ് ചലഞ്ച് ഫീസ്. ആഗസ്റ്റ് 16 മുതൽ 18 വരെയാണ് പരാതി സമർപ്പിക്കൽ അവസരം.
ഉദ്യോഗാർഥികൾ ആദ്യം ഔദ്യോഗിക പോർട്ടലിൽ ലോഗിൻ ചെയ്ത് തങ്ങളുടെ റെസ്പോൺസ് പരിശോധിക്കണം. തുടർന്ന് ഉത്തരസൂചികയുമായി താരതമ്യം ചെയ്ത് തെറ്റുണ്ടെന്ന് കണ്ടെത്തുന്ന ചോദ്യങ്ങൾ മാത്രം ചലഞ്ച് ചെയ്യുന്നതാണ് ഉചിതം. ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന പരാതികൾ എൻ.ടി.എ പരിശോധിക്കും. വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും യു.ജി.സി നെറ്റ് ഫലം തയാറാക്കുക.
ഉദ്യോഗാർഥികൾക്ക് യു.ജി.സി നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് Provisional Answer Key / Challenge സംബന്ധിച്ച ലിങ്ക് തിരഞ്ഞെടുക്കാം. അപേക്ഷാ നമ്പറും ആവശ്യമായ ലോഗിൻ വിവരങ്ങളും നൽകി റെസ്പോൺസ് ഷീറ്റും ഉത്തരസൂചികയും പരിശോധിക്കാം.
പ്രൊവിഷണൽ ഉത്തരസൂചിക: ആഗസ്റ്റ് 16, 2026
ചലഞ്ച് ആരംഭം: ആഗസ്റ്റ് 16
ചലഞ്ച് അവസാന തീയതി: ആഗസ്റ്റ് 18, രാത്രി 11.59
ചലഞ്ച് ഫീസ്: ഒരു ചോദ്യത്തിന് 200 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

