നൽസർ എൻറോൾമെന്റ് വിവാദം; നിയമ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിയമ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും സംസ്ഥാന ബാർ കൗൺസിലുകൾക്കും നിയമപരമായ അധികാരമില്ലെന്ന് സുപ്രീംകോടതി. ഹൈദരാബാദിലെ നൽസർ നിയമ യുണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാർഥികളുടെ എൻറോൾമെന്റ് തടഞ്ഞതുമായി ബന്ധപ്പെട്ട നടപടിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമബിരുദധാരി അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷമാണ് ബാർ കൗൺസിലിന് അവർക്കെതിരെ പ്രഫഷണൽ അച്ചടക്ക നടപടി സ്വീകരിക്കാൻ കഴിയൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമ വിദ്യാർഥിയായിരിക്കുമ്പോൾ പെരുമാറ്റത്തിന്റെ പേരിൽ ബി.സി.ഐക്കോ സംസ്ഥാന ബാർ കൗൺസിലുകൾക്കോ അച്ചടക്ക നടപടി സ്വീകരിക്കാൻ കഴിയില്ല. നിയമ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം അവരുടെ മാതൃ വിദ്യാഭ്യാസ സ്ഥാപനത്തിനോ അല്ലെങ്കിൽ ആ സ്ഥാപനത്തിന്റെ നിയമങ്ങളും ബൈലോകളും പ്രകാരം നിയുക്തമാക്കിയിട്ടുള്ള യോഗ്യതയുള്ള അതോറിറ്റിക്കോ ആണെന്നും കോടതി വ്യക്തമാക്കി.
നൽസർ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ബി.സി.ഐയുടെ കടുത്ത നടപടി. 2026ൽ നൽസറിൽ നിന്ന് നിയമബിരുദം നേടിയ വിദ്യാർഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തടയുകയായിരുന്നു. എന്നാൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനം ഉയർന്നു. തുടർന്ന് ബി.സി.ഐ ഉത്തരവ് പിൻവലിക്കുകയും 2026 ബാച്ചിലെ എല്ലാ വിദ്യാർഥികൾക്കും തങ്ങൾ തിരഞ്ഞെടുക്കുന്ന സംസ്ഥാന ബാർ കൗൺസിലിൽ എൻറോൾ ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.
നേരത്തെ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ബി.സി.ഐയുടെ ഇടപെടലിനെ ശക്തമായി വിമർശിച്ചിരുന്നു. വിദ്യാർഥികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും ബാർ കൗൺസിൽ പോലുള്ള സ്ഥാപനങ്ങൾ അതിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിഷയത്തിന്റെ മുഴുവൻ വശങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ പ്രതിഷേധത്തെ നിയമവൃത്തിയിലേക്കുള്ള പ്രവേശനവുമായി ബന്ധിപ്പിക്കുന്നത് അനാവശ്യ ഇടപെടലാണെന്ന നിലപാടും കോടതി സ്വീകരിച്ചു. ഭാവിയിൽ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ബി.സി.ഐയെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കുകയും കൗൺസിലിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

