Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അത് എനിക്കും...

‘അത് എനിക്കും വിദ്യാർഥികൾക്കും ഇടയിലുള്ള വിഷയം, നിങ്ങൾ ഇടപെടുന്നതെന്തിന്?’; നൽസർ വിഷയത്തിൽ ബാർ കൗൺസിലിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

text_fields
bookmark_border
CJI Surya Kant
cancel

ന്യൂഡൽഹി: നൽസർ നിയമ സർവകലാശാലയിലെ 2026 ബാച്ച് വിദ്യാർഥികളുടെ അഭിഭാഷക എൻറോൾമെന്റ് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബി.സി.ഐ) നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നും ബാർ കൗൺസിൽ പോലുള്ള സ്ഥാപനങ്ങൾ അതിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നൽസർ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബി.സി.ഐ കടുത്ത നടപടി സ്വീകരിച്ചത്. 2026ൽ നൽസറിൽ നിന്ന് നിയമബിരുദം നേടിയ വിദ്യാർഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തടയുകയായിരുന്നു. എന്നാൽ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനം ഉയർന്നു. തുടർന്ന് ബി.സി.ഐ ഉത്തരവ് പിൻവലിക്കുകയും 2026 ബാച്ചിലെ എല്ലാ വിദ്യാർഥികൾക്കും തങ്ങൾ തിരഞ്ഞെടുക്കുന്ന സംസ്ഥാന ബാർ കൗൺസിലിൽ എൻറോൾ ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.

നൽസർ വിഷയത്തിൽ സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ബി.സി.ഐ നടപടിയെ ചോദ്യം ചെയ്തത്. വിദ്യാർഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിഷയത്തിന്റെ മുഴുവൻ വശങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ പ്രതിഷേധത്തെ നിയമവൃത്തിയിലേക്കുള്ള പ്രവേശനവുമായി ബന്ധിപ്പിക്കുന്നത് അനാവശ്യ ഇടപെടലാണെന്ന നിലപാടും കോടതി സ്വീകരിച്ചു. ഭാവിയിൽ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ബി.സി.ഐയെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കുകയും കൗൺസിലിന് നോട്ടീസ് അയക്കുകയും ചെയ്തു.

‘ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഇത് അനാവശ്യമാണ്. അവർക്ക് ഇടപെടേണ്ട കാര്യമില്ലായിരുന്നു. വിദ്യാർഥികൾ എനിക്ക് ഒരു കത്തെഴുതിയിട്ടുണ്ട്, അത് ഞാനും വിദ്യാർഥികളും തമ്മിലുള്ളതാണ്. ഞങ്ങൾക്കിടയിൽ ഒരു സംഭാഷണമുണ്ട്.’ -ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ നൽസറിൽ നടന്ന സംഘടിത പ്രചാരണത്തെക്കുറിച്ച് ബി.സി.ഐ വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നിൽ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും സർവകലാശാലയോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രതിഷേധം നിയമവിദ്യാർഥികളിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രഫഷണൽ മര്യാദക്ക് വിരുദ്ധമാണെന്ന തരത്തിലുള്ള പരാമർശങ്ങളും ആദ്യ ഉത്തരവിൽ ഉണ്ടായിരുന്നു. അധ്യാപകരിൽ ചിലർ വിദ്യാർഥികളെ പ്രേരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണവും ബി.സി.ഐ ഉന്നയിച്ചിരുന്നു.

നൽസറിലെ 450ഓളം വിദ്യാർഥികൾ ചീഫ് ജസ്റ്റിസിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ജൂലൈ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നടപടികളിലെ ചീഫ് ജസ്റ്റിസിന്റെ സമീപനത്തിലാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. തുടർന്ന് ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.

2026 ബാച്ചിലെ ഭൂരിഭാഗം വിദ്യാർഥികളും വിവാദപരമായ നീക്കത്തിൽ പങ്കെടുത്തിട്ടില്ലെന്നും അവർ നിരപരാധികളാണെന്നും കൗൺസിൽ പിന്നീട് വിലയിരുത്തി. അതിനാൽ മുഴുവൻ ബാച്ചിനെയും ശിക്ഷിക്കുന്നത് നീതിയുക്തമല്ലെന്ന നിലപാടിൽ ബി.സിഐ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2026 ബാച്ചിലെ എല്ലാ വിദ്യാർഥികൾക്കും തങ്ങൾ തിരഞ്ഞെടുക്കുന്ന സംസ്ഥാന ബാർ കൗൺസിലിൽ അഭിഭാഷകരായി എൻറോൾ ചെയ്യാം. അതേസമയം, പ്രതിഷേധത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും ബി.സി.ഐ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of Indiabar council of indiastudent protestNalsar Law UniversityAdvocate EnrollmentJustice Surya Kant
News Summary - CJI Surya Kant Slams Bar Council Move Against NALSAR Student Protesters
Next Story