യു.എസിലെ പ്രഫഷനൽ കോഴ്സ് പട്ടികയിൽ നിന്ന് നഴ്സിങ് പുറത്ത്; വലിയ തൊഴിൽ ക്ഷാമത്തിന് ഇടയാക്കുമെന്ന് വിമർശനം
text_fieldsവാഷിങ്ടൺ: പ്രഫഷനൽ ബിരുദ പ്രോഗ്രാമുകളുടെ കൂട്ടത്തിൽ നിന്ന് നഴ്സിങ് ബിരുദത്തെ ഔദ്യോഗികമായി ഒഴിവാക്കി യു.എസ് വിദ്യാഭ്യാസ വകുപ്പ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്(ഒ.ബി.ബി.ബി.)'
നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ട്രംപിന്റെ പുതിയ മാറ്റത്തെ രാജ്യവ്യാപകമായുള്ള നഴ്സിങ് സംഘടനകൾ ആശങ്കയോടെയാണ് കാണുന്നത്. 2026 ജനുവരി ഒന്നുമുതൽ പുതിയ നയം നടപ്പാകും. യു.എസിൽ ഡോക്ടർമാർക്ക് തുല്യമായ സേവനം നൽകുന്നവരാണ് നഴ്സുമാർ.
ഈ നീക്കം നഴ്സിങ് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ലഭിക്കുന്ന വായ്പാ തുകയെയും ബാധിക്കും. പ്രഫഷനൽ പട്ടികയിലുള്ള കോഴ്സുകൾക്ക് പ്രതിവർഷം 50,000 ഡോളർ വരെയും മൊത്തും രണ്ടുലക്ഷം ഡോളർ വരെയുമാണ് ഫെഡറൽ വായ്പ ലഭിക്കുന്നത്. നഴ്സിങ് പ്രഫഷനൽ കോഴ്സ് പട്ടികയിൽ നിന്ന് പുറത്തായതോടെ ലഭിക്കുന്ന വായ്പ പരിധി 20,500 ഡോളറായി കുറയും.
നഴ്സിങ് ബിരുദാനന്തര, പിഎച്ച്.ഡി പഠനത്തിന് ഇതിന്റെ പതിൻമടങ്ങ് ചെലവ് വരും. വായ്പ ലഭിക്കാത്തത് വിദ്യാർഥികളുടെ പഠനത്തെ തന്നെ സാരമായി ബാധിക്കും. തുടർന്ന് ഉയർന്ന പലിശയുള്ള വായ്പകളെ ആശ്രയിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകും.
നഴ്സിങ് പ്രാക്ടീഷണർ, നഴ്സ് അനസ്തെറ്റിസ്റ്റ് എന്നീ അഡ്വാൻസ്ഡ് നഴ്സിങ് കോഴ്സുകളെയാണിത് ബാധിക്കുന്നത്. അതോടെ അഡ്വാൻസ്ഡ് നഴ്സിങ് പ്രാക്ടീസിങ് കൂടുതൽ ചെലവേറിയതായി മാറും. തുടർന്ന് സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് പലരും ഉയർന്ന ട്യൂഷൻ ഫീസ് ഉള്ള നഴ്സിങ് പഠനം തന്നെ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. നഴ്സിങ് മേഖലയിൽ യു.എസിൽ വലിയ തൊഴിൽ ക്ഷാമത്തിനും ഇടയാക്കുമെനും അമേരിക്കൻ നഴ്സസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
2024ലെ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 267,000 ലേറെ വിദ്യാർഥികളാണ് ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിങ്(ബി.എസ്.എൻ)കോഴ്സിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരാണ് ഹെൽത്ത്കെയർ സിസ്റ്റത്തിന്റെ ഭാവി. എന്നാൽ അഡ്വാൻസ്‍ഡ് വിദ്യാഭ്യാസം പണച്ചെലവായി മാറുന്നതോടെ നഴ്സിങ് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം ചുരുങ്ങും.
പ്രഫഷനൽ കോഴ്സുകളുടെ പുതിയ പട്ടികയും യു.എസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിങ്ങനെയാണ്:
മെഡിസിൻ
ഫാർമസി
ഡെന്റിസ്ട്രി
ഓപ്റ്റോമെട്രി
നിയമം
വെറ്ററിനറി മെഡിസിൻ
ഓസ്റ്റിയോപതിക് മെഡിസിൻ
പോഡിയാട്രി
ചിരോപ്രാക്റ്റിക്
തിയോളജി
ക്ലിനിക്കൽ സൈക്കോളജി
നഴ്സിങ് പ്രാക്ടീഷണർക്കൊപ്പം ഫിസിഷ്യൻ അസിസ്റ്റന്റ്സ് ഫിസിക്കൽ തെറാപ്പിസ്റ്റ് എന്നിവരെയും പ്രഫഷനൽ കോഴ്സുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

