നഴ്സിങ് കോളജുകളുടെ അഫിലിയേഷൻ പത്തിനകം: ഫീസ് വർധന ആവശ്യം ഫീസ് നിയന്ത്രണ സമിതിക്ക് വിടും
text_fieldsതിരുവനന്തപുരം: സ്വാശ്രയ നഴ്സിങ് കോളജുകളുടെ അഫിലിയേഷൻ നടപടികൾ ജൂൺ പത്തിനകം പൂർത്തിയാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മാനേജ്മെന്റ് അസോസിയേഷനുകളുമായി നടത്തിയ ചർച്ചയിൽ തീരുമാനം. പത്തിനകം ആരോഗ്യ സർവകലാശാലയും കേരള നഴ്സിങ് കൗൺസിലും കോളജുകൾക്കുള്ള അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം നൽകും.
അഫിലിയേഷൻ നടപടികൾ പൂർത്തിയായാൽ നഴ്സിങ് കോളജുകൾക്ക് പ്രവേശന പ്രോസ്പെക്ടസ് പ്രവേശന-ഫീസ് നിയന്ത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനാകും. ഇത് വേഗത്തിലാക്കാനുള്ള നിർദേശം സർക്കാർ നൽകും. പ്രവേശനം തുടങ്ങുന്ന ആഗസ്റ്റ് ഒന്നിനു മുമ്പ് നടപടികൾ പൂർത്തീകരിക്കും. നഴ്സിങ് കോളജുകളിലെ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിലെ ക്ലിനിക്കൽ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ ഉത്തരവിറക്കും. ബി.എസ്സി നഴ്സിങ് ഫീസ് വർധന സംബന്ധിച്ച മാനേജ്മെന്റുകളുടെ ആവശ്യം പരിശോധിക്കാൻ ഫീസ് നിയന്ത്രണ സമിതിക്ക് നിർദേശം നൽകും.
മന്ത്രിക്ക് പുറമെ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, എൽ.ബി.എസ് ഡയറക്ടർ ഡോ.എം. അബ്ദുറഹിമാൻ, സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാവാഹികളായ അയിര ശശി, സജി, ക്രിസ്ത്യൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വിമൽ ഫ്രാൻസിസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

