Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ നിർദേശം; പരീക്ഷാരീതിയിൽ മാറ്റം വേണമെന്ന് നന്ദൻ നിലേകനി

text_fields
bookmark_border
Nandan Nilekani
cancel
camera_alt

നന്ദൻ നിലേകനി

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ നിലവിലെ പരീക്ഷാ രീതി തന്നെ മാറ്റണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി. ഒരൊറ്റ ചോദ്യപേപ്പറിനെ ആശ്രയിച്ചുള്ള സംവിധാനമാണ് ചോർച്ചക്ക് വഴിയൊരുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഒരു ചോദ്യപേപ്പർ ഉണ്ടാകുമ്പോഴാണ് അത് ചോർത്തി വിൽക്കാനുള്ള വിപണിയും ഉണ്ടാകുന്നത്. ഈ വിപണി ഇല്ലാതാക്കണമെങ്കിൽ ഒറ്റ ചോദ്യപേപ്പർ എന്ന സങ്കൽപം തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി രണ്ട് പ്രധാന നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ലക്ഷക്കണക്കിന് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിപുലമായ ചോദ്യ ബാങ്ക് തയ്യാറാക്കുക എന്നതാണ് ആദ്യ നിർദേശം. പരീക്ഷ ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് മാത്രം കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് ഈ ബാങ്കിൽ നിന്ന് യാദൃശ്ചികമായി ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ചോദ്യപേപ്പർ തയ്യാറാക്കുക. അങ്ങനെയായാൽ മുൻകൂട്ടി ചോർത്താൻ ഒരു പേപ്പർ തന്നെ ഉണ്ടാകില്ലെന്നും ചോർത്തി വിൽക്കാനുള്ള സാമ്പത്തിക താൽപര്യവും ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുക എന്നതാണ് രണ്ടാമത്തെ നിർദേശം. പേപ്പർ-പേന രീതി ഒഴിവാക്കി പരീക്ഷകൾ ഡിജിറ്റലാക്കുന്നതോടെ സുരക്ഷ വർധിക്കും. ഇതിനായി രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കണം. നിലവിൽ ഒന്നര ലക്ഷത്തോളം കേന്ദ്രങ്ങളിൽ പരീക്ഷ നടത്താൻ സൗകര്യമുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പർ ചോർന്നതിന് ശേഷം നടപടി എടുക്കുന്നതിന് പകരം ചോർച്ച തന്നെ നടക്കാത്ത രീതിയിൽ സംവിധാനം ശക്തമാക്കുകയാണ് വേണ്ടതെന്നാണ് നിലേകനിയുടെ നിലപാട്. ഇതെല്ലാം വ്യവസ്ഥാപരമായി പരിഹരിക്കേണ്ട വിഷയങ്ങളാണെന്നും ഇക്കാര്യങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച സമിതി ഇതെല്ലാം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ പ്രധാനമന്ത്രിക്ക് താൽപര്യമുണ്ടെന്നും നിലേകനി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nilekani Suggests NEET Reforms
Next Story