വരുന്നോ കാനഡക്ക്? ആലോചിച്ചിട്ട് പറയാം...; വിദേശ പഠനത്തിന് കാനഡ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്
text_fieldsന്യൂഡൽഹി: വിദേശപഠനത്തിനായി കാനഡ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. വിദ്യാർഥി വിസ നിയന്ത്രണങ്ങൾ, സ്റ്റഡി പെർമിറ്റ്, ജോലി നിയമങ്ങളിലെ മാറ്റങ്ങൾ, സ്ഥിരതാമസ അവസരങ്ങളിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന കാരണങ്ങൾ.
ജൂൺ 22ന് ഇന്ത്യയിലെ കനേഡിയൻ ഹൈകമീഷണർ ക്രിസ് കൂട്ടർ, ഇന്ത്യക്കാർക്കുള്ള വാതിലുകൾ കാനഡ അടച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാനഡ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ പരിധിപോലും ഇതുവരെ തൊട്ടിട്ടില്ലെന്നും വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കാൻ ഏറ്റവും അനുയോജ്യ സമയമാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുവാടകയിലെ വർധന, ഗുണനിലവാരമില്ലാത്ത സ്വകാര്യ കോളജുകളുടെ കടന്നുവരവ് എന്നീ ആശങ്കകൾ കാരണം മുൻ വർഷങ്ങളിൽ കാനഡ വിദേശ വിദ്യാർഥികൾക്ക് പരിധി ഏർപ്പെടുത്തിയതായും അദ്ദേഹം സമ്മതിച്ചു.
2024 മുതൽ കാനഡ സർക്കാർ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണം നിയന്ത്രിക്കുകയും, കോളജുകൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി മറ്റു രാജ്യങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നു. ജർമ്മനി, അയർലൻഡ്, ഫ്രാൻസ്, ന്യൂസിലൻഡ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങൾ വിദേശ പഠന ഓപ്ഷനാണ് ഇപ്പോൾ വിദ്യാർഥികൾക്ക് മുന്നിലുണ്ട്. കൂടാതെ, യു.എസ് ഉൾപ്പെടെ മുൻനിര രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും വിദ്യാർഥികളുടെ ഓപ്ഷനായി മാറുന്നുണ്ട്.
അതേസമയം, മികച്ച സർവകലാശാലകളും തൊഴിൽ അവസരങ്ങളും കാരണം കാനഡ ഇപ്പോഴും നിരവധി വിദ്യാർഥികളുടെ ഇഷ്ടരാജ്യമായി തുടരുന്നുണ്ടെങ്കിലും, സമീപകാല നയമാറ്റങ്ങൾ ഇന്ത്യൻ വിദ്യാർഥികളുടെ വിദേശപഠന മുൻഗണനകളിൽ വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
എളുപ്പത്തിൽ വിസ ലഭിക്കുമോ? വർധിച്ചുവരുന്ന വാടക താങ്ങാനാകുമോ? പാർട്ട് ടൈം ജോലികൾ ലഭ്യമാകുമോ? പഠനാനന്തര ജോലി നേടാനും ഒടുവിൽ രാജ്യത്ത് സ്ഥിരതാമസമാക്കാനുമുള്ള സാധ്യതകൾ എന്തൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങളാണ് ഇന്ത്യൻ വിദ്യാർഥികൾ ചോദിക്കുന്നത്. വിദേശപഠന ഉപദേശകരുടെ അഭിപ്രായത്തിൽ, വിദ്യാർഥികൾ ഇനി സർവകലാശാലയുടെ റാങ്കിങ് മാത്രം നോക്കാതെ പഠനചെലവ്, ജോലി സാധ്യത, വിസ ലഭ്യത, സ്ഥിരതാമസ അവസരങ്ങൾ, സുരക്ഷ എന്നിവയും പ്രധാനമായി പരിഗണിച്ചാണ് രാജ്യം തിരഞ്ഞെടുക്കുന്നത്. കാനഡയിലെ ജീവിതച്ചെലവും വാടകയും വർധിച്ചതും തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.
2026 ജനുവരിയിലെ കണക്കനുസരിച്ച് 7,040 പുതിയ വിദേശ വിദ്യാർഥികൾ മാത്രമാണ് കാനഡയിലെത്തിയത്. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 37 ശതമാനം കുറവ്. സാധാരണയായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തുന്ന ആഗസ്റ്റ് മാസത്തിൽ, കഴിഞ്ഞ വർഷം അത് വെറും 45,010 വിദ്യാർഥികൾ മാത്രമാണ് കാനഡയിലെത്തിയത്. എന്നാൽ, മുൻവർഷങ്ങളിൽ 79,725 വരെ ഇത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

