ദലിത് വിരുദ്ധ പോസ്റ്റർ വിവാദത്തിനിടെ പുതിയ ഡയറക്ടറെ നിയമിക്കാൻ ഐ.ഐ.ടി മാണ്ഡി; നടപടികൾക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsന്യൂഡൽഹി: ദലിത് വിരുദ്ധ പോസ്റ്റർ വിവാദത്തിനിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാണ്ഡിയിൽ പുതിയ ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഡയറക്ടർ തസ്തികയിലേക്ക് യോഗ്യരായവരിൽനിന്ന് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു.
നിലവിലെ ഡയറക്ടറായ പ്രഫസർ ലക്ഷ്മീധർ ബെഹ്റയുടെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനത്തിനുള്ള നടപടി. അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 70 വയസ്സ് തികയുന്നതുവരെയോ ആണ് നിയമനം. സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 2,25,000 രൂപയാണ് ഡയറക്ടറുടെ ശമ്പളം. ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും. അകാദമിക് രംഗത്തും ഗവേഷണത്തിലും സ്ഥാപന ഭരണ നേതൃത്വത്തിലും പരിചയവും നേട്ടവും ഉള്ളവരെയാണ് പരിഗണിക്കുക.
ഐ.ഐ.ടി മാണ്ഡിയിൽ അടുത്തിടെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ക്യാമ്പസില്‍ പതിച്ച ദലിത് വിരുദ്ധ പോസ്റ്ററാണ് വിവാദമായത്. ശുദ്രര്‍ സവര്‍ണരെ സേവിക്കേണ്ടവര്‍ എന്ന ജാതീയ മുദ്രാവാക്യമാണ് ഐ.ഐ.ടി മാണ്ഡിയിൽ പതിച്ച പോസ്റ്ററില്‍ ഉള്ളത്. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് പ്രസ്താവന. ഓഡിറ്റോറിയത്തിന് പുറത്ത് ഭഗവത്ഗീത ദി ടൈംലെസ് വിസ്ഡം എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. പോസ്റ്ററുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നതോടെ ഐ.ഐ.ടി മാണ്ഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വിവാദം ശക്തമായതോടെ പരിപാടിയുമായി സ്ഥാപനത്തിന് ഔദ്യോഗിക ബന്ധമില്ലെന്ന് ഐ.ഐ.ടി മാണ്ഡി വ്യക്തമാക്കിയിരുന്നു. പോസ്റ്റർ ക്യാമ്പസിൽ പ്രദർശിപ്പിച്ച വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ജാതിവിവേചനത്തെ സ്ഥാപനം അംഗീകരിക്കുന്നില്ലെന്നും ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മീധർ ബെഹ്റ പ്രതികരിച്ചിരുന്നു.
ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മീധർ ബെഹ്റ നേരത്തേയും വിവാദത്തിലായിരുന്നു. 2023ല്‍ ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലുകളും മേഘവിസ്‌ഫോടനങ്ങളും ഉണ്ടാകുന്നത് മൃഗങ്ങളോടുള്ള ക്രൂരത മൂലമാണെന്ന് പറഞ്ഞിരുന്നു. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുവാന്‍ അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഐ.ഐ.ടി മാണ്ഡിയിലെ ഇന്ത്യന്‍ നോളജ് സിസ്റ്റം ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ആപ്ലിക്കേഷന്‍സ് സെന്റര്‍ ജൂണില്‍ ഭഗവദ്ഗീത, ആയുര്‍വേദം, പുനര്‍ജന്മം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉള്‍പ്പെടുത്തി ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതും വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

