Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ശൂദ്രർ സവർണരെ സേവിക്കേണ്ടവർ’ പോസ്റ്റർ വിവാദം; ക്രിമിനൽ അന്വേഷണത്തിന് പൊലീസിന് കൈമാറാൻ ഐ.​ഐ.ടി മാണ്ഡി, പോസ്റ്റർ പിടിച്ചെടുത്തു

text_fields
bookmark_border
‘ശൂദ്രർ സവർണരെ സേവിക്കേണ്ടവർ’ പോസ്റ്റർ വിവാദം; ക്രിമിനൽ അന്വേഷണത്തിന് പൊലീസിന് കൈമാറാൻ ഐ.​ഐ.ടി മാണ്ഡി, പോസ്റ്റർ പിടിച്ചെടുത്തു
cancel

ഷിംല: ഹിമാചല്‍ പ്രദേശ് ഐ.ഐ.ടി മാണ്ഡി ക്യാമ്പസില്‍ പതിച്ച പോസ്റ്റര്‍ വിവാദത്തില്‍ അന്വേഷണം. ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ശേഷം വിഷയം ക്രിമിനൽ അന്വേഷണത്തിനായി പൊലീസിന് കൈമാറുമെന്ന് ഐ.ഐ.ടി മാണ്ഡി അറിയിച്ചു. പോസ്റ്റർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട സാഹചര്യം പരിശോധിക്കാൻ ഒമ്പതംഗ വസ്തുതാന്വേഷണ സമിതിയെ രൂപവത്കരിച്ചിരുന്നു. വിവാദ പോസ്റ്റർ സമിതി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആരാണ് പോസ്റ്റര്‍ തയ്യാറാക്കിയത്, ആരാണ് പ്രചരിപിച്ചത്, ക്യാമ്പസിലെ പരിപാടിയുടെ ഭാഗമായി അത് മാറാനിടയായ സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവയാണ് അന്വേഷിക്കുക. ശുദ്രര്‍ സവര്‍ണരെ സേവിക്കേണ്ടവര്‍ എന്ന ജാതീയ മുദ്രാവാക്യമാണ് ഐ.ഐ.ടി മാണ്ഡിയിൽ പതിച്ച പോസ്റ്ററില്‍ ഉള്ളത്. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് പ്രസ്താവന. ഓഡിറ്റോറിയത്തിന് പുറത്ത് ഭഗവത്ഗീത ദി ടൈംലെസ് വിസ്ഡം എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. പോസ്റ്ററുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ടെക് സ്‌കൂള്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ കര്‍മ്മം എന്ന ആശയത്തെ പരാമര്‍ശിക്കുകയും ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിവരുമായി ബന്ധപ്പെട്ട കടമകളെ വിവരിക്കുകയും ചെയ്യുന്നതാണ്. ബ്രാഹ്‌മണര്‍ ‘ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക’ എന്നും, ക്ഷത്രിയര്‍ ‘സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കുക’ എന്നും, വൈശ്യര്‍ ‘സമ്പദ്വ്യവസ്ഥയെ നയിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക’ എന്നും ഇതില്‍ പറയുന്നു. ഉയര്‍ന്ന വര്‍ണ്ണത്തിലുള്ളവരെ ‘സേവിക്കുക’ എന്നതാണ് ശൂദ്രരുടെ പങ്കെന്നും പോസ്റ്റർ വിവരിക്കുന്നു.

പോസ്റ്ററിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്. വിവാദം ശക്തമായതോടെ പരിപാടിയുമായി സ്ഥാപനത്തിന് ഔദ്യോഗിക ബന്ധമില്ലെന്ന് ഐ.ഐ.ടി മാണ്ഡി വ്യക്തമാക്കി. വിവിധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പോസ്റ്റർ പ്രദർശിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സ്ഥാപനം പരിപാടി ഔദ്യോഗികമായി സംഘടിപ്പിക്കുകയോ പോസ്റ്ററിലെ ഉള്ളടക്കത്തെ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, പോസ്റ്റർ ക്യാമ്പസിൽ പ്രദർശിപ്പിച്ച വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ജാതിവിവേചനത്തെ സ്ഥാപനം അംഗീകരിക്കുന്നില്ലെന്നും ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മീധർ ബെഹ്റ വ്യക്തമാക്കി. ഐ.ഐ.ടി മാണ്ഡി ഡയറക്ടർ ലക്ഷ്മീധർ ബെഹ്റ നേരത്തേയും വിവാദത്തിലായിരുന്നു. 2023ല്‍ ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടലുകളും മേഘവിസ്‌ഫോടനങ്ങളും ഉണ്ടാകുന്നത് മൃഗങ്ങളോടുള്ള ക്രൂരത മൂലമാണെന്ന് പറഞ്ഞിരുന്നു. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുവാന്‍ അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഐ.ഐ.ടി മാണ്ഡിയിലെ ഇന്ത്യന്‍ നോളജ് സിസ്റ്റം ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ആപ്ലിക്കേഷന്‍സ് സെന്റര്‍ ജൂണില്‍ ഭഗവദ്ഗീത, ആയുര്‍വേദം, പുനര്‍ജന്മം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉള്‍പ്പെടുത്തി ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതും വിവാദത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IIT Mandi Refers Anti Dalit Poster Case to Police
Next Story