നീറ്റ് പരീക്ഷയിൽ തിളങ്ങി പ്രവാസി വിദ്യാർഥി; വിദേശ വിഭാഗം ടോപ്പറായി മുഹമ്മദ് അയാൻ യൂസഫ്
text_fieldsജുബൈൽ: ജൂലൈ 16ന് പ്രസിദ്ധീകരിച്ച നീറ്റ് യു.ജി. 2026 പരീക്ഷയിൽ വിദേശ വിഭാഗത്തിൽ മികച്ച വിജയം കൈവരിച്ച് ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മുഹമ്മദ് അയാൻ യൂസഫ് കോൽനാട് സംസ്ഥാനതല ടോപ്പറായി. 99.9253 ശതമാനം നേടിയ അയാൻ, ദേശീയതലത്തിൽ (ഓൾ ഇന്ത്യ റാങ്ക്) 1442ാം സ്ഥാനവും ഒ.ബി.സി. വിഭാഗത്തിൽ 465ാം റാങ്കും കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്.
പഠനരംഗത്ത് തുടർച്ചയായി മികവ് പുലർത്തുന്ന മുഹമ്മദ് അയാൻ, ഈ വർഷത്തെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ 500-ൽ 485 മാർക്ക് (97 ശതമാനം) നേടി ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ സയൻസ് സ്ട്രീം ടോപ്പറായിരുന്നു. മുമ്പ് സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയിലും പ്രധാന വിഷയങ്ങളിൽ 98 ശതമാനം മാർക്ക് ഈ മിടുക്കൻ നേടിയിട്ടുണ്ട്.
ദേശീയ-അന്തർദേശീയ തലങ്ങളിലെ മുൻ മത്സരപരീക്ഷകളിലും അയാൻ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 2025-ൽ ‘അലൻ ഓവർസീസ്’ നടത്തിയ ടാലൻറക്സ് ടാലൻറ് സെർച്ച് പരീക്ഷയിൽ, 11ാം ക്ലാസ് നീറ്റ് വിഭാഗത്തിൽ സൗദി അറേബ്യയിൽനിന്ന് ഒന്നാം റാങ്ക് നേടിയിരുന്നു. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ സുദാന റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന കാലത്ത്, 2019-ലെ ഇന്ത്യൻ നാഷനൽ സ്പെൽ ബീ മത്സരത്തിൽ ദേശീയതലത്തിൽ ആറാം റാങ്കും അയാൻ സ്വന്തമാക്കിയിരുന്നു.
കർണാടകയിലെ ദക്ഷിണ കന്നഡ വിറ്റാൽ സ്വദേശിയും നിലവിൽ ജുബൈലിൽ എൻജിനീയറുമായ അബ്ദുൽ സമദ് കോൽനാടിെൻറയും നുസൈബയുടെയും മകനാണ് മുഹമ്മദ് അയാൻ. കാസർകോട് ചൂരിയിലെ അബ്ദുല്ല കുഞ്ഞി-റസിയ ദമ്പതികളുടെ മകളും കാസർകോട് നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫിെൻറ സഹോദരീപുത്രിയുമാണ് മാതാവ് നുസൈബ. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈലിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സിദാൻ ഏക സഹോദരനാണ്.
കഠിനാധ്വാനത്തിനൊപ്പം മാതാപിതാക്കളുടെയും അധ്യാപകരുടെയും നിരന്തരമായ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ഉജ്ജ്വല നേട്ടത്തിന് പിന്നിലെന്ന് മുഹമ്മദ് അയാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വലിയ വിജയം കൈവരിച്ച മുഹമ്മദ് അയാന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

