'ക്ലാസ് മുറികളിൽ 'പിൻബെഞ്ചുകാർ' എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു, എല്ലാ കുട്ടികൾക്കും തുല്യ അവസരം ഉറപ്പാക്കണം'; മികച്ച മാതൃക കണ്ടെത്താൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച ചർച്ചക്ക് തുടക്കമിട്ടതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മറ്റൊരു പുതിയ ചർച്ചക്ക് കൂടി തുടക്കമിടുകയാണ്.
സ്കൂൾ ക്ലാസ് മുറികളിലെ 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കി മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ടെന്നും എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
"പ്രിയപ്പെട്ടവരെ, നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു."- എന്നാണ് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ, സ്കൂൾ അവധിക്കാലം ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് ജൂൺ -ജൂലൈയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അഭിപ്രായം തേയിയതിനോട് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

