ഐ.ഐ.എസ്.ടിയിൽ ബി.ടെക്, ഇരട്ട ഡിഗ്രി
text_fieldsകേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) വലിയമല, തിരുവനന്തപുരം 2025-26 വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് (യു.ജി) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
കോഴ്സുകൾ:
- ബി.ടെക്-എയ്റോസ്പേസ് എൻജിനീയറിങ്, നാലു വർഷം, സീറ്റുകൾ 75.
- ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്), നാലു വർഷം, സീറ്റുകൾ 75.
- ബി.ടെക്-കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ്), നാലു വർഷം, സീറ്റുകൾ 36.
- ഡ്യൂവൽ ഡിഗ്രി (ബി.ടെക് ആൻഡ് എം.എസ്/എം.ടെക്) അഞ്ചു വർഷം-സീറ്റുകൾ 24. എം.എസ് (മാസ്റ്റർ ഓഫ് സയൻസ്) പ്രോഗ്രാമിൽ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സും സോളിഡ് സ്റ്റേറ്റ് ഫിസിക്സും എം.ടെക് പ്രോഗ്രാമിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനീയറിങ് എന്നിവ സ്പെഷലൈസ് ചെയ്ത് പഠിക്കാം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 വഴിയാണ് ഐ.ഐ.എസ്.ടി ‘യു.ജി’ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-നോൺ ക്രീമിലെയർ വിഭാഗങ്ങളിൽ പെടുന്നവർ 2000 ഒക്ടോബർ ഒന്നിനുശേഷവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർ 1995 ഒക്ടോബർ ഒന്നിനുശേഷവും ജനിച്ചവരാകണം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കം അഞ്ചു വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 65 ശതമാനം മാർക്ക് മതിയാകും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 പരീക്ഷയിൽ ജനറൽ വിഭാഗക്കാർ മൊത്തത്തിൽ 20 ശതമാനം മാർക്കിൽ കുറയാതെയും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഓരോ വിഷയത്തിനും അഞ്ചു ശതമാനം മാർക്കിൽ കുറയാതെയും നേടണം. ഇ.ഡബ്ല്യ.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് യഥാക്രമം 18 ശതമാനം, 4.5 ശതമാനം മാർക്കും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് യഥാക്രമം 10 ശതമാനം, 2.5 ശതമാനം മാർക്കും മതിയാകും. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 സ്കോർ അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം.
പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും https://admission.iist.ac.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ ജൂൺ ഒമ്പത് വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 1000 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്കും 500 രൂപ. റാങ്ക്ലിസ്റ്റ് ജൂൺ 11 ന് പ്രസിദ്ധപ്പെടുത്തും. ജൂൺ 13-ജൂലൈ മൂന്നു വരെയാണ് സീറ്റ് അലോട്ട്മെന്റ്/അക്സപ്റ്റൻസ് റൗണ്ടുകൾ.ആവശ്യമുള്ളപക്ഷം സ്പോട്ട് അഡ്മിഷൻ നടത്തും.
സെമസ്റ്റർ ട്യൂഷൻ ഫീസ് 62500 രൂപ അടക്കം വിവിധ ഇനങ്ങളിലായി മൊത്തം 91,700 രൂപ വീതം എല്ലാ സെമസ്റ്ററിലും അടക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസില്ല. വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപക്ക് താഴെയുള്ള ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങളിൽപെടുന്നവർക്കും ട്യൂഷൻഫീസ് വേണ്ട. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

