Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightകേൾക്കാനാകാത്തവർക്ക്...

കേൾക്കാനാകാത്തവർക്ക് ശബ്ദം ദൃശ്യമാക്കാൻ 15കാരൻ; പത്താംക്ലാസ് വിദ്യാർഥിയുടെ എ.ഐ കണ്ണട സൂപ്പർ

text_fields
bookmark_border
Delhi Schoolboy Uses AI to Change Lives
cancel

ന്യൂഡൽഹി: നാലാം ക്ലാസിലായിരുന്നപ്പോഴാണ് ഡൽഹി സ്വദേശിയായ പരസ് ടിക്കൂ കോഡിങ്ങിനെക്കുറിച്ച് പഠിച്ചു തുടങ്ങുന്നത്. വർഷങ്ങളായി പഠനം മുന്നേറിക്കൊണ്ടിരുന്നു. എന്നാൽ, അതിനിടെ കാഴ്ച-കേൾവി പരിമിതർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരസ് ചിന്തിച്ചു തുടങ്ങി. ‘ദൈനംദിന ആശയവിനിമയം എളുപ്പമാക്കാൻ സാങ്കേതികവിദ്യ സഹായിക്കുമോ?’ എന്ന ചോദ്യവും പരസിന്റെ മനസ്സിൽ ഉയർന്നു. ആ ചോദ്യം എത്തിനിന്നത് കേൾവി പരിമിതിയുള്ളവരുടെ ജീവിതം എളുപ്പമാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലായിരുന്നു.

ശബ്ദങ്ങളെയും സംഭാഷണങ്ങളെയും ദൃശ്യവിവരങ്ങളാക്കി മാറ്റുകയാണ് ന്യൂഡൽഹിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ പരസ് വികസിപ്പിച്ച ‘ഹിയർ ബ്രൈറ്റ്’ (Hear Bright) എന്ന എ.ഐ സ്മാർട്ട് ഗ്ലാസ് പ്രോട്ടോടൈപ്പ്. കേൾവി പരിമിതിയുള്ളവർക്കും ദൈനംദിന ആശയവിനിമയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരരുതെന്ന ആശയത്തിലാണ് 15കാരന്റെ സ്മാർട്ട് ഗ്ലാസിന്റെ രൂപകൽപ്പന. ‘ജീവിതത്തിനുള്ള സബ്ടൈറ്റിലുകൾ’ എന്നാണ് പരസ് തന്റെ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കുന്നത്. അവരുടെ ലോകത്ത് ശബ്ദത്തിന്റെ കുറവുണ്ടാകാം, പക്ഷേ ഒരിക്കലും ബന്ധത്തിന്റെ കുറവുണ്ടാകരുത് എന്നും പരസ് പറയുന്നു.

നാലാം ക്ലാസിൽ തുടങ്ങിയ കോഡിങ് യാത്ര

നാലാം ക്ലാസിലാണ് പരസ് ആദ്യമായി കോഡിങ് പഠിക്കുന്നത്. 2021 മുതൽ കോഡിംഗൽ (Codingal) വഴി പഠനം തുടർന്നു. വിഷ്വൽ പ്രോഗ്രാമിങ്ങിൽനിന്ന് വെബ് ഡെവലപ്മെന്റ്, ​പൈത്തൺ, കമ്പ്യൂട്ടർ വിഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലേക്ക് പഠനം വ്യാപിപ്പിച്ചു.

ഫേസ് ഡിറ്റക്ഷൻ ആപ്ലിക്കേഷനും കൈകളുടെ ചലനം തിരിച്ചറിഞ്ഞ് ചിത്രങ്ങൾ വരക്കാൻ കഴിയുന്ന സംവിധാനവും ഉൾപ്പെടെ പരസ് നേരത്തെ വികസിപ്പിച്ചിരുന്നു. പിന്നീട് കേൾവിപരിമിതിയുള്ളവരുടെ ആശയവിനിമയ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് പുതിയ പരീക്ഷണമെന്ന ആശയം രൂപപ്പെട്ടത്. സ്വന്തം നാട്ടിലെ സരാൻഷ് എന്ന കുട്ടിയുടെ അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് ഹിയർ ബ്രൈറ്റിനെ കുറിച്ച് കൂടുതൽ ചിന്തിച്ചുതുടങ്ങിയതെന്നും പരസ് പറയുന്നു.

ശബ്ദം ഇനി കാഴ്ചയിലൂടെ

മൈക്രോഫോണിലൂടെ ലഭിക്കുന്ന സംഭാഷണം ടെക്സ്റ്റാക്കി കണ്ണടയിലെ ഡിസ്‍പ്ലേയിൽ കാണിക്കുക എന്നതാണ് ഹിയർ ബ്രൈറ്റിന്റെ പ്രധാന പ്രവർത്തനം. ഇതിലൂടെ ചുറ്റുമുള്ളവർ പറയുന്ന കാര്യങ്ങൾ, കേൾവി പരിമിതിയുള്ളവർക്ക് ദൃശ്യമായി മനസ്സിലാക്കാൻ സാധിക്കും. ഒരു മൈക്രോഫോൺ സംഭാഷണം പകർത്തി അത് ധരിക്കുന്നയാൾക്ക് കാണാൻ കഴിയുന്ന ദൃശ്യമാക്കി മാറ്റും. അലാറം, സൈറൺ തുടങ്ങിയ പ്രധാനപ്പെട്ട പരിസ്ഥിതി ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് ദൃശ്യ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും പരസ് വികസിപ്പിക്കുന്നുണ്ട്.

കാമറ, മൈക്രോഫോൺ, സ്പീക്കർ, ഡിസ്‍പ്ലേ മോഡ്യൂൾ, കൺട്രോൾ സംവിധാനങ്ങൾ, മൈക്രോകൺട്രോളർ എന്നിവ ചേർന്നതാണ് നിലവിലെ പ്രോട്ടോടൈപ്പ്. 3ഡി പ്രിന്റ് ചെയ്ത ഫ്രെയിമിലാണ് ഉപകരണം ഒരുക്കിയിരിക്കുന്നത്.

ഹിയർ ബ്രൈറ്റ് ഇപ്പോഴും ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. അതിനാൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ കേൾവിപരിമിതിയുള്ളവരുടെ അഭിപ്രായങ്ങൾക്കാണ് പരസ് പ്രാധാന്യം നൽകുന്നത്. എൻ.ജി.ഒകളുമായി സഹകരിച്ച് ഉപകരണത്തിന്റെ ഉപയോഗം, എന്തൊക്കെ മാറ്റണം എന്നിവ മനസ്സിലാക്കുകയാണ് ഇപ്പോൾ പരസ്. ഭാവിയിൽ കണ്ണട കൂടുതൽ ഭാരം കുറഞ്ഞതും വയർലെസുമായും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ രീതിയിലും വികസിപ്പിക്കുകയാണ് ലക്ഷ്യം.

ആംഗ്യഭാഷയും തിരിച്ചറിയും

നിലവിൽ കേൾവിപരിമിതിയുള്ളവരുടെ ആശയവിനിമയത്തിന് കൂടുതൽ സഹായകരമാക്കാൻ തിരഞ്ഞെടുത്ത ഇന്ത്യൻ ആംഗ്യഭാഷകളും മറ്റ് കസ്റ്റം ആംഗ്യങ്ങളും തിരിച്ചറിയുന്ന സംവിധാനം വികസിപ്പിക്കുകയാണ് പരസ്. തിരിച്ചറിഞ്ഞ ആംഗ്യങ്ങളെ ശബ്ദമായി പുറത്തുവിടുകയാണ് ലക്ഷ്യം. ഇതോടെ ഒരാൾ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ മറുവശത്തുള്ള വ്യക്തിക്ക് അത് ശബ്ദത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഹാർഡ്‌വെയറിനേക്കാൾ സങ്കീർണമായ പ്രശ്നമാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ ആംഗ്യങ്ങൾ കൃത്യമായി തിരിച്ചറിയുക എന്നതെന്ന് പരസ് പറയുന്നു. വ്യക്തിയുടെ സ്ഥാനം, ചലനത്തിന്റെ വേഗത, വെളിച്ചം, കാമറയുടെ ആങ്കിൾ എന്നിവ മാറുമ്പോൾ എ.ഐ മോഡലിന്റെ കൃത്യതയെ അത് ബാധിക്കും. ഇതിനായി വിവിധ ആംഗ്യങ്ങളുടെ ഡാറ്റ ശേഖരിക്കുകയും കൈകളുടെ ചലനം കമ്പ്യൂട്ടർ വിഷൻ ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയും മോഡലിനെ തുടർച്ചയായി പരിശീലിപ്പിക്കുകയും ചെയ്യുകയാണ് പരസ്.

ലക്ഷ്യം ഐ.ഐ.ടി, റോൾ മോഡൽ മസ്ക്

ഇലോൺ മസ്ക് ആണ് പരസിന്റെ റോൾ മോഡൽ. വലിയ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള സമീപനമാണ് മസ്കിനെ ഇഷ്ടപ്പെടാൻ കാരണമെന്ന് പരസ് പറയുന്നു. ഭാവിയിൽ ഐ.ഐ.ടിയിൽ പഠിച്ച് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും ഹിയർ ​ബ്രൈറ്റ് പോലുള്ള ആശയങ്ങളെ വലിയ തോതിൽ പ്രായോഗികമാക്കണമെന്നുമാണ് പരസിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്തുമ്പോഴാണ് അതിന് യഥാർഥ അർഥമുണ്ടാകുന്നത് എന്നതാണ് താൻ പഠിച്ചതെന്ന് പരസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceElon MuskinnovationDelhiSchoolboyTechnology
News Summary - Delhi school Boy Uses AI to Change Lives Inspired by Elon Musk
Next Story