Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാപ്‌ടോപ്പില്ലാതെ കോഡിങ് പഠിപ്പിച്ച് മുൻ ഐഐടി വിദ്യാർഥി; പ്രശാന്ത് ചൗധരിക്ക് രോഹിണി നയ്യാർ പുരസ്‌കാരം

text_fields
bookmark_border
ലാപ്‌ടോപ്പില്ലാതെ കോഡിങ് പഠിപ്പിച്ച് മുൻ ഐഐടി വിദ്യാർഥി; പ്രശാന്ത് ചൗധരിക്ക് രോഹിണി നയ്യാർ പുരസ്‌കാരം
cancel

ഡൽഹി: ലാപ്‌ടോപ്പും കമ്പ്യൂട്ടർ ലാബും ഇംഗ്ലീഷ് അധ്യാപകരും ഇല്ലെങ്കിൽ കോഡിങ് പഠിക്കാനാവില്ലെന്ന ധാരണ തിരുത്തുകയാണ് ഉത്തർപ്രദേശുകാരനായ പ്രശാന്ത് ചൗധരി. മീററ്റിനടുത്തെ ചെറിയ ഗ്രാമത്തിൽ നിന്ന് ഐ.ഐ.ടി ഡൽഹിയിലെത്തിയ പ്രശാന്ത് സ്ഥാപിച്ച കോഡ്‌യോഗി ഫൗണ്ടേഷൻ ആണ് ഇതിന് പിന്നിൽ. ഒമ്പത് സംസ്ഥാനങ്ങളിലെ മൂന്നര ലക്ഷം ഗ്രാമീണ വിദ്യാർഥികൾക്കാണ് ഇന്ന് കൈയ്യിലെ സാധാരണ ഫോണിലൂടെ ആർട്ടിഫിഷൽ ഇന്‍റലിജൻസും കോഡിംഗും പഠിപ്പിക്കുന്നത്.

ഈ മാതൃകക്ക് രാജ്യത്തെ പരമോന്നത ഗ്രാമവികസന പുരസ്‌കാരങ്ങളിലൊന്നായ രോഹിണി നയ്യാർ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. 10 ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് പുരസ്‌കാരം. ഗ്രാമവികസന മേഖലയിലെ മികവിനാണ് അഞ്ചാമത് രോഹിണി നയ്യാർ പുരസ്‌കാരം പ്രശാന്തിനെ തേടിയെത്തിയത്.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരു വിദ്യാർഥിയാണ് പ്രശാന്തിന്റെ ഈ ആശയത്തിന് പിറകിൽ. ലാപ്‌ടോപ്പ് ഇല്ലാതെ പഴയൊരു സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് എഞ്ചിനീയറിംഗ് ബിരുദധാരികളെ പോലും വെല്ലുന്ന വേഗത്തിൽ കോഡിംഗ് പഠിച്ചെടുത്ത ആ വിദ്യാർഥിയാണ് ഒരു ഫോൺ മതി പഠനം തുടങ്ങാൻ എന്ന ആശയത്തിലേക്ക് പ്രശാന്തിനെ എത്തിച്ചത്. 2014-ൽ വീടിന്റെ ടെറസിലും ഇടനാഴികളിലും ഇന്റർനെറ്റ് കിട്ടുന്ന ഇടങ്ങളിലൊക്കെ ക്ലാസുകൾ നടത്തിയാണ് അദ്ദേഹം തുടങ്ങിയത്.

2010-ൽ സ്വന്തം ഗ്രാമത്തിൽ നിന്ന് ആദ്യമായി ഐ.ഐ.ടിയിലെത്തി ചരിത്രം കുറിച്ച പ്രശാന്ത്, പിന്നീട് കോഡ്‌ക്യാമ്പ്, ഡെവ്‌സ്‌ലെയ്ൻ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു. നഗരത്തിരക്കിൽ നിന്ന് മാറി 2019 ലാണ് ഗ്രാമങ്ങളിലെ കുട്ടികൾക്കായി കോഡ്‌യോഗി ഫൗണ്ടേഷന് തുടക്കമിട്ടത്.

കോഡ്‌യോഗിയുടെ രീതി ലളിതമാണ്. സ്വന്തമായി കമ്പ്യൂട്ടർ വേണമെന്നില്ല. കൂടാതെ ഇംഗ്ലീഷ് അറിയണമെന്നുമില്ല. വീട്ടിലെ സാധാരണ ഫോണിൽ ഇന്ത്യൻ ഭാഷകളിൽ തന്നെ എ.ഐ പഠിക്കാം. കുട്ടികൾക്ക് അവരുടെ പഠനത്തിനും വീട്ടിലെ ആവശ്യങ്ങൾക്കും പറ്റുന്ന രീതിയിൽ യഥാർത്ഥ എ.ഐ ടൂളുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന 30 ദിവസത്തെ പ്രായോഗിക കോഴ്സാണ് ഇപ്പോൾ നൽകുന്നത്.

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 120 ജില്ലകളിലായി 3.5 ലക്ഷം കുട്ടികളിലേക്ക് എത്തിയതായി പ്രശാന്ത് പറയുന്നു. ഇത് ഇന്ത്യയുടെ 30 ശതമാനം ഭൂപ്രദേശമാണ്. കോഡിങ്ങിന് പുറമെ കഥകളിലൂടെയും ആനിമേഷൻ വീഡിയോകളിലൂടെയും ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കുന്ന സംവിധാനവും ഫൗണ്ടേഷൻ ഒരുക്കുന്നുണ്ട്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയായിരുന്ന ഡോ. രോഹിണി നയ്യാറുടെ ഓർമക്കായി 2022-ൽ തുടങ്ങിയതാണ് ഈ പുരസ്‌കാരം. ജെ.എൻ.യു മുൻ വൈസ് ചാൻസലറായ ദീപക് നയ്യാർ അടക്കമുള്ളവർ ഉൾപ്പെട്ട നയ്യാർ ഫൗണ്ടേഷനാണ് പുരസ്‌കാരം നൽകുന്നത്. ഒരു ദശലക്ഷം വിദ്യാർഥികളിലേക്ക് എത്തുകയാണ് കോഡ്‌യോഗിയുടെ അടുത്ത ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coding Revolution In Villages
Next Story