മാനസികാരോഗ്യ ചികിത്സയിൽ തെറാപ്പി സെഷന്‍റെ ചെലവ് ഹെൽത്ത് ഇൻഷുറൻസ് കവർ ചെയ്യുമോ?
text_fieldsന്യൂഡൽഹി: മാനസികാരോഗ്യ ചികിത്സകൾക്ക് നിയമപരമായി ഇൻഷുറൻസ് പരിരക്ഷക്ക് അവകാശമുണ്ടെങ്കിലും, പ്രായോഗികതലത്തിൽ പല തെറാപ്പി ക്ലെയിമുകളും പരാജയപ്പെടാറുണ്ട്. ആശുപത്രി പ്രവേശനവും ചില ആപ്പുകൾ വഴിയുള്ള പരിമിതമായ കൗൺസിലിങ്ങും മാത്രം കവർ ചെയ്യുകയും, പതിവായുള്ള ഔട്ട്പേഷ്യന്‍റ് സെഷനുകൾ കവർ ചെയ്യാതിരിക്കുകയും ചെയ്യുന്ന പോളിസി വ്യവസ്ഥകളാണ് ഇതിന് പ്രധാന കാരണം.
ഒരു തെറാപ്പി സെഷന് 2,000 രൂപയോ അതിൽ കൂടുതലോ ചെലവ് വരാം. ആഴ്ച തോറും തെറാപ്പിസ്റ്റിനെ കാണുന്ന ഒരാൾക്ക് മാസത്തിൽ കുറഞ്ഞത് 8,000 രൂപയും വർഷത്തിൽ 1 ലക്ഷം രൂപയിലധികവും ചെലവാകുന്നു. ഇൻഷുറൻസിന് വാർഷിക പ്രീമിയം അടയ്ക്കുന്ന ഒരാളെ സംബന്ധിച്ച് ഇതൊരു വലിയ ചിലവാണ്.
2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിലെ സെക്ഷൻ 21(4) പ്രകാരം, ശാരീരിക രോഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷക്ക് തുല്യമായി മാനസിക രോഗങ്ങളുടെ ചികിത്സക്കും ഇൻഷുറൻസ് നൽകാൻ ഇൻഷുറർമാർ ബാധ്യസ്ഥരാണ്. ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയും ഇത് പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മാനസികാരോഗ്യം നിയമപരമായി കവർ ചെയ്യപ്പെടുന്നതും നിങ്ങളുടെ ഇൻഷുറൻസ് കമ്പനി തെറാപ്പി സെഷനുകൾക്ക് യഥാർഥത്തിൽ പണം നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ചില പോളിസികൾ ആശുപത്രി വാസം മാത്രം കവർ ചെയ്യുമ്പോൾ, മറ്റ് ചിലവ തെരഞ്ഞെടുത്ത ആപ്പുകൾ വഴി പരിമിതമായ കൗൺസിലിങ് നൽകും. നിങ്ങൾ ആഗ്രഹിക്കുന്ന തെറാപ്പിസ്റ്റിന്റെ അപ്പോയിന്റ്മെന്റുകൾക്ക് ഇൻഷുറൻസ് പണം ലഭിക്കണമെന്നില്ല. ശാരീരിക രോഗങ്ങൾക്ക് നൽകുന്ന അതേ രീതിയിൽ തന്നെ മാനസിക രോഗങ്ങൾക്കും കവറേജ് നൽകണമെന്ന് നിയമം വ്യക്തമാക്കുന്നു. 2018 ആഗസ്റ്റിലും തുടർന്ന് 2022 ഒക്ടോബറിലും ഐ.ആർ.ഡി.എ.ഐയിലും ഇത് നിർദ്ദേശിച്ചിട്ടുണ്ട്. മാനസിക രോഗമുള്ളവരുടെ അപേക്ഷകൾ ആ ഒരു കാരണം കൊണ്ട് മാത്രം നിരസിക്കരുതെന്നും അതോറിറ്റി ആവശ്യപ്പെടുന്നു.
എന്നാൽ, എല്ലാ മാനസികാരോഗ്യ ചിലവുകളും തിരികെ ലഭിക്കില്ല. ഹോസ്പിറ്റലൈസേഷൻ പോളിസി സ്വയം ഒരു ഔട്ട്പേഷ്യന്റ് പോളിസിയായി മാറില്ല. ആശുപത്രിക്ക് പുറത്തുള്ള തെറാപ്പി കവറേജിനായി പോളിസിയിൽ ബാധകമായ ഒ.പി.ഡി ബെനഫിറ്റോ, സൈക്കോതെറാപ്പി/കൗൺസിലിങ് ബെനഫിറ്റോ ഉണ്ടായിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തമായി തെരഞ്ഞെടുക്കുന്ന തെറാപ്പിസ്റ്റ് vs ആപ്പ് വഴിയുള്ള സെഷനുകൾ: ചില പോളിസികൾ കമ്പനിയുടെ സ്വന്തം ആപ്പ് വഴി നിശ്ചിത എണ്ണം വെർച്വൽ സെഷനുകൾ നൽകാറുണ്ട്. എന്നാൽ ഇത് സ്വന്തമായി തെരഞ്ഞെടുക്കുന്ന തെറാപ്പിസ്റ്റിന്റെ ചിലവ് റീഇംബേഴ്സ് ചെയ്യുന്നതിന് തുല്യമല്ല.
തെറാപ്പി, കൗൺസിലിങ്, സൈക്യാട്രിക് ചികിത്സ എന്നിവ വ്യത്യസ്തമാണ്: ആശുപത്രി വാസം, ഡോക്ടർമാരുടെ കൺസൾട്ടേഷൻ, മരുന്നുകൾ, സൈക്കോതെറാപ്പി എന്നിവയ്ക്ക് വ്യത്യസ്ത പരിധികളായിരിക്കും ഉണ്ടാകുക.
ക്ലെയിമുകൾ നിരസിക്കപ്പെടാൻ ഇടയാക്കുന്ന നിബന്ധനകൾ
ചികിത്സ ലഭിക്കുന്ന സ്ഥലം: ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് അല്ലെങ്കിൽ ആപ്പ് വഴിയുള്ള സെഷനുകൾ എന്നിവയിൽ ഏതിനാണ് കവറേജ് ഉള്ളതെന്ന് പരിശോധിക്കുക.
സാമ്പത്തിക പരിധികൾ: ഒരു സെഷന് നൽകുന്ന പരമാവധി തുക, പ്രതിവർഷ പരിധി, കൊ-പേയ്മെന്റ് വ്യവസ്ഥകൾ എന്നിവ ശ്രദ്ധിക്കുക.
വെയ്റ്റിങ് പിരീഡ്: മുൻപുള്ള രോഗങ്ങൾക്ക് IRDAI നിഷ്കർഷിച്ചിട്ടുള്ള വെയ്റ്റിങ് പിരീഡ് പരിധി പരമാവധി 36 മാസമാണ്.
5 മിനിറ്റിൽ നിങ്ങളുടെ പോളിസി എങ്ങനെ പരിശോധിക്കാം?
പോളിസി ഷെഡ്യൂളും സി.ഐ.എസും പരിശോധിക്കുക: പോളിസി വിവരങ്ങളുടെ ചുരുക്കം നൽകുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് (CIS) വായിക്കുക.
പ്രധാന വാക്കുകകൾ തിരയുക: "OPD", "Outpatient", "Psychotherapy", "Psychologist", "Counselling", "Psychiatric", "Mental illness" എന്നീ വാക്കുകൾ പോളിസി രേഖകളിൽ തിരയുക.
പോളിസിയിൽ തെറാപ്പി കവറേജ് ഇല്ലെങ്കിൽ എന്ത് ചെയ്യണം?
എംപ്ലോയർ ബെനഫിറ്റുകൾ: ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നൽകുന്ന എംപ്ലോയി അസിസ്റ്റൻസ് പ്രോഗ്രാമുകൾ (EAP) വഴിയുള്ള കൗൺസിലിങ് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
പോളിസി മാറ്റങ്ങൾ: പുതിയ കവറേജുകൾ കൂട്ടിച്ചേർക്കുമ്പോഴോ പോളിസി മാറുമ്പോഴോ വെയ്റ്റിങ് പിരീഡുകളും നിബന്ധനകളും കൃത്യമായി മനസ്സിലാക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

