Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസംഘർഷം കനക്കുന്നു,...

സംഘർഷം കനക്കുന്നു, എന്നാൽ സ്വർണം- വെള്ളി വില കുറയുന്നു; കാരണങ്ങൾ അറിയാം

text_fields
bookmark_border
സംഘർഷം കനക്കുന്നു, എന്നാൽ സ്വർണം- വെള്ളി വില കുറയുന്നു; കാരണങ്ങൾ അറിയാം
cancel

ലോകത്ത് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുവായ് സംഭവിക്കുന്ന ഒരു കാര്യമാണ് സ്വർണം, വെള്ളി ലോഹങ്ങളുടെ വില വർധിക്കുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും സ്വർണത്തിനും വെള്ളിക്കും വില കുറയുകയാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1.7 ശതമാനം കുറഞ്ഞു. ആഭ്യന്തര വിപണിയിലാകട്ടെ എം.സി.എക്സ് സ്വർണ്ണ വില തിങ്കളാഴ്ച്ച 10 ഗ്രാമിന് 0.96% കുറഞ്ഞ് 1,60,077 രൂപയും വെള്ളി വില 2.67% കുറഞ്ഞ് കിലോക്ക് 2,61,135 രൂപയുമായി.

യു.എസും ഇസ്രോയേലും ഇറാനെ ആക്രമിച്ചത് മുതൽ ആരംഭിച്ച യുദ്ധാന്തരീക്ഷം ഗൾഫ് രാജ്യങ്ങളിലുടനീളം ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. തുടർച്ചയായ ഈ സംഘർഷം ഊർജ വിപണികളെയും ബാധിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ദീർഘകാല തടസമുണ്ടാകുമെന്ന ഭയത്താൽ, നിരവധി പ്രധാന മിഡിൽ ഈസ്റ്റേൺ എണ്ണ ഉൽപ്പാദകർ വിതരണം വെട്ടിക്കുറച്ചതായി റിപ്പോർട്ടുണ്ട്. തൽഫലമായി ക്രൂഡ് ഓയിൽ വില 20% ത്തിലധികം ഉയർന്ന് ബാരലിന് 110 ഡോളർ കവിഞ്ഞു.

ക്രൂഡ് ഓയിൽ വില വർധിച്ചതും, രാജ്യങ്ങൾക്കിടയിൽ സംഘർഷാവസ്ഥകൾ ഉടലെടുക്കുമ്പോഴും സുരക്ഷിത നിക്ഷേപങ്ങൾ എന്ന നിലയിൽ ആവശ്യകത കൂടുന്ന സ്വർണത്തിനും വെള്ളിക്കും വില കുറയുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

അതിന് പ്രധാന കാരണങ്ങളിലൊന്ന് ഡോളർ ശക്തി പ്രാപിക്കുന്നതാണ്. മൂന്ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ നിലവിൽ സ്ഥിതിചെയ്യുന്നത്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറൻസികളെയും ബാധിച്ചു. ഉയരുന്ന ഡോളറിനെതിരെ യൂറോയും ബ്രിട്ടീഷ് പൗണ്ടും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. ആസ്‌ട്രേലിയൻ ഡോളർ ദുർബലമായി. അനിശ്ചിതകാലങ്ങളിൽ സുരക്ഷിത കറൻസിയായി കണക്കാക്കപ്പെടുന്ന സ്വിസ് ഫ്രാങ്ക് പോലും ഇടിഞ്ഞു. മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതായതിനാൽ വിപണിയിൽ ഈ ലോഹങ്ങൾക്ക് ആവശ്യകത കുറഞ്ഞു. അങ്ങനെ വിലയും കുറഞ്ഞു.

യു.എസിന്‍റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ കുറച്ചേക്കില്ല എന്ന കണക്കുകൂട്ടലുകളാണ് മറ്റൊരു കാരണം. പണപ്പെരുപ്പം വർധിച്ചേക്കാമെന്നതിനാൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറച്ചേക്കില്ല. പണപ്പെരുപ്പം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്കുകൾ സാധാരണയായി പലിശ നിരക്കുകൾ ഉയർന്ന നിലയിൽ നിലനിർത്താറുണ്ട്. മാർച്ച് 18 ന് നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന് നിക്ഷേപകർ കരുതുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ മൂല്യം നിലനിർത്താൻ സാധ്യതയുള്ളതിനാൽ സ്വർണത്തെ സുരക്ഷിത ആസ്തിയായി കണക്കാക്കുന്നു. എന്നിരുന്നാലും, സ്വർണ വിലയിലെ ശക്തമായ വർധന ചില നിക്ഷേപകരെ ലാഭമെടുക്കാൻ പ്രേരിപ്പിച്ചു. അതേസമയം, ഓഹരി വിപണികളിലെ കനത്ത നഷ്ടം ചില നിക്ഷേപകർക്ക് സാമ്പത്തിക സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. ഓഹരികളിൽ നിക്ഷേപകർക്ക് പണം നഷ്ടപ്പെടുമ്പോൾ, പണം ലഭിക്കുന്നതിനായി ലാഭകരമായ നിക്ഷേപങ്ങൾ വിൽക്കുന്നു. ഈ സാഹചര്യത്തിൽ, ചില നിക്ഷേപകർ സ്വർണവും വെള്ളിയും വിറ്റു. ഇതും സ്വർണം, വെള്ളി വില കുറയാൻ കാരണമായി.

ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ സ്വർണം വിൽക്കുന്നുവെന്ന മാർക്കറ്റ് കിംവദന്തികളും നിക്ഷേപകരുടെ വികാരത്തെ ദുർബലപ്പെടുത്തി. ഇത്തരം ആശങ്കകൾ സാമ്പത്തിക വിപണികളിൽ ജാഗ്രത വർധിപ്പിച്ചു. സ്വർണ വില നേരത്തെ തന്നെ കുത്തനെ ഉയർന്നിരുന്നത് പുതിയ നിക്ഷേപങ്ങളെ പരിമിതപ്പെടുത്തി. ഇതും വില കുറയാൻ കാരണമായതായി കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കെഡിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stockmarketsilverGold RateMiddle East ConflictIsrael Iran War
News Summary - Conflict Intensifies, But Gold and Silver Prices Fall; Here’s Why
Next Story